കുവൈറ്റിലേക്ക് പോകുന്നോ? ഫാമിലി, ടൂറിസ്റ്റ് വിസാ അപേക്ഷകർ അറിയേണ്ട പുതിയ നിയമങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
വിസ ലഭ്യമാക്കുന്നതിന് കർശനമായ പുതിയ നിബന്ധനങ്ങളും നിയമങ്ങളും ആണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്
പുതിയ വ്യവസ്ഥകളോടെ ഫാമിലി, കൊമേഷ്യൽ, ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഇതോടെ വിവിധ റെസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്മെന്‍റുകളില്‍ വിസക്ക് അപേക്ഷ നൽകാനായി നിരവധി പ്രവാസികളാണ് കൂട്ടത്തോടെ എത്തുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിസ നടപടികൾ പുനരാരംഭിക്കാനുള്ള തീരുമാനം.
എന്നാൽ വിസ ലഭ്യമാക്കുന്നതിന് കർശനമായ പുതിയ നിബന്ധനങ്ങളും നിയമങ്ങളും ആണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. അത് എന്തൊക്കെയെന്ന് പരിശോധിക്കാം.
1. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകന് 400 കുവൈറ്റ് ദിനാറിൽ കുറയാതെയുള്ള ശമ്പളം ഉണ്ടായിരിക്കണം. ഇനി മറ്റു ബന്ധുക്കളെ കൊണ്ടുവരാൻ അപേക്ഷകന് 800 കുവൈറ്റ് ദിനാർ ശമ്പളവും വേണം
2. വിസിറ്റിംഗ് വിസ കാലാവധി കൃത്യമായി പാലിക്കണം
3. ദേശീയ വിമാനങ്ങളിൽ തന്നെ സന്ദർശകരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണം.
advertisement
4. വിസിറ്റിംഗ് വിസ റസിഡൻസ് പെർമിറ്റാക്കി മാറ്റുന്നതിനുള്ള അഭ്യർത്ഥനകൾ സ്വീകരിക്കില്ല.
5. സന്ദർശകർക്ക് ആശുപത്രികളിലും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും വൈദ്യസഹായം നൽകുമെങ്കിലും വിസ കാലാവധി ലംഘിച്ചാൽ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കില്ല.
6. നിയമം ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ നിയമപ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കും
7. കുവൈറ്റ് കമ്പനിയോ സ്ഥാപനമോ സമർപ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കൊമേഷ്യൽ വിസ നല്‍കുക. കമ്പനിയുടെ പ്രവർത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും യോജിച്ച ബിരുദമോ അല്ലെങ്കില്‍ സാങ്കേതിക യോഗ്യതയോ ഉള്ളവർക്ക് മാത്രമായിരിക്കും ഈ വിസകൾ അനുവദിക്കുക.
advertisement
8. 53 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് പോർട്ട് ഓഫ് എൻട്രിയില്‍ നിന്ന് നേരിട്ട് ടൂറിസ്റ്റ് വിസകൾ ലഭിക്കും. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റായ www.moi.gov.kw വഴി ഇലക്‌ട്രോണിക് വിസയായും ടൂറിസ്റ്റ് വിസകള്‍ ലഭ്യമാകും.
9. റെസല്യൂഷൻ നമ്പർ 2030/2008 പ്രകാരം നിർദ്ദിഷ്ട തൊഴിലുകളും മാനദണ്ഡങ്ങളും പാലിക്കുന്നവർക്കും ഹോട്ടലുകളും കമ്പനികളുമായി ഓട്ടോമേറ്റഡ് ഇൻ്റർഫേസ് ഉള്ളവർക്കും ടൂറിസ്റ്റ് വിസ നൽകും.
അതേസമയം ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളിലാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. എന്നാൽ ജഹ്‌റ ഗവർണറേറ്റിൽ അപേക്ഷകരുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ട്. ഇതിൽ നിബന്ധനകൾ പാലിക്കാതെ വന്ന അപേക്ഷകൾ അധികൃതർ നിരസിക്കുകയും ചെയ്തു. കൂടാതെ ഫർവാനിയ ഗവർണറേറ്റിൽ നിരവധി പ്രവാസികളെ മുൻകൂട്ടി ബുക്ക് ചെയ്യാത്തത് മൂലം തിരിച്ചയക്കുകയും ചെയ്തിരുന്നു.
advertisement
അപേക്ഷ സമർപ്പിക്കുന്നതിനായി ഫോം പ്രിൻ്റ് ചെയ്യുകയും ആവശ്യമായ പേപ്പറുകളും രേഖകളും അറ്റാച്ച് ചെയ്യുകയും തുടർന്ന് ഡിപ്പാർട്ട്‌മെൻ്റിന് സമർപ്പിക്കുകയും ചെയ്യേണ്ടതിനാൽ മെറ്റാ ആപ്ലിക്കേഷൻ സന്ദർശിക്കാനും ആളുകൾക്ക് അധികൃതർ നിർദ്ദേശം നൽകി. എല്ലാ റെസിഡൻസ് അഫയേഴ്‌സ് ഓഫീസുകളിലുമായി ഇന്നലെ രാവിലെ 900 ത്തോളം അപേക്ഷകൾ ലഭിച്ചതായാണ് വിലയിരുത്തൽ. ഫാമിലി വിസിറ്റ് വിസയ്ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസിറ്റ് വിസയ്ക്ക് മൂന്ന് മാസവും ആയിരിക്കും കാലാവധി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയാണ് ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്.
Location :
New Delhi,Delhi
First Published :
February 09, 2024 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിലേക്ക് പോകുന്നോ? ഫാമിലി, ടൂറിസ്റ്റ് വിസാ അപേക്ഷകർ അറിയേണ്ട പുതിയ നിയമങ്ങൾ