റമദാന്‍: ദുബായിലെ സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ച അവധി
- Published by:Vishnupriya S
- news18-malayalam
Last Updated:
റമദാനോട് ചേര്‍ന്ന് തന്നെ ഈദുള്‍ ഫിത്തര്‍ അവധിയും ലഭിക്കുന്നതിനാലാണ് സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ച നീണ്ട അവധി ലഭിക്കുന്നത്
റമദാനോട് അനുബന്ധിച്ച് മാര്‍ച്ചില്‍ ദുബായിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ മൂന്ന് ആഴ്ച അവധി ലഭിക്കും. റമദാനോട് ചേര്‍ന്ന് തന്നെ ഈദുള്‍ ഫിത്തര്‍ അവധിയും ലഭിക്കുന്നതിനാലാണ് സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ച നീണ്ട അവധി ലഭിക്കുന്നത്. ദുബായ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹിജ്‌രി കലണ്ടര്‍ അനുസരിച്ച് 2024 മാര്‍ച്ച് 12-ന് റമദാന്‍ മാസം ആരംഭിക്കും.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 15 വരെ ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 10-ന് ഈദ് അല്‍ ഫിത്തര്‍ കൂടി പ്രതീക്ഷിക്കുന്നതിനാല്‍ പതിവുള്ള രണ്ടാഴചത്തെ അവധി കൂടാതെ ഒരാഴ്ച കൂടി അധികമായി അവധി ലഭിക്കും. എന്നാല്‍, ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് ഈദ് അല്‍ ഫിത്തറിന്റെ തീയതിയില്‍ മാറ്റമുണ്ടായേക്കും. ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ഇതോടനുബന്ധിച്ച് ദുബായില്‍ അവധിയായിരിക്കുമെന്നാണ് കരുതുന്നത്.
advertisement
ഈ ദിവസങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികൂടി പരിഗണിക്കുമ്പോള്‍ ഒന്‍പത് ദിവസം അവധി ലഭിക്കും. അതേസമയം, ദുബായിലെ ചില ഇന്ത്യന്‍ സ്‌കൂളുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 14ന് അവസാനിക്കും. മാര്‍ച്ച് 14-ന് വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന രീതിയിലാണ് സ്‌കൂളുകളിലെ ക്രമീകരണം. പുതിയ അക്കാദമിക് വര്‍ഷം 2024 ഏപ്രില്‍ ഒന്നിന് ആരംഭിക്കും, ദുബായിലെ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പൽ മുഹമ്മദി കൊട്ടകുളത്തിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
കുട്ടികൾക്ക് വിശുദ്ധമാസത്തോട് അനുബന്ധിച്ചുള്ള മതപരമായ ആചാരങ്ങളില്‍ പങ്കെടുക്കാനും പൂര്‍ണമായും അണിചേരാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഈ അവധി ദിനങ്ങളിൽ സാധിക്കുമെന്ന് റെപ്ടണ്‍ അബുദാബി പ്രിന്‍സിപ്പൽ സ്റ്റീവന്‍ ലുപ്ടണ്‍ പറഞ്ഞു. രണ്ടാം ടേമിലെ ഇന്റേണല്‍ അസസ്‌മെന്റുകള്‍ റമദാന്‍ മാസം ആരംഭിക്കുന്നതിന് മുമ്പായി അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ദുബായിലെ സ്‌കൂളുകള്‍ക്ക് തങ്ങളുടെ കലണ്ടറില്‍ മാറ്റം വരുത്താന്‍ അനുമതിയുണ്ട്. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കരിക്കുലത്തിന് കുറഞ്ഞത് 188 ദിവസവും അന്താരാഷ്ട്ര കരിക്കുലത്തിന് കുറഞ്ഞത് 182 ദിവസവും പ്രവര്‍ത്തി ദിനമുണ്ടായിരിക്കണം.
Location :
New Delhi,Delhi
First Published :
January 24, 2024 9:08 PM IST