ഖത്തറിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു; അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യൻ പൗരന്മാരെ തടങ്കലിൽ പാർപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് ഖത്തർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല
ഖത്തറിൽ തടങ്കലിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെക്കുറിച്ചുള്ള വിവരം ദുരൂഹമായി തുടരുന്നു. എഴുപതു ദിവസത്തോളമായി ഇവർ തടവിലാണ്. ഈ വിഷയത്തിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഖത്തർ അധികാരികളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ പൗരന്മാരെ തടങ്കലിൽ പാർപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് ഖത്തർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടില്ല.
ദോഹയിലെ ഇന്ത്യൻ എംബസി ഖത്തർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഖത്തർ അധികൃതരോ ന്യൂഡൽഹിയിലെ ഖത്തർ എംബസിയോ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് തടവിലാക്കപ്പെട്ട എട്ട് പേർ. കേസുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ആഴ്ച ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന എട്ട് ഇന്ത്യൻ പൗരന്മാരെ തടങ്കലിൽ വച്ചിരിക്കുന്നതായി അറിഞ്ഞെന്നും ഇന്ത്യൻ എംബസി അവിടുത്തെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരന്മാരെക്കുറിച്ചറിയാൻ എംബസി ഉദ്യോഗസ്ഥർക്ക് കോൺസുലർ പ്രവേശനം ലഭിച്ചിരുന്നു. അവർ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ഉറപ്പാക്കിയതായും ബാഗ്ചി പറഞ്ഞു. അടുത്ത കോൺസുലാർ പ്രവേശനത്തിനായി ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പൗരന്മാർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഏതെല്ലാമാണ് എന്ന് ചോദിച്ചപ്പോൾ അത് ഖത്തർ അധികൃതരോടു തന്നെ ചോദിക്കണം എന്നായിരുന്നു ബാഗ്ചിയുടെ മറുപടി. ''ഇതേക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാതെ നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ച് എന്തെങ്കിലും ഊഹിച്ചെടുക്കാനോ സംസാരിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും ഞങ്ങൾ ശ്രമിക്കുകയാണ്'', ബാഗ്ചി കൂട്ടിച്ചേർത്തു.
advertisement
കേരളത്തിൽ നിയമനടപടികൾ നേരിടുന്ന വിദേശ പൗരന്മാർക്കായി താത്കാലിക തടങ്കൽ കേന്ദ്രം സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയതിനു ശേഷമോ വിചാരണ പൂർത്തിയായാൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിലോ കഴിയുന്ന വിദേശ പൗരന്മാർക്കായി ഇത്തരം കേന്ദ്രങ്ങൾ തുറക്കാനാണ് നിർദേശിച്ചത്. ചില വിദേശ പൗരന്മാരെ ജയിലുകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിവിധ കുറ്റങ്ങൾക്ക് രാജ്യത്ത് വിചാരണ നേരിടുന്നവരും ശിക്ഷാ കാലാവധി പൂർത്തിയാക്കി സ്വരാജ്യത്തേക്ക് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാകാൻ കാത്തിരിക്കുന്നവരുമായ വിദേശ പൗരന്മാരെ പാർപ്പിക്കാൻ താൽകാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 2012-ൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. അനധികൃതമായി രാജ്യത്തു പ്രവേശിച്ചവര്‍, വിസയുടെയും പാസ്പോര്‍ട്ടിന്റെയും കാലാവധി തീര്‍ന്നവര്‍, വിചാരണ നേരിടുന്ന വിദേശികള്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തല്‍ കാത്തിരിക്കുന്നവര്‍ എന്നിവരെയാണ് തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കേണ്ടത് എന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. മാതൃകാ തടങ്കല്‍ കേന്ദ്രത്തിന്റെ രൂപരേഖയും സംസ്ഥാന സർക്കാരുകൾക്ക് അയച്ചിരുന്നു.
Location :
First Published :
November 11, 2022 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഖത്തറിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു; അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ