ഹജ്ജ് 2024; സൗദി അറേബ്യ അറവുശാലകളിൽ പരിശോധന കർശനമാക്കി
- Published by:Vishnupriya S
- news18-malayalam
Last Updated:
അറവുശാലകളുടെ പ്രവർത്തനവും മാലിന്യ സംസ്കരണവും പരിശോധിക്കാനായി പ്രത്യേക സംഘങ്ങളെയും സർക്കാർ നിയോഗിച്ചു
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ച് രാജ്യത്തെ അറവുശാലകളിൽ പരിശോധനകൾ കർശനമാക്കി സൗദി അറേബ്യൻ പരിസ്ഥിതി മന്ത്രാലയം. എല്ലാ അറവുശാലകളും സർക്കാർ പുറത്തിറക്കിയ ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സമഗ്രമായ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഹജ്ജ് തീർത്ഥാടനം ഈ മാസം 14 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീർത്ഥാടകർക്ക് സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നതിനായി എല്ലാ അറവുശാലകളുടെയും കന്നുകാലി തൊഴുത്തുകളുടെയും മേലുള്ള നിരീക്ഷണം സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥരും നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും സർക്കാർ അറിയിച്ചു. നിർദ്ദേശങ്ങളുടെ സുഗമമായ നടപ്പാക്കലിനായി തൊഴിലാളികളുടെ വിന്യാസത്തിലും അറവുശാലകളുടെ പ്രവർത്തനത്തിലും മറ്റും കാര്യമായ മാറ്റങ്ങൾ ഭരണകൂടം വരുത്തിയിട്ടുണ്ട്. അറവുശാലകളുടെ പ്രവർത്തനവും മാലിന്യ സംസ്കരണവും പരിശോധിക്കാനായി പ്രത്യേക സംഘങ്ങളെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ശരീരിക സുസ്ഥിതിയും സാമ്പത്തികശേഷിയുമുള്ള എല്ലാ ഇസ്ലാം മത വിശ്വാസികളും ജീവിതത്തിൽ ഒരിക്കലെങ്കിലും മക്കയിലെ ഹജ്ജ് തീർത്ഥാടനത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് വിശ്വാസം. ഇബ്രാഹിം നബിയുടെയും, പത്നിയായ ഹാജറിന്റെയും, മകനായ ഇസ്മയിൽ നബിയുടെയും ത്യാഗങ്ങളുടെ പ്രതീകമായി ദുൽ ഹിജ്ജ 10 ന് ലോകമെമ്പാടും ആഘോഷിക്കുന്ന മറ്റൊരു ദിവസമാണ് ഈദ് അൽ അദ്ഹ, ഇന്ത്യയിൽ ഇത് ബക്രീദ് എന്നും ഈദ് ഉസ് സുഹ എന്നും അറിയപ്പെടുന്നു. ഹജ്ജ് ചടങ്ങുകളോട് അനുബന്ധിച്ച് നടക്കുന്ന ഈദ് അൽ അദ്ഹ ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും വലിയ രണ്ടാമത്തെ വിശുദ്ധ ആഘോഷം കൂടിയാണ്.
Location :
New Delhi,Delhi
First Published :
June 04, 2024 2:41 PM IST