'ഇസ്‌ലാമിക മൂല്യങ്ങൾക്കെതിരായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് നിർത്തണം'; നെറ്റ്ഫ്ലിക്സിനെതിരെ ജിസിസി രാജ്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുന്ന ചില ഉള്ളടക്കം ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്ന് യോഗം അടിവരയിട്ടു പറഞ്ഞു
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ (Netflix) കർശനമായ മുന്നറിയിപ്പുമായി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (Gulf Cooperation Council - GCC) ഇസ്‌ലാമിക മൂല്യങ്ങൾക്കും സാമൂഹിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് നിർത്തണമെന്നും അല്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ജിസിസിയും സൗദി അറേബ്യ ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും (General Commission For Audiovisual Media (GCAM)) പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുന്ന ചില ഉള്ളടക്കം ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമാണെന്ന് യോഗം അടിവരയിട്ടു പറഞ്ഞു. മാധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച് ജിസിസി രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങളെ ലംഘിക്കുന്ന തരത്തിലാണ് നെറ്റ്ഫ്ലിക്സിലെ ചില ഉള്ളടക്കമെന്നും ഇവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇത്തരം ഉള്ളടക്കം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നെറ്റ്‍ഫ്ളിക്സുമായി ബന്ധപ്പെട്ടതായി ജിസിസിയും ജിസിഎഎം അറിയിച്ചു. കുട്ടികൾക്കായുള്ള ഉള്ളടക്കത്തിലും ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അവ നീക്കം ചെയ്യണമെന്നും നെറ്റ്ഫ്ളിക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വരിക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പുത്തൻ പദ്ധതികളുമായി നെറ്റ്ഫ്ളിക്സ് രംഗത്തെത്തുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇനി മുതൽ നെറ്റ്ഫ്ലിക്സ് പ്ലാനുകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടായേക്കും എന്നാണ് പുറത്ത് വന്ന വിവരങ്ങൾ. പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബസ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ റീഡ് ഹേസ്റ്റിംഗ്സ് അറിയിച്ചിരുന്നു. വരിക്കാരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പ്ലാറ്റ്ഫോമില്‍ ആഡ്-ഫ്രീ പ്ലാനുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരസ്യങ്ങള്‍ക്ക് ഉൾപ്പെടുത്തുന്നതിന് താൻ എതിരായിരുന്നുവെന്ന് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവർക്ക് അറിയാമെന്നും എന്നാൽ ഇപ്പോൾ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് ചെറിയ തുകക്കുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ താൻ സംതൃപ്തനാണെന്നുമാണ് വരുമാനം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഹേസ്റ്റിംഗ്സ് വ്യക്തമാക്കിയത്. നെറ്റ്ഫ്ളിക്സിന്റെ പ്രോഗ്രാമുകൾ കൂടുതൽ നിലവാരമുള്ളതാക്കുമെന്നും അത്തരം കാര്യങ്ങളാണ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ വിലമതിക്കുന്നതെന്നും കമ്പനി പറഞ്ഞിരുന്നു.
advertisement
ഏകദേശം 222 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. എപ്പോഴെങ്കിലും തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമോ എന്ന ചോദ്യം വര്‍ഷങ്ങളായി കേട്ടിരുന്നതാണ്. അപ്പോഴൊക്കെ അതെല്ലാം നിരസിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ ആവശ്യകത ഉണ്ടെന്നും ഹേസ്റ്റിംഗ്സ് പറഞ്ഞു. പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്ന് പ്ലാറ്റ്ഫോമിലെ വരിക്കാരുടെ എണ്ണവും വരുമാനവും മെച്ചപ്പെടുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനി ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനു പിന്നാലെ നെറ്റ്ഫ്ലിക്സിന്റെ ഓഹരികളില്‍ 25% ഇടിവും രേഖപ്പെടുത്തിയിരുന്നു.
advertisement
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ കുറവാണ് ഉണ്ടായത്. ആറ് വർഷം മുമ്പ് ചൈനക്കു പുറത്തേക്ക് വളർന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ട്രീമിങ്ങ് തുടങ്ങിയ നെറ്റ്‍ഫ്ളിക്സ് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിട്ടത്.
Location :
First Published :
September 08, 2022 4:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഇസ്‌ലാമിക മൂല്യങ്ങൾക്കെതിരായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് നിർത്തണം'; നെറ്റ്ഫ്ലിക്സിനെതിരെ ജിസിസി രാജ്യങ്ങൾ