സൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇൻഷുറൻസിനായി തൊഴിലാളികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ആരോഗ്യ വിവരങ്ങൾ അടങ്ങുന്ന രേഖ സമർപ്പിക്കണം
വീട്ടു ജോലിക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സൗദി അറേബ്യ. രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ക്ഷേമവും ഒപ്പം ആവശ്യമായ ആരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കലുമാണ് പുതിയ നയത്തിന്റെ ലക്ഷ്യം. സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസും (സിഎച്ച്ഐ) ഇൻഷുറൻസ് അതോറിറ്റിയും ഇത് സംബന്ധിച്ച ഉത്തരവ് ജൂലൈ ഒന്നിന് പുറപ്പെടുവിച്ചു.
സൗദിയിൽ ജോലി ചെയ്യുന്ന 37 ലക്ഷം തൊഴിലാളികൾക്ക് പുതിയ നയത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നയ പ്രകാരം, നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള കുടുംബങ്ങൾ എല്ലാ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകണം. ഇൻഷുറൻസിനായി തൊഴിലാളികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ആരോഗ്യ വിവരങ്ങൾ അടങ്ങുന്ന രേഖ സമർപ്പിക്കണം.
ഗാർഹിക തൊഴിലാളികളുടെ ക്ഷേമവും ഒപ്പം ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണവും പുതിയ നയം ഉറപ്പാക്കുന്നുവെന്ന് സിഎച്ച്ഐ വക്താവായ ഇമാൻ അൽ-താരിഖി പറഞ്ഞു. രാജ്യത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് സമീപ വർഷങ്ങളിൽ നിരവധി പരിഷ്കാരങ്ങൾ സൗദി ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളെ തൊഴിലുടമകൾ സ്‌പോൺസർ ചെയ്യുന്ന കഫാല സമ്പ്രദായം സൗദി നിർത്തലാക്കിയിരുന്നു.
Location :
New Delhi,Delhi
First Published :
July 03, 2024 3:01 PM IST