റിയാദ്: സൗദി അറേബ്യയിൽ മിനി ട്രക്കും (ഡൈന) ട്രെയ്‌ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസഫ് (43) ആണ് മരിച്ചത്. റിയാദ് – ദമ്മാം ഹൈവേയില്‍ വ്യാഴാഴ്ച അര്‍ധരാത്രി 12ഓടെയുണ്ടായ അപകടത്തിലാണ് യൂസഫ് മരിച്ചത്. പത്തുദിവസത്തെ അവധിക്ക് നാട്ടിലെത്തി തിരിച്ചെത്തിയതിന് ശേഷമാണ് യൂസഫ് അപകടത്തിൽപ്പെട്ടത്.
റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് കുറച്ച് കിലോമീറ്ററകലെയാണ് അപകടം ഉണ്ടായത്. റിയാദില്‍ കെന്‍സ് എന്ന കമ്ബനിയില്‍ ഡ്രൈവറായ യൂസുഫ് മിനി ട്രക്കില്‍ ദമ്മാമില്‍ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽ യൂസഫ് തൽക്ഷണം മരിച്ചു.
വർഷങ്ങളായി സൌദിയിലായിരുന്ന യൂസഫ് പത്തുദിവസത്തെ അവധിക്കായി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. അടുത്ത മാര്‍ച്ചില്‍ വീണ്ടും നാട്ടില്‍ വരാമെന്ന് പറഞ്ഞാണ് യൂസഫ് സൌദിയിലേക്ക് മടങ്ങിപ്പോയത്.
പിതാവ്: ബീരാന്‍. മാതാവ്: മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയ. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടന്‍. മക്കള്‍: സന നസറിന്‍ (14), ഷഹല്‍ ഷാന്‍ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.