ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും ദുബായിൽ നിരോധനം; പിഴ 200 ദിർഹം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ, ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും ജനുവരി ഒന്നു മുതൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച പ്രമേയം ഞായറാഴ്ച പുറത്തിറക്കിയിരുന്നു. ഇതിൽ ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കുപ്പികളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച പാക്കേജിംഗ് സാമഗ്രികൾ, വെറ്റ് വൈപ്പുകൾ, ബലൂണുകൾ അടക്കമുള്ളവ നിരോധിക്കാനാണ് നീക്കം.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഉൾപ്പെടെയുള്ള സ്വകാര്യ വികസന മേഖലകളും ഫ്രീ സോണുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ദുബായിലെ വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും ഈ നിയമം ബാധകമാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. എന്നാൽ മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, റൊട്ടി, മാലിന്യ സഞ്ചികൾ, കയറ്റുമതി തുടങ്ങിയവയുടെ പാക്കിങ്ങിനായി ഉപയോഗിക്കുന്ന ബാഗുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
advertisement
ഇനി 2026 ഓടെ പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് ടേബിൾവെയർ, പാനീയ കപ്പുകൾ എന്നിവയുടെ ഉപയോഗവും നിർത്തലാക്കും. അതേസമയം ഈ നിയമം ലംഘിച്ചാൽ ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും എന്നും അറിയിച്ചിട്ടുണ്ട്. പിഴയടച്ച് ഒരു വർഷത്തിനുള്ളിൽ ഇത് വീണ്ടും ലംഘിച്ചാൽ പിഴ ഇരട്ടിയാകുകയും ചെയ്യും. അതേസമയം പരിസ്ഥിതി സൗഹൃദമാക്കുകയും പ്രാദേശിക വിപണികളിൽ ഉൽപന്നങ്ങളുടെ സുസ്ഥിരമായ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതോടൊപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും പുനരുപയോഗവും നിയന്ത്രിക്കാനുള്ള ശ്രമം കൂടിയാണ് ഇത്. പുതിയ നടപടിയുമായി ബന്ധപ്പെട്ട് പരാതിയുള്ളവർക്ക് സർക്കാർ വകുപ്പിന്റെ ഡയറക്ടർ ജനറലിന് രേഖാമൂലം പരാതികൾ സമർപ്പിക്കാം എന്നും അറിയിച്ചിട്ടുണ്ട്. ഇതിൽ ഡയറക്ടർ ജനറൽ രൂപീകരിച്ച സമിതി പരാതി സമർപ്പിച്ച് പത്ത് പ്രവൃത്തി ദിവസത്തിനകം നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Location :
New Delhi,Delhi
First Published :
January 02, 2024 7:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും ദുബായിൽ നിരോധനം; പിഴ 200 ദിർഹം