ഉംറ വിസാ കാലാവധി അവസാനിക്കുന്നതിന് പുതിയ തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് സുഗമമായി അത് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് മന്ത്രാലയം തീയതി മാറ്റിയത്
രാജ്യത്തിന് പുറത്ത് നിന്നും തീർഥാടനത്തിനെത്തുന്നവരുടെ ഉംറ വിസ കാലാവധി നീട്ടി സൗദി അറേബ്യയിലെ ഹജ് – ഉംറ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. നിലവിലുള്ള ഹിജ്റ സീസണിലേക്കുള്ള തീയതിയാണ് സൗദി രാജവംശത്തിന് കീഴിലുള്ള മന്ത്രാലയം നീട്ടിയിരിക്കുന്നത്. ഉംറ വിസയുടെ കാലാവധി ദുൽ-ഖഅദ 15-ന് അഥവാ മെയ് 23ന് അവസാനിക്കുമെന്ന് മന്ത്രാലയം എക്സിൽ വ്യക്തമാക്കി.
ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് സുഗമമായി അത് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് മന്ത്രാലയം തീയതി മാറ്റിയത്. മന്ത്രാലയത്തിൻ്റെ ബെനിഫിഷ്യറി കെയർ എക്സ് അക്കൗണ്ടിൽ ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് മന്ത്രാലയം തീയതി വ്യക്തമാക്കിയത്. തീർഥാടകർക്ക് ഹജ് കർമം നിർവഹിക്കുന്നതിന് ഏത് തീയതി വരെ സൗദി അറേബ്യയിൽ തുടരാമെന്ന ചോദ്യത്തിനാണ് ഉത്തരം ലഭിച്ചത്. ഉംറ വിസയുടെ സാധുത ഇഷ്യൂ ചെയ്ത് മൂന്ന് മാസമാണെന്നും ദുൽ-ഖഅദ 15-ന് അവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉംറ വിസയുള്ള തീർത്ഥാടകർക്ക് ഹജ്ജിൻ്റെ കർമ്മങ്ങൾ ചെയ്യാൻ സാധിക്കുകയില്ല. ഈ വർഷത്തെ ഹജ് കർമത്തിനായുള്ള വിസ ഇഷ്യൂ ചെയ്ത് തുടങ്ങിയത് മാർച്ച് 1 മുതലാണ്. ഏപ്രിൽ 29 വരെയാണ് വിസ നൽകുക. 2024 മെയ് 9 മുതൽ സൗദി അറേബ്യയിൽ തീർത്ഥാടകർ എത്താൻ തുടങ്ങും. ഈ വർഷം ജൂൺ 14 മുതൽ ഹജ്ജ് തീർഥാടനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ശാരീരികമായും സാമ്പത്തികമായും കഴിവുള്ള മുസ്ലീങ്ങൾ മക്കയിൽ പോയി ഒരു തവണയെങ്കിലും ഹജ്ജ് കർമം സ്വീകരിക്കണമെന്നാണ് വിശ്വാസം.
Location :
New Delhi,Delhi
First Published :
April 17, 2024 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഉംറ വിസാ കാലാവധി അവസാനിക്കുന്നതിന് പുതിയ തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ