News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 31, 2019, 7:38 PM IST
News18
ദുബായ്: പേരക്കിടാവിനെ നോക്കിയില്ല എന്ന കാരണം പറഞ്ഞ് സ്വന്തം അമ്മയെ പട്ടിണിക്കിട്ടു പീഡിപ്പിച്ചു കൊന്ന ഇന്ത്യക്കാരായ മകനെയും അയാളുടെ ഭാര്യയെയും ദുബായ് കോടതി 10 വർഷം തടവിന് ശിക്ഷിച്ചു.
29 കാരനായ മകനും 28കാരിയായ ഭാര്യയും ഇരയെ ഗിസൈസിലെ വീട്ടിൽ 2018 ജൂലൈ മുതൽ ഒക്ടോബറിൽ മരണം വരെ പട്ടിണിക്കിട്ട് പീഡിപ്പിച്ചുവെന്നാണ് ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് പ്രകാരമുള്ള കേസ്. മരിക്കുമ്പോൾ അമ്പതു വയസിനു മേൽ പ്രായമുള്ള സ്ത്രീയുടെ തൂക്കം വെറും 29 കിലോ മാത്രമായിരുന്നു.
നാട്ടിൽ നിന്നെത്തിയ അമ്മായി അമ്മ കുട്ടിയെ ശരിയായി നോക്കാതിരുന്നതിനാൽ കുട്ടിക്ക് അസുഖം വന്നുവെന്ന് മരുമകൾ പറഞ്ഞതായി അവരുടെ ഒരു അയൽക്കാരൻ കോടതിയിൽ മൊഴി നൽകിയിരുന്നു. പിന്നീട് ആ സ്ത്രീയുടെ മോശമായ അവസ്ഥ കണ്ട അയൽക്കാരനാണ് സെക്യൂരിറ്റി ഗാഡിനെ വിവരമറിയിച്ചത്.
ശരീരത്ത് പൊള്ളലേറ്റ സ്ത്രീയെ അവരുടെ മകന്റെ വീട്ടിൽ നിലത്തു കിടക്കുന്ന രീതിയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അയൽക്കാരൻ മൊഴി നൽകി. തന്റെ അമ്മയാണ് അതെന്നും കട്ടിലിൽ കിടക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ട് അവർ നിലത്തു കിടക്കുകയാണെന്നുമായിരുന്നു മകൻ അയൽക്കാരനോടും സെക്യൂരിറ്റിയോടും പറഞ്ഞത്. അവർ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു എന്നും അയാൾ പറഞ്ഞു. പൊള്ളലേറ്റ അവരുടെ ശരീരത്തിലേക്ക് സാരി ഉരുകി ചേർന്നിട്ടുണ്ടായിരുന്നുവെന്നും സാക്ഷി കോടതിയെ അറിയിച്ചു .
വേദന കൊണ്ട് പുളഞ്ഞ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ താൻ ആംബുലൻസ് വിളിച്ചുവെങ്കിലും മകൻ യാതൊരു സഹായവും ചെയ്തില്ല, അയൽക്കാരൻ പറഞ്ഞു. മറ്റ് അയൽക്കാരുടെ സഹായത്തോടെയാണ് അവരെ വീൽ ചെയറിൽ കയറ്റിയത്. റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ ഒരു മാസത്തിനുള്ളിൽ മരണമടഞ്ഞു.
ജയിൽ ശിക്ഷയ്ക്കു ശേഷം ദമ്പതികളെ നാടുകടത്തും.
First published:
October 31, 2019, 7:35 PM IST