പ്രവാസി തൊഴിലാളികൾ മരിച്ചാൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം; പുതിയ ഇൻഷുറൻസ് പദ്ധതിയുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
- Published by:Vishnupriya S
- news18-malayalam
Last Updated:
യുഎഇയിലെ രണ്ട് പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
ഇന്ത്യയിൽ നിന്നുള്ള പ്രവാസി തൊഴിലാളികൾക്ക്പുതിയ ഇൻഷുറൻസ് പദ്ധതിയുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. യുഎഇ ആസ്ഥാനമായുള്ള തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് ഈ നീക്കം. പുതിയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച അറിയിച്ചു. യുഎഇയിലെ രണ്ട് പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടമോ സ്വാഭാവിക കാരണങ്ങളാലോ ഒരു തൊഴിലാളി മരണപ്പെട്ടാൽ 8 ലക്ഷം രൂപ (35,000 ദിർഹം) മുതൽ 17 ലക്ഷം രൂപ (75,000 ദിർഹം) വരെ നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയാണിത്.
പ്രധാനമായും ബ്ളൂ കോളർ തൊഴിലാളികള്‍ക്കായിരിക്കും ഈ പദ്ധതി ഉപകാരപ്രദമാവുക. 37 ദിർഹം മുതല്‍ 72 ദിർഹം വരെ വാർഷിക പ്രീമിയമുള്ള 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള തൊഴിലാളികൾക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകും. കൂടാതെ ഈ ഇൻഷുറൻസുള്ളയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹവും നൽകും. അതേസമയം യുഎഇയിൽ 35 ലക്ഷത്തോളം ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. അതിൽ 65 ശതമാനവും ബ്ലൂ കോളർ തൊഴിലാളികളാണ്. 2022ല്‍ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റില്‍ 1,750 മരണ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതില്‍ ഏകദേശം 1,100 പേർ തൊഴിലാളികളാണ്. കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്ത 1,513 മരണങ്ങളിൽ 1000ത്തോളം തൊഴിലാളികളുടേതാണ്
advertisement
ഇതിൽ 90 ശതമാനത്തിലധികം കേസുകളിലും സ്വാഭാവിക മരണമാണെന്നും കണ്ടെത്തിയിട്ടുണ്ട്. മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ്, നഷ്ടപരിഹാരം [തൊഴിൽ സംബന്ധമായ പരിക്കുകളും മരണങ്ങളും] എന്നിവ പ്രകാരം ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ ജീവനക്കാരുടെ സ്വാഭാവിക മരണത്തിന് നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ നൽകുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ സ്വാഭാവിക മരണമായതിനാൽ മരണപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ലഭിക്കാറില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഇൻഷുറൻസ് സേവന ദാതാക്കളും ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളും ചേർന്ന് ഇൻഷുറൻസിന്റെ പരിധി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.
Location :
New Delhi,Delhi
First Published :
March 07, 2024 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പ്രവാസി തൊഴിലാളികൾ മരിച്ചാൽ 17 ലക്ഷം രൂപ വരെ നഷ്ടപരിഹാരം; പുതിയ ഇൻഷുറൻസ് പദ്ധതിയുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്