രാജ്യത്ത് അബോർഷൻ നടത്തുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ
- Published by:Vishnupriya S
- news18-malayalam
Last Updated:
യുഎഇയിൽ നിയമവിധേയമായി ഗർഭഛിദ്രം നടത്തുന്നതിന് പാലിക്കേണ്ട നിർദ്ദേശങ്ങള്‍
യുഎഇയിൽ ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള പുതിയ നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും പ്രഖ്യാപിച്ച് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം (MoHAP). ഗർഭിണിയായ സ്ത്രീയുടെ ജീവൻ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ മേൽനോട്ടം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. യുഎഇയിൽ നിയമവിധേയമായി ഗർഭഛിദ്രം നടത്തുന്നതിന് പാലിക്കേണ്ട നിർദ്ദേശങ്ങളും മന്ത്രാലയം എക്‌സിൽ പങ്കുവെച്ചു.
ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയത്തിന്റെയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി മേധാവിയുടെയോ തീരുമാനപ്രകാരം അതതു മേഖലാ ആരോഗ്യ സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകളിൽ തീരുമാനം എടുക്കുക.ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ്, സൈക്യാട്രി സ്പെഷ്യലിസ്റ്റ്, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധി എന്നിവർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടുന്നതായിരിക്കും ഈ കമ്മിറ്റി. കൂടാതെ ആവശ്യമുള്ളപ്പോള്‍ ഉചിതമായ മൂന്നാംകക്ഷിയെ സമീപിക്കാനും കമ്മിറ്റിക്ക് അനുമതിയുണ്ട്.
ഗർഭഛിദ്രം നടത്തുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ
- ഗർഭിണിയുടെ ജീവന് അപകടമുണ്ടാകുകയോ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നിയമവിധേയമായി ഗർഭഛിദ്രം നടത്താൻ അനുവദിക്കും
- ഗർഭകാലം 120 ദിവസം പിന്നിട്ടവരില്‍ ഗർഭഛിദ്രം പാടില്ലെന്നും നിബന്ധനയുണ്ട്.
- ഗർഭിണിയുടെ ജീവന് ഹാനി സംഭവിക്കാത്ത വിധം ലൈസൻസുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനത്തിൽ സ്പെഷലിസ്റ്റ് ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റിനെക്കൊണ്ടു മാത്രമേ ഗർഭഛിദ്രം നടത്താവൂ.
- ഗർഭഛിദ്രം നടത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ജീവനക്കാർ അവർക്കുവേണ്ട സേവനങ്ങൾ ചെയ്യുന്നുണ്ടോ എന്നതും ഉറപ്പാക്കാൻ പുതിയ നയങ്ങൾ കൊണ്ടുവരും.
- ഗർഭഛിദ്രത്തിന് വിധേയമാകുന്ന ഗർഭിണിയുടെ സ്വകാര്യതയും രഹസ്യാത്മകതയും നിലനിർത്താൻ യുഎഇയിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ഗർഭഛിദ്രം നടത്താൻ ലൈസൻസുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും അവ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയും ചെയ്യേണ്ടത് ആരോഗ്യ അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്.
advertisement
Location :
New Delhi,Delhi
First Published :
June 14, 2024 11:57 AM IST