ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്ന് ദുബായ് പൊലീസ്; വ്യവസായി മരിച്ചത് കെട്ടിടത്തിൽ നിന്നു ചാടി
- Published by:Rajesh V
- news18-malayalam
Last Updated:
Joy Arakkal | സാമ്പത്തിക കാരണങ്ങൾ കൊണ്ടാണ് ആത്മഹത്യയെന്നും ദുബായ് പൊലീസ്
ദുബായ്: കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. ഏപ്രിൽ 23ന് ജോയ് അറക്കൽ ബിസിനസ് ബേയിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബുർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ള ഖാദിം ബിൻ സൊറൗർ പറഞ്ഞതായി വിവിധ ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ലഭിച്ചത്.
''അത് ആത്മഹത്യ തന്നെയാണ്. അന്വേഷണം പൂർത്തിയായി. മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു'' - ബ്രിഗേഡിയർ അബ്ദുള്ള ഖാദിം ബിൻ സൊറൗർ പറഞ്ഞു. സംഭവസമയത്ത് സൃഹൃത്തിനും മകനുമൊപ്പമായിരുന്നു ജോയ് അറക്കൽ ഉണ്ടായിരുന്നത്. പുകവലിക്കാനായി പുറത്തേക്ക് പോയശേഷം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ഗോൾഡ് കാർഡ് വിസ കൈവശമുള്ള ജോയ് അറയ്ക്കൽ മരിച്ചത് സാമ്പത്തിക കാരണങ്ങൾ കൊണ്ടാണെന്നും പൊലീസ് വ്യക്തമാക്കി.
Best Performing Stories:Face Mask | സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ [NEWS]COVID 19| രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍; ആകെ എണ്ണം 102 ആയി [NEWS]ഒരു പിടിയും തരാതെ കോവിഡ് വ്യാപനം; കൊല്ലവും തിരുവനന്തപുരവും വീണ്ടും ആശങ്കയിൽ [NEWS]
ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമായി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കൽ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണവ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പടുത്തത്. ജുമൈറയിൽ ഭാര്യ സെലിൻ മക്കളായ അരുൺ, ആഷ് ലി എന്നിവരോടൊപ്പമായിരുന്നു താമസം. ചാർട്ടേർഡ് എയർ ആംബുലൻസിൽ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു.
advertisement
കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ
പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മരണത്തോടെ വിടവാങ്ങിയത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ. വയനാട്ടില്‍ ജനിച്ച്, യുഎഇയില്‍ അക്കൗണ്ടന്റായി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം വിസ്മയകരമാണ്. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ജോയി എന്ന വിളിപ്പേരും സമ്പാദിച്ചു.
40000 ചതുരശ്രയടിയിലാണ് മാനന്തവാടിയിൽ അറയ്ക്കൽ പാലസ് എന്ന വീട് ജോയി നിർമ്മിച്ചത്. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയത്. 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം ഇവിടേക്ക് താമസമായത്.
advertisement
ഒന്നുമില്ലായ്മയിൽ നിന്ന് കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യം
യു.എ.ഇ.യിലും ഇതര ജി.സി.സി. രാജ്യങ്ങളിലുമായി പതിനൊന്ന് കമ്പനികളാണ് ജോയിയുടെ ഉടമസ്ഥതയിലുള്ളത്. വയനാട്ടിലും സ്വന്തമായി ഒട്ടേറെ വ്യവസായസംരംഭങ്ങളുണ്ട്.
തൊണ്ണൂറുകളിലാണ് സന്ദർശകവിസയിൽ ജോയ് ദുബായിലെത്തയത്. എം.കോം. ബിരുദധാരിയായ ജോയ് ട്രൈസ്റ്റാർ ട്രാൻസ്പോർട്ടിങ് എന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയാണ് ഗൾഫിലെ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2,000 ദിർഹമായിരുന്നു അന്നത്തെ ശമ്പളം. പിന്നീട് അതേ കമ്പനിയിൽ ഓപ്പറേഷൻ മാനേജരായി. തുടർന്ന് ആബലോൺ ട്രാൻസ്പോർട്ട് എന്ന കമ്പനിയിലെ പങ്കാളിയായി.
2003 മുതൽ 2008 വരെ ‘ആബാലോണിൽ’ പ്രവർത്തിച്ചു. പിന്നീടാണ് സ്വന്തമായി ട്രോട്ടേഴ്‌സ് എന്ന എണ്ണക്കമ്പനി ആരംഭിക്കുന്നത്. ട്രോട്ടേഴ്‌സിൽനിന്ന് ഇന്നോവ റിഫൈനറി ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപിച്ചു. ബിൽഡ് മാക്സ് എന്ന മറ്റൊരു സ്ഥാപനവും പ്രവർത്തിക്കുന്നുണ്ട്. ഷാർജ ഹംറിയ ഫ്രീസോണിൽ വൻകിട റിഫൈനറി പ്രോജക്ട് അവസാന ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് ജോയിയുടെ മരണം. ദുബായിൽ സ്വന്തമായി എണ്ണക്കപ്പലുകളും അറയ്ക്കൽ ജോയിയുടെ ഉടമസ്ഥതയിലുണ്ട്.
Location :
First Published :
April 29, 2020 9:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്ന് ദുബായ് പൊലീസ്; വ്യവസായി മരിച്ചത് കെട്ടിടത്തിൽ നിന്നു ചാടി