ദുബായ് മോശം കാലാവസ്ഥ പ്രതിസന്ധി രൂക്ഷം; അനാവശ്യമായി വിമാനത്താവളത്തിലേക്ക് വരരുതെന്ന് മുന്നറിയിപ്പ്
- Published by:Arun krishna
- news18-malayalam
Last Updated:
റോഡുകൾ അടച്ചതിനാലും പലയിടത്തും വെള്ളപ്പൊക്കം ഉള്ളതിനാലും എയർപോർട്ടിൽ എത്തിയിട്ടുള്ള യാത്രക്കാർ അവിടെ തന്നേ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ട്
കാലാവസ്ഥ മോശമായതിനെ തുടർന്ന കനത്ത വെല്ലുവിളി നേരിടുകയാണ് ഗൾഫ് രാജ്യങ്ങൾ. ഗൾഫിലെ സുപ്രധാന വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറിയതിനാൽ വിമാനങ്ങൾ പുറപ്പെടുന്നില്ല. മോശം കാലാവസ്ഥയെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ.
“നിലവിലെ സാഹചര്യത്തിൽ അത്രയ്ക്ക് അത്യാവശ്യമില്ലാതെ ആരും തന്നെ വിമാനത്താവളത്തിലേക്ക് വരരുത്. വിമാനങ്ങളെല്ലാം വൈകുകയോ അല്ലെങ്കിൽ വഴിതിരിച്ച് വിടുകയോ ആണ് ചെയ്യുന്നത്. നിങ്ങളുടെ വിമാനത്തിൻെറ സ്റ്റാറ്റസ് എന്തെന്ന് എയർലൈനുകളുമായി ബന്ധപ്പെട്ട് അറിയാൻ ശ്രമിക്കുക,” അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
“ഞങ്ങൾ നിരന്തരം തടസ്സങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം സർവീസുകളൊന്നും തന്നെ സുഗമമായി നടക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഞങ്ങളുടെ ടീം അടിയന്തിര സാഹചര്യം പരിഗണിച്ച് പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വൈകാതെ തന്നെ സാധാരണ സർവീസുകളെല്ലാം പുനസ്ഥാപിക്കാൻ സാധിക്കുമെന്ന് കരുതുന്നു. വിമാനത്താവളത്തിൽ എത്താനും ഇവിടെ നിന്ന് പുറത്തേക്ക് പോവാനുമൊക്കെ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡുകളിൽ മുഴുവൻ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ വാഹന ഗതാഗതവും പ്രതിസന്ധിയിലായിരിക്കുകയാണ്,” നേരത്തെ പുറത്തിറക്കിയ സന്ദേശത്തിൽ വിമാനത്താവള അധികൃതർ വ്യക്തമാക്കിയിരുന്നു.
advertisement
നിലവിൽ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നവർ പോലും പലയിടങ്ങളിലായി പെട്ടുകിടക്കുന്ന സാഹചര്യമുണ്ട്. കാലാവസ്ഥ നന്നായാൽ മാത്രമേ സാഹചര്യം മാറുകയുള്ളൂ. കാര്യങ്ങൾ സാധാരണഗതിയിലാവാൻ സമയമെടുക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. റോഡുകൾ അടച്ചതിനാലും പലയിടത്തും വെള്ളപ്പൊക്കം ഉള്ളതിനാലും എയർപോർട്ടിൽ എത്തിയിട്ടുള്ള യാത്രക്കാർ അവിടെ തന്നേ കഴിച്ചുകൂട്ടേണ്ട അവസ്ഥയുണ്ട്. ഇവർക്ക് ഭക്ഷണവും വെള്ളവും അടക്കം അത്യാവശ്യ കാര്യങ്ങൾ വിമാനത്താവള അധികൃതർ ഒരുക്കി കൊടുക്കുന്നുണ്ട്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടതും ഇവിടെ നിന്ന് പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങളാണ് വൈകുകയോ തടസ്സം നേരിടുകയോ ചെയ്യുന്നത്. ദുബായിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളിലേക്കുള്ള യാത്രക്കാരുടെ ചെക്ക് ഇൻ താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഏപ്രിൽ 17 വരെ സാഹചര്യത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മുന്നറിയിപ്പ്.
advertisement
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളെല്ലാം തന്നെ മോശം കാലാവസ്ഥ കാരണം വലിയ പ്രതിസന്ധി നേരിടുകയാണ്. അതിനാൽ നിരവധി ഫ്ലൈ ദുബായ് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ കുറച്ച് വിമാനങ്ങൾ വൈകിയിട്ടുമുണ്ട്. ഏപ്രിൽ 16 രാത്രിയും ഏപ്രിൽ 17നും കാലാവസ്ഥ മോശമായി തന്നെ തുടരാനാണ് സാധ്യത,” ഫ്ലൈ ദുബായ് വക്താവ് പറഞ്ഞു.
കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെയാണ് വിമാനങ്ങൾ റദ്ദാക്കേണ്ട സാഹചര്യം വന്നത്. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിടുകയും ചെയ്തിരുന്നു.
advertisement
യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയം ഉറപ്പാക്കണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു, എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും.
Location :
New Delhi,Delhi
First Published :
April 17, 2024 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് മോശം കാലാവസ്ഥ പ്രതിസന്ധി രൂക്ഷം; അനാവശ്യമായി വിമാനത്താവളത്തിലേക്ക് വരരുതെന്ന് മുന്നറിയിപ്പ്