കൊടുംചൂട്: മക്കയില്‍ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ 577 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
കനത്ത ചൂടാണ് മരണത്തിന് കാരണമായത്. തിങ്കളാഴ്ചയോടെ താപനില 51.8 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു
ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തിയ 550 പേർ കൊടും ചൂടിൽ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ 323 പേര്‍ ഈജിപ്തിൽ നിന്നുള്ള തീർത്ഥാടകരാണ്. കനത്ത ചൂടാണ് മരണത്തിന് കാരണമായതെന്നും രണ്ട് അറബ് നയതന്ത്രജ്ഞരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയോടെ താപനില 51.8 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നതായി സൗദി സ്റ്റേറ്റ് ടിവി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം സൗദി അറേബ്യയില്‍ താപനില ഉയരുന്നത് ഹജ്ജ് തീര്‍ത്ഥാടകരെ ബാധിക്കുമെന്ന് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് 2019ല്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.
35 ടുണീഷ്യന്‍ പൗരന്‍മാരും ഹജ്ജിനിടെ മരിച്ചതായി ടുണീഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടൂണിസ് അഫ്രിക് പ്രസ് അറിയിച്ചു. കനത്ത ചൂടാണ് ഭൂരിഭാഗം പേരേയും മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു. തീര്‍ത്ഥാടനത്തിനിടെ കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ചിലര്‍ സൗദിയിലെ ആശുപത്രികളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. തീര്‍ത്ഥാടനത്തിനെത്തിയ 11 ഇറാന്‍ പൗരന്‍മാരും മരിച്ചിട്ടുണ്ട്.
24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൂടാതെ 3 സെനഗല്‍ പൗരന്‍മാരും ഹജ്ജിനിടെ മരിച്ചിരുന്നു. സെനഗലിലെ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്തോനേഷ്യയില്‍ നിന്നുള്ള 144 പൗരന്‍മാരാണ് ഹജ്ജിനിടെ മരിച്ചതെന്ന് ഇന്തോനേഷ്യയിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാല്‍ മരണത്തിന് കാരണം ഉഷ്ണതരംഗം ആണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
advertisement
ചൊവ്വാഴ്ച ജോര്‍ദാനില്‍ നിന്നുള്ള 42 തീര്‍ത്ഥാടകരുടെ ശവസംസ്‌കാരം നടത്തുന്നതിനായി അനുമതി ലഭിച്ചതായി ജോര്‍ദാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഹജ്ജിനിടെ കുറഞ്ഞത് ആറ് ജോര്‍ദാന്‍ പൗരന്മാരെങ്കിലും കടുത്ത ചൂട് മൂലം മരിച്ചതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കനത്ത ചൂടില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച 2700 തീര്‍ത്ഥാടകര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയതായി സൗദി വൃത്തങ്ങള്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ കുട പിടിച്ചിരുന്നു. ധാരാളം വെള്ളം കുടിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നതായി സൗദി വൃത്തങ്ങള്‍ പറഞ്ഞു.
Location :
New Delhi,Delhi
First Published :
June 20, 2024 2:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊടുംചൂട്: മക്കയില്‍ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ 577 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്