അബുദാബി ക്ഷേത്രം: പുരാതന വാസ്തുവിദ്യയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്ന അത്ഭുതം
- Published by:Vishnupriya S
- news18-malayalam
Last Updated:
27 ഏക്കര്‍ സ്ഥലത്താണ് ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്
അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുരാതന വാസ്തുവിദ്യയുടെയും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ കൂടിച്ചേരലാണ് ഈ ക്ഷേത്രം എന്നുപറയാം. താപനിലയും ഭൂകമ്പ സാധ്യതയും അറിയുന്നതിനായി 300-ല്‍ പരം ഹൈടെക് സെന്‍സറുകളാണ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി ലോഹങ്ങള്‍ ഉപയോഗിച്ചിട്ടില്ലയെന്നതും പ്രത്യേകതയാണ്. അടിത്തറ നിര്‍മിക്കുന്നതിനായി ഫ്‌ളൈ ആഷ് (കല്‍ക്കരി പൊടിച്ച് കത്തിച്ചുണ്ടാക്കുന്ന ചാരം) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്ക് സമീപം അബു മറൈഖയിലെ 27 ഏക്കര്‍ സ്ഥലത്താണ് ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ത ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 700 കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.
പൗരാണികതയും ആധുനികതയും
''ക്ഷേത്രങ്ങളുടെ രൂപകല്‍പ്പനയും നിര്‍മാണവും എപ്രകാരമായിരിക്കണമെന്ന് വിവരിക്കുന്ന ഹൈന്ദവ ഗ്രന്ഥങ്ങളായ ശില്‍പ, സ്ഥാപത്യ ശാസ്ത്രങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍മാണ ശൈലി അനുസരിച്ചാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വാസ്തുവിദ്യാ രീതികള്‍ ശാസ്ത്രീയ സാങ്കേതികവിദ്യകളോടൊപ്പം ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു. താപനില, സമ്മര്‍ദം, ഭൂമിയുടെ പ്രകമ്പനം എന്നിവ അളക്കുന്നതിനായി ക്ഷേത്രത്തിന്റെ ഓരോ നിലകളിലുമായി 300-ല്‍ പരം ഹൈടെക് സെന്‍സറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഗവേഷണങ്ങള്‍ക്കാവശ്യമായ തത്സമയ വിവരങ്ങള്‍ ഈ സെന്‍സറുകള്‍ നല്‍കും. പ്രദേശത്ത് എവിടെയെങ്കിലും ഭൂകമ്പമുണ്ടായാല്‍ ക്ഷേത്രത്തില്‍ അത് തിരിച്ചറിയാന്‍ കഴിയും. അത് ആസ്പദമാക്കി പഠനം നടത്താനും കഴിയും,'' ബാപ്സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം മേധാവി സ്വാമി ബ്രഹ്‌മവിഹാരിദാസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
advertisement
ക്ഷേത്രനിര്‍മാണത്തിന് ലോഹങ്ങള്‍ ഉപയോഗിച്ചിട്ടില്ല. അടിത്തറ നിര്‍മിക്കാന്‍ ഫ്‌ളൈ ആഷ് ഉപയോഗിച്ചതും മൂലം കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ സിമെന്റിന്റെ ഉപയോഗം 55 ശതമാനത്തോളം കുറയ്ക്കാന്‍ കഴിഞ്ഞു.''ചൂടിനെ പ്രതിരോധിക്കുന്ന നാനോ ടൈലുകളും ഭാരമേറിയ ഗ്ലാസ് പാനലുകളുമാണ് ക്ഷേത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് പരമ്പരാഗത സൗന്ദര്യസങ്കല്‍പ്പനങ്ങളെ ആധുനികതയുമായി സംയോജിപ്പിക്കുന്നു. യുഎഇയില്‍ ചൂടേറിയ കാലാവസ്ഥയിലും ഇവിടെയത്തുന്നവര്‍ക്ക് അത് അനുഭവപ്പെടാതെ ക്ഷേത്രത്തിനുള്ളില്‍ നടക്കാന്‍ കഴിയും,'' ക്ഷേത്രത്തിന്റെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ മധുസൂദനന്‍ പട്ടേല്‍ പിടിഐയോട് പറഞ്ഞു.
18 ലക്ഷം ഇഷ്ടികകളും 1.8 ലക്ഷം ക്യുബിക് മീറ്റര്‍ സാന്‍ഡ്‌സ്റ്റോണുകളും തൊഴിലാളികളെയും രാജസ്ഥാനില്‍ നിന്ന് നേരിട്ട് എത്തിച്ചാണ് ക്ഷേത്രം നിര്‍മിച്ചത്. അടുത്തിടെ അയോധ്യയില്‍ ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിന്റെ മാതൃകയില്‍ നഗര വാസ്തുവിദ്യയിലാണ് ഈ ക്ഷേത്രവും നിര്‍മിച്ചിരിക്കുന്നത്. ''20000 ടണ്‍ സാന്‍ഡ്‌സ്‌റ്റോണ്‍ കഷ്ണങ്ങള്‍ രാജസ്ഥാനില്‍ നിന്ന് കൊത്തിയെടുത്ത് അബുദാബിയിലേക്ക് കയറ്റി അയക്കുകയായിരുന്നു. ഇത് മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായ തൊഴിലാളികളില്‍ ഏറിയ പങ്കും ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഉള്ളവരാണ്. ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത മാര്‍ബിള്‍ ഇന്ത്യയിലെത്തിച്ച് കൊത്തുപണികള്‍ ചെയ്ത് യുഎഇയിലേക്ക് എത്തിക്കുകയായിരുന്നു,'' ക്ഷേത്രത്തിലെ വോളണ്ടിയറായ ഉമേഷ് രാജ പറഞ്ഞു.
Location :
New Delhi,Delhi
First Published :
February 14, 2024 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അബുദാബി ക്ഷേത്രം: പുരാതന വാസ്തുവിദ്യയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്ന അത്ഭുതം