ദുബായ്: രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത് 1244 വിമാനങ്ങള്‍; ടെര്‍മിനല്‍ വണ്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴയെത്തുടര്‍ന്നാണ് ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്
ചൊവ്വാഴ്ച യുഎഇയില്‍ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റദ്ദാക്കിയത് 1244 വിമാനങ്ങള്‍. വ്യാഴാഴ്ച രാവിലെ വരെ 41 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി ദുബായ് വിമാനത്താവള വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറിനുള്ളില്‍ സാധാരണനിലയില്‍ ആരംഭിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനഃരാരംഭിച്ചിട്ടുണ്ട്. 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴയെത്തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത്.
'മുമ്പൊരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇത്രയധികം വിമാനങ്ങള്‍ റദ്ദാക്കുകയോ വഴിതിരിച്ച് വിടേണ്ടി വരികയോ ചെയ്യുന്നത് വളരെക്കാലത്തിന് ശേഷം ഇതാദ്യമായാണ്. മുമ്പും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് 19 വ്യാപനത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നത്', ഓൺലൈൻ വിമാന ബുക്കിംഗ് ഏജൻസിയായ മുസാഫിര്‍ ഡോട്ട് കോമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
എയര്‍ പോര്‍ട്ടിലെ ടെർമിനൽ വണ്ണിന്റെ പ്രവർത്തനം ഭാഗികമായി പുനസ്ഥാപിച്ചതായാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിവരം. 24 മണിക്കൂറിനുള്ളില്‍ എയര്‍ പോര്‍ട്ട് പ്രവര്‍ത്തനം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ പോര്‍ട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാജിദ് അല്‍ ജോക്കര്‍ പറഞ്ഞു. ''ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 3 എന്നിവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്,'' എന്ന് അദ്ദേഹം പറഞ്ഞു.
'' അപ്രതീക്ഷിതമായ കാലാവസ്ഥ മാറ്റം കാരണം ആദ്യ ദിവസം തന്നെ വിമാനത്താവളത്തിന്റെ ശേഷി കാര്യമായി കുറഞ്ഞിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി പതിവിലും കൂടുതലായിരുന്നു. അവര്‍ക്ക് കഴിയുന്നത്ര മികച്ച പരിചരണം നല്‍കുകയെന്നതായിരുന്നു ലക്ഷ്യം,''എന്നും അദ്ദേഹം പറഞ്ഞു.
advertisement
എയര്‍ പോര്‍ട്ടില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളൈറ്റ് റദ്ദാക്കല്‍, ഫ്‌ളൈറ്റുകളുടെ പുതുക്കിയ സമയക്രമം തുടങ്ങിയ വിവരങ്ങള്‍ അവരെ യഥാസമയം അറിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യം മറികടക്കാനും അടുത്ത 24 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാക്കാനുമായി പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് തങ്ങള്‍ പ്രവര്‍ത്തിച്ച് വരികയാണെന്ന് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.
നേരത്തെ അത്യാവശ്യമില്ലെങ്കില്‍ ടെര്‍മിനല്‍ 1ലേക്ക് വരരുതെന്ന് ദുബായ് എയര്‍ പോര്‍ട്ട് അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതത് എയര്‍ലൈന്‍ അധികൃതരുമായി ടിക്കറ്റിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍പോര്‍ട്ടില്‍ ടിക്കറ്റ് റീബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര എയര്‍ലൈനുകളുടെ ഇന്‍ബൗണ്ട് ഫ്‌ളൈറ്റുകള്‍ ടെര്‍മിനല്‍ 1 ല്‍ നിന്ന് പുനരാരംഭിച്ചതായി ദുബായ് എയര്‍ പോര്‍ട്ട് അധികൃതര്‍ വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ വിമാനങ്ങള്‍ വൈകുകയും ചില സര്‍വ്വീസുകള്‍ തടസ്സപ്പെടുകയും ചെയ്യുന്നുണ്ടെന്നും അധികൃതര്‍ സൂചന നല്‍കിയിരുന്നു.
Location :
New Delhi,Delhi
First Published :
April 19, 2024 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ്: രണ്ട് ദിവസത്തിനിടെ റദ്ദാക്കിയത് 1244 വിമാനങ്ങള്‍; ടെര്‍മിനല്‍ വണ്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു