Pope Francis | ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ബഹ്റൈനിൽ; മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം
- Published by:Arun krishna
- news18-malayalam
Last Updated:
സൗദി അറേബ്യയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ശനിയാഴ്ച മാർപ്പാപ്പ കാർമികത്വം വഹിക്കുന്ന കുർബാനയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ
വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങൾക്കും അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാർപാപ്പ ബഹ്റൈനിലെത്തി. സുന്നി ഭൂരിപക്ഷമുള്ള ഗൾഫ് രാജ്യമായ ബഹ്‌റൈനിലേക്ക് മാർപാപ്പ നടത്തുന്ന ആദ്യത്തെ സന്ദർശനമാണിത്. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നേരിട്ടെത്തി മാർപാപ്പയെ സ്വീകരിച്ചു.
അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അധികാരം ദുരുപയോഗം ചെയ്യരുതെന്നും മാർപാപ്പ പറഞ്ഞു. മതസ്വാതന്ത്ര്യം പൂർണമായിരിക്കണം എന്നും ഇത് ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് അറബ് രാജ്യങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടാമത്തെ സന്ദർശനമാണിത്. 2019 ൽ അദ്ദേഹം യുഎഇയിലെ അബുദാബി സന്ദർശിച്ചിരുന്നു. അവിടെവെച്ച് പ്രമുഖ സുന്നി പുരോഹിതനായ ഷെയ്ഖ് അഹമ്മദ് അൽ തയീബുമായി കത്തോലിക്ക-മുസ്ലിം സാഹോദര്യം പ്രോത്സാഹിപ്പിക്കുന്ന ഒരു രേഖയിലും അദ്ദേഹം ഒപ്പുവെച്ചിരുന്നു. ഈ ആഴ്‌ച ബഹ്‌റൈനിൽ അൽ-തയീബും മറ്റ് പ്രമുഖ മതവിശ്വാസികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.
advertisement
ബഹ്‌റൈനിലെ എണ്ണായിരത്തോളം വരുന്ന കത്തോലിക്കാ സമൂഹത്തെയും മാർപാപ്പ കാണും. ഇവരിൽ ഭൂരിഭാഗം പേരും ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സൗദി അറേബ്യയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ശനിയാഴ്ച മാർപ്പാപ്പ കാർമികത്വം വഹിക്കുന്ന കുർബാനയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് ബെഹ്റൈനിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ സമാധാന പ്രാർഥനയും മതമൈത്രി സമ്മേളനവും നടത്തി.
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ബഹ്‌റൈൻ സർക്കാർ ആവർത്തിച്ച് വിമർശിക്കപ്പെട്ടിട്ടുണ്ട്. ബഹ്‌റൈനിലെ വധശിക്ഷ പോലുള്ള ശിക്ഷാ രീതികളും രാഷ്ട്രീയ അടിച്ചമർത്തലും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യാൻ മാർപാപ്പയുടെ സന്ദർശനം ഉപയോഗപ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടനകളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷിയ സമുദായത്തിൽ പെട്ടവരുടെ ബന്ധുക്കളും അഭ്യർത്ഥിച്ചിരുന്നു.
advertisement
സുന്നി നേതൃത്വം അധികാരത്തിലിരിക്കുന്ന രാജ്യത്ത് ചില പരിഷ്‌കരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഷിയാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പ്രവർത്തകർ 2011ൽ രാജ്യത്തുടനീളം പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ ഭരണകക്ഷിയായ അൽ ഖലീഫ കുടുംബം വിയോജിപ്പുകളെയെല്ലാം അടിച്ചമർത്തിക്കൊണ്ടാണ് പ്രതികരിച്ചത്. ഇവർ അയൽരാജ്യമായ സൗദി അറേബ്യയുടെ സഹായം തേടുകയും പ്രതിഷേധക്കാർക്കെതിരെ സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തെത്തുടർന്ന് ബഹ്‌റൈനിലെ പ്രതിപക്ഷ പാർട്ടികളെ നിയമവിരുദ്ധരായി പ്രഖ്യാപിക്കുകയും നൂറുകണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ നടപടി അന്താരാഷ്ട്ര തലത്തിൽ തന്നെ നിരവധി വിമർശനത്തിന് കാരണമായി.
advertisement
വധശിക്ഷ വിധിക്കുന്ന ചില കേസുകളിൽ പീഡിപ്പിച്ചും നിർബന്ധിച്ചുമുള്ള കുറ്റസമ്മതം നടക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ആരോപണങ്ങളെല്ലാം ബഹ്‌റൈൻ തള്ളുകയാണ് ചെയ്തിട്ടുള്ളത്. സർക്കാരിനെ താഴെയിറക്കാൻ ഇറാൻ പ്രതിഷേധക്കാരെ പരിശീലിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തുവെന്നും ബഹ്റൈൻ സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ഇറാൻ നിഷേധിക്കുകയാണുണ്ടായത്.
Location :
First Published :
November 05, 2022 8:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Pope Francis | ഫ്രാൻസിസ് മാർപാപ്പ ആദ്യമായി ബഹ്റൈനിൽ; മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം