ദുബായ്: ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്ത 1.28 കോടിയോളം രൂപ(570,000 ദിർഹം) തിരികെ നൽകാൻ വിസമ്മതിച്ച ഇന്ത്യക്കാരനെ ദുബായ് ക്രിമിനൽ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ഇതേ തുക പിഴയായി അടക്കണമെന്നും ശിക്ഷ കഴിഞ്ഞ് നാടുകടത്തണമെന്നും കോടതി നിർദേശിച്ചു. ഒരു മെഡിക്കൽ ട്രേഡിംഗ് കമ്പനിയിൽനിന്നുള്ള പണമാണ് യുവാവിന്‍റെ അക്കൌണ്ടിലേക്ക് എത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെറ്റായി ബാങ്ക് അക്കൌണ്ടിലേക്ക് 1.28 കോടിയോളം രൂപ എത്തിയത്. പണം ലഭിച്ചതായി മൊബൈലിൽ മെസേജ് വന്നെങ്കിലും ഇത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും പ്രവാസി യുവാവ് കോടതിയിൽ പറഞ്ഞു. ആരാണ് തന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതെന്ന് ബാങ്കിൽ പരിശോധിക്കാതെ വാടകയും മറ്റ് ബില്ലുകളും അടയ്ക്കാൻ 52,000 ദിർഹം ചെലവഴിച്ചതായും ഇയാൾ കോടിതിയിൽ പറഞ്ഞു.
“എന്റെ ബാങ്ക് അക്കൗണ്ടിൽ 570,000 ദിർഹം എത്തിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എന്റെ വാടക നൽകാനും ചെലവിനും ഈ പണം ഉപയോഗിച്ചു,” പ്രതി കോടതിയിൽ പറഞ്ഞു. “ഒരു കമ്പനി എന്നോട് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു, പക്ഷേ പണം അവരുടേതാണോ എന്ന് ഉറപ്പില്ലാത്തതിനാൽ ഞാൻ നിരസിച്ചു. അവർ എന്നോട് പലതവണ ഇക്കാര്യം ചോദിച്ചു ബന്ധപ്പെട്ടിരുന്നു.
“ഞങ്ങളുടെ ഒരു ജീവനക്കാരൻ ക്ലൈന്‍റായ മറ്റൊരു കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത 570,000 ദിർഹമാണ് അബദ്ധത്തിൽ മറ്റൊരു അക്കൌണ്ടിലേക്ക് പോയത്. പണം ലഭിക്കാത്തതിനെ കുറിച്ച് ക്ലയന്‍റായ കമ്പനി പരാതിപ്പെട്ടതോടെയാണ് ഇക്കാര്യം ബോധ്യമായത്. വിശദാംശങ്ങൾ പരിശോധിക്കാതെ വിതരണക്കാരന്റെ അക്കൗണ്ടിന് സമാനമായ അക്കൗണ്ടിലേക്കാണ് ട്രാൻസ്ഫർ ചെയ്തതെന്ന് ഞങ്ങൾ കണ്ടെത്തി,” മെഡിക്കൽ ട്രേഡിംഗ് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ ജഡ്ജിമാരോട് പറഞ്ഞു. പണം തിരികെ നൽകാൻ ബാങ്ക് മുഖേന ആവശ്യപ്പെട്ടെങ്കിലും പണം ലഭിച്ചയാൾ അതിന് തയ്യാറായില്ല. “പണം തിരികെ നൽകാൻ അദ്ദേഹം വിസമ്മതിച്ചതായി ബാങ്ക് ഞങ്ങളോട് പറഞ്ഞു,” മെഡിക്കൽ ട്രേഡിങ് കമ്പനിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് കമ്പനി അൽ റഫ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇടപെട്ട് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. പ്രതി അക്കൗണ്ടിൽ നിന്ന് പണം മറ്റെവിടേക്കെങ്കിലും മാറ്റിയെന്ന് വ്യക്തമായി. അനധികൃതമായി ലഭിച്ച പണം കൈവശപ്പെടുത്തിയതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കേസെടുത്തു. ആ വ്യക്തി കുറ്റം സമ്മതിക്കുകയും ക്ലെയിം തീർപ്പാക്കാൻ കുറച്ചു സമയം ആവശ്യപ്പെടുകയും ചെയ്തു, പക്ഷേ അദ്ദേഹത്തിന്റെ അഭ്യർത്ഥന കോടതി നിരസിച്ചു. വിധിക്കെതിരെ ഇന്ത്യക്കാരനായ പ്രവാസി അപ്പീൽ നൽകിയിട്ടുണ്ട്. ഇതിൽ കോടതി അടുത്തമാസം വാദം കേൾക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.