Sheikh Khalifa bin Zayed| യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണം; 40 ദിവസത്തെ ദുഃഖാചരണം
- Published by:Naseeba TC
- news18-malayalam
Last Updated:
പിതാവിന്റെ മരണത്തെ തുടര്‌ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്.
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ (Sheikh Khalifa bin Zayed)മരണത്തെ തുടർന്ന് യുഎഇയിൽ നാൽപ്പത് ദിവസത്തെ ദുഃഖാചരണം. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ (73)
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. എമിറൈറ്റ്സ് ഓഫ് അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്.
ഷെയ്ഖ് സായിദിന്റെ മൂത്ത മകനാണ് അല്‍ നഹ്യാൻ. 1971 മുതൽ 2004 നവംബർ 2-ന് അദ്ദേഹം അന്തരിക്കുന്നത് വരെ യു.എ.ഇ.യുടെ ആദ്യ പ്രസിഡന്റായിരുന്നു ഷെയ്ഖ് സായിദ്.
advertisement
പ്രസിഡന്റായതിനുശേഷം പിതാവിന്റെ പാത പിന്തുടർന്ന് യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും പുനർനിർമ്മാണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.
അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ത്വരിതഗതിയിലുള്ള വികസനത്തിനാണ് യുഎഇ സാക്ഷ്യം വഹിച്ചത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധി കേന്ദ്രീകരിച്ച് സന്തുലിതവും സുസ്ഥിരവുമായ വികസനത്തിനായിരുന്നു അദ്ദേഹം ആദ്യ തന്ത്രപരമായ പദ്ധതി ആരംഭിച്ചത്.
പരിസ്ഥിതിക്കും വരും തലമുറകള്‍ക്കും ദോഷം വരാത്ത തരത്തിലുള്ള വികസനം എന്നതായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശയം. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, കാര്‍ഷിക മേഖലയിൽ രാഷ്ട്രത്തിന‍്റെ സുസ്ഥിരമായ വികസനത്തിൽ അദ്ദേഹത്തിന‍്റെ ദീർഘവീക്ഷണവും കയ്യൊപ്പുണ്ട്.
advertisement
രാഷ്ട്രത്തിന്റ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വലിയ സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും താഴ്ന്ന വ്യവസായങ്ങളുടെയും വികസനത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയത്.
വടക്കൻ എമിറേറ്റ്‌സിന്റെ വികസനത്തിന് ആവശ്യമായ കാര്യങ്ങൾ പഠിക്കുന്നതിനായി അദ്ദേഹം യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങൾ നടത്തി. ഈ സമയത്താണ് പാർപ്പിടം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതിക്കുള്ള നിർദ്ദേശങ്ങൾ നൽകിയത്.
യുഎഇയിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിനുള്ള ആദ്യപടിയായി വിശേഷിപ്പിക്കപ്പെട്ട ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങൾക്കുള്ള നാമനിർദ്ദേശ സമ്പ്രദായം വികസിപ്പിക്കുന്നതിനുള്ള നടപടികളും അദ്ദേഹം തുടങ്ങി.
advertisement
പൗരന്മാരുടെ ക്ഷേമത്തിന് അഗാധമായ താൽപ്പര്യമുള്ള നേതാവും എളിമയുള്ള വ്യക്തിത്വവുമായാണ് ഷെയ്ഖ് ഖലീഫ വിശേഷിപ്പിക്കപ്പെടുന്നത്.
ശൈഖ് ഖലീഫ നല്ലൊരു കേൾവിക്കാരനും എളിമയുള്ളവനും തന്റെ ജനങ്ങളുടെ കാര്യങ്ങളിൽ അഗാധമായ താൽപ്പര്യമുള്ളവനുമായി അറിയപ്പെടുന്നു. ഏറെ സ്വീകാര്യനായ നേതാവിനെയാണ് രാഷ്ട്രത്തിന് നഷ്ടമായത്.
Location :
First Published :
May 13, 2022 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Sheikh Khalifa bin Zayed| യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ നിര്യാണം; 40 ദിവസത്തെ ദുഃഖാചരണം