ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിക്ക് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അനുമതി നല്‍കി
- Published by:Vishnupriya S
- news18-malayalam
Last Updated:
ദുബായ് മെട്രോയുടെ 30 കിലോമീറ്റര്‍ വിപുലീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ദുബായ് മെട്രോയുടെ ഭാഗമായ ബ്ലൂ ലൈന്‍ പദ്ധതിക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അനുമതി നല്‍കി. ദുബായ് മെട്രോയുടെ 30 കിലോമീറ്റര്‍ വിപുലീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ പത്ത് ലക്ഷമാളുകള്‍ക്ക് അത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് 18 ബില്ല്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നിലവിലുള്ള റെഡ്, ഗ്രീന്‍ മെട്രോ ലൈനുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്ലൂ ലൈന്‍ നിര്‍മിക്കുന്നത്.
ആകെയുള്ള 30 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 15.5 കിലോമീറ്റര്‍ ഭൂഗർഭ പാതയായിരിക്കും. ശേഷിക്കുന്ന 14.5 കിലോമീറ്റര്‍ എലിവേറ്റഡ് റെയില്‍പാതയായിരിക്കും. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ഇന്റര്‍നാഷണല്‍ സിറ്റി, അല്‍ റാഷിദിയ, അല്‍ വര്‍ഖ, മിര്‍ദിഫ്, ദുബായ് സിലികോണ്‍ ഓയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയവയെല്ലാം ബ്ലൂ ലൈന്‍ പദ്ധതി കടന്നുപോകുന്നതിന് സമീപത്തായിസ്ഥിതി ചെയ്യുന്നു. 2029-ല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിക്കും. ദിവസം പുതുതായി 3.2 ലക്ഷം യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
advertisement
കഴിഞ്ഞ 14 വര്‍ഷത്തിനിടെ രണ്ട് ബില്ല്യണിലധികം യാത്രക്കാരെ വഹിച്ച ദുബായ് മെട്രോ നഗരത്തിന്റെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണെന്ന് ഷെയ്ഖ് മുഹമ്മദ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ബ്ലൂ ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബായ് മെട്രോയുടെ ദൈര്‍ഘ്യം 131 കിലോമീറ്ററാകും. 2009-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവര്‍രഹിത മെട്രോ ശൃംഖലയാണ്. 78 സ്‌റ്റേഷനുകളിലായി 168 ട്രെയ്‌നുകളാണ് പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബായ് ക്രീക്ക് മുറിച്ചു കടക്കുന്ന ആദ്യ ട്രെയ്‌നുകളാണ് ബ്ലൂലൈനിന്റേത്. ഗ്രീന്‍ ലൈനിന്റെ തെക്കുഭാഗത്തുള്ള ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന പാത ദുബായ് ഫെസ്റ്റിവല്‍ സിറ്റിയും ദുബായ് ക്രീക്ക് ഹാര്‍ബറും കടന്നുപോകും. ഇന്റര്‍നാഷണല്‍ സിറ്റി മേഖലയില്‍ 44,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഏറ്റവും വിപുലമായ ഭൂഗര്‍ഭ സ്റ്റേഷനും ഇതിന് ഉണ്ടാകും. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നിര്‍മാണ ശൈലിയാണ് ബ്ലൂ ലൈനിനായി ആവിഷ്‌കരിച്ചിരിക്കുന്നത്.
advertisement
ബ്ലൂ ലൈനിന് കീഴില്‍ 14 സ്റ്റേഷനുകളാണ് ഉണ്ടാകുകയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. അവയില്‍ ഏഴെണ്ണം എലവേറ്റഡ് ആയിരിക്കും. അഞ്ച് സ്‌റ്റേഷനുകളാണ് ഭൂമിക്ക് അടിയിലൂടെയായിരിക്കും. ഇവ കൂടാതെ രണ്ട് എലവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും ഉണ്ടായിരിക്കും. ഇവ നിലവിലെ സെന്റര്‍പോയിന്റെ സ്‌റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കും. 28 പുതിയ ട്രെയ്‌നുകള്‍ക്കുവേണ്ടിയുള്ള ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുണ്ട്. പരമാവധി 60 ട്രെയ്‌നുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇവയ്ക്കുണ്ട്.
advertisement
പദ്ധതിക്കായുള്ള ഭൂഗര്‍ഭ ഇടനാഴിയുടെ നിര്‍മാണം 2025-ല്‍ ആരംഭിക്കും. 2028-ല്‍ ട്രയല്‍ റണ്‍ നടത്തും. 2029-ല്‍ പദ്ധതി ഔദ്യോഗികമായി പൊതുഗതാഗതത്തിന് തുറന്നു നല്‍കും.
ദുബായ് 2024 അര്‍ബന്‍ പ്ലാനിന്റെ ഭാഗമാണ് ബ്ലൂ ലൈന്‍ മെട്രോ. 2021 മാര്‍ച്ചിലാണ് അര്‍ബന്‍ ബ്ലാന്‍ ദുബായ് അവതരിപ്പിച്ചത്. 2040-ല്‍ ദുബായിലെ ജനസംഖ്യ 5.8 മില്ല്യണിലെത്തുമെന്ന് കരുതിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
Location :
New Delhi,Delhi
First Published :
November 26, 2023 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിക്ക് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അനുമതി നല്‍കി