ദുബായ് മാളിൽ ഇനി ആഡംബരം കൂടും: 240 പുതിയ സ്റ്റോറുകളുമായി 3341 കോടി രൂപയുടെ പദ്ധതി
- Published by:Vishnupriya S
- news18-malayalam
Last Updated:
ദുബായിലെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലക്സ് ആയ ദുബായ് മാളിൽ ഇതിനോടകം തന്നെ 1,200 സ്റ്റോറുകളും 200 ഫുഡ് സ്റ്റോറുകളുമുണ്ട്
ലോകത്തിലെ ഏറ്റവും വലിയ മാളുകളിലൊന്നായ ദുബായ് മാൾ കൂടുതൽ വിപുലീകരിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു. ഏകദേശം 1.5 ബില്യൺ ദിർഹം ( ഏകദേശം 3341 കോടി രൂപ) അടുത്ത് ചെലവ് വരുന്ന ബൃഹദ് പദ്ധതിയാണിത്. ദുബായിലെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലക്സ് ആയ ദുബായ് മാളിൽ ഇതിനോടകം തന്നെ 1,200 സ്റ്റോറുകളും 200 ഫുഡ് സ്റ്റോറുകളും, 10 ദശലക്ഷം ലിറ്റർ (2.2 ദശലക്ഷം ഗാലൺ) ശേഷിയുള്ള അക്വേറിയം, കൂറ്റൻ ഐസ് സ്കേറ്റിംഗ് റിങ്ക്, ഇൻഡോർ ചൈനാടൗൺ, വെർച്വൽ റിയാലിറ്റി പാർക്ക്, ഇൻഡോർ സെഗ തീം പാർക്ക്, ലോകത്തിലെ ഏറ്റവും വലിയ കാൻഡി സ്റ്റോറുകളിലൊന്ന് എന്നിവയെല്ലാമുണ്ട്.
12 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ മാൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മാളിന്റെ ഡെവലപ്പർ ആയ എമാർ പ്രോപ്പർട്ടീസ് ഈ ആഴ്ചയാണ് വികസനപദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. മാളില്‍ 240 പുതിയ ആഡംബര സ്റ്റോറുകളും ഫുഡ് സ്റ്റോറുകളും പുതുതായി കൊണ്ടുവരും. ആഗോളതലത്തിൽ തന്നെ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ ദുബായ് നഗരത്തെ മുന്നോട്ടുള്ള കാലത്തും അതേ പ്രൗഢിയോടെ നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വികസന പദ്ധതികൾ എന്ന് എമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പ്രസ്താവനയിൽ പറഞ്ഞു.
advertisement
കോവിഡ്-19 വ്യാപിച്ച കാലത്ത് വാക്സിനേഷൻ കാംപെയിനുകൾ കൃത്യമായി നടത്തി, ജനജീവിതം സ്തംഭിപ്പിക്കാതെ ദുബായ് നഗരം ലോകത്തിനു തന്നെ മാതൃകയായിരുന്നു. പിന്നീട് എക്സ്പോ 2020, സിഒപി 28 തുടങ്ങിയ പ്രധാന അന്താരാഷ്ട്ര പരിപാടികൾക്ക് ദുബായ് ആതിഥേയത്വം വഹിച്ചു. 10 വർഷത്തെ "ഗോൾഡൻ" വിസകൾ പ്രാബല്യത്തിൽ കൊണ്ട് വരുകയും ബിസിനസുകൾക്കുള്ള വിദേശ ഉടമസ്ഥാവകാശ നിയമങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തു. യുക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ നിന്നും ഒരുപാടുപേർ താമസത്തിനായി ദുബായിൽ എത്തിച്ചേർന്നിരുന്നു . കഴിഞ്ഞ വർഷം 10.5 കോടി പേരാണ് ദുബായ് മാൾ സന്ദർശിച്ചത്. 2022 നെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതെന്ന് എമാർ റിപ്പോർട്ട് പറയുന്നു.
Location :
New Delhi,Delhi
First Published :
June 09, 2024 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് മാളിൽ ഇനി ആഡംബരം കൂടും: 240 പുതിയ സ്റ്റോറുകളുമായി 3341 കോടി രൂപയുടെ പദ്ധതി