UAE President| ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്
- Published by:Rajesh V
- news18-malayalam
Last Updated:
2004 മുതൽ അബുദാബി കിരീടാവകാശിയും 2005 മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ഷേയ്ഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ്
അബുദാബി: ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് ആൽ നഹ്യാനെ (61) (Sheikh Mohamed bin Zayed Al Nahyan) യുഎഇയുടെ (UAE) പുതിയ പ്രസിഡൻറായി പ്രഖ്യാപിച്ച് യുഎഇ സുപ്രീം കൗൺസിൽ (Supreme Council). പ്രസിഡന്‍റ് ഷേയ്ഖ് ഖലീഫ ബിൻ സയിദിന്‍റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിച്ചത്. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് തീരുമാനമെടുത്തത്. അബുദാബിയിലെ അൽ മുഷ്റിഫ് കൊട്ടാരത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
2004 മുതൽ അബുദാബി കിരീടാവകാശിയും 2005 മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ഷേയ്ഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ്. തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘാടക മികവ്, പ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ യുഎഇ സായുധസേനയെ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
The Supreme Council of the #UAE elected H.H. Sheikh Mohammed bin Zayed Al Nahyan, Ruler of Abu Dhabi, as the President of the UAE.
— Dubai Media Office (@DXBMediaOffice) May 14, 2022
advertisement
യുഎഇയുടെ മൂന്നാമത്തെ പ്രസിഡൻറും 17ാമത് അബുദാബി ഭരണാധികാരിയുമായാണ് 61കാരനായ ഷേയ്ഖ് മുഹമ്മദ് നിയമിതനായിരിക്കുന്നത്. ഷേയ്ഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂം പുതിയ പ്രസിഡന്‍റിന് എല്ലാ പിന്തുണയും അറിയിച്ചു.
ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് തന്റെ സഹോദരന്മാരും എമിറേറ്റ്സിലെ സുപ്രീം കൗൺസിൽ അംഗങ്ങളും ഭരണാധികാരികളും തന്നിൽ അർപ്പിക്കുന്ന വിലയേറിയ വിശ്വാസത്തിന് നന്ദി അറിയിച്ചു. ഈ മഹത്തായ വിശ്വാസത്തിന്റെ ഉത്തരവാദിത്തം വഹിക്കുന്നതിനും നിറവേറ്റുന്നതിനും തന്നെ നയിക്കാനും സഹായിക്കാനും സർവ്വശക്തനോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
2004 നവംബർ രണ്ടിനാണ് യുഎഇയുടെ പിതാവ് ഷേയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വേർപാടിനു ശേഷം ഒരു ദിവസം കഴിഞ്ഞ് ഷേയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്. ഷേയ്ഖ് ഖലീഫയുടെ വിയോഗത്തെതുടർന്ന് യുഎഇ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങൾക്കും ഇന്നുമുതൽ മൂന്നു ദിവസമാണ് ഔദ്യോഗിക അവധി. 17ന് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.
Location :
First Published :
May 14, 2022 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE President| ഷേയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്