വാഷിംഗ്ടണ്‍: സൗദി അറേബ്യയ്ക്കും (Saudi Arabia) യുണൈറ്റഡ് അറബ് എമിറേറ്റ്സിനും (UAE) 5 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാഗ്ദാനം ചെയ്ത്അമേരിക്ക (US).
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയില്‍ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും ഇറാനില്‍ നിന്ന് വലിയ ഭീഷണി നേരിടുന്നതിനാലുമാണ് അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനം നൽകാൻ അംഗീകാരം നല്‍കിയത്.
സൗദി അറേബ്യ 300 പാട്രിയറ്റ് എംഐഎം-104ഇ മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഏറെ ദൂരത്ത് നിന്നുള്ള ബാലിസ്റ്റിക്കും, ക്രൂയിസ് മിസൈലുകളും ആക്രമണ വിമാനങ്ങളും തകര്‍ക്കാന്‍ ഇതു കൊണ്ട് സാധിക്കും. അതേസമയം, മിസൈലുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ വിവിധ ഭാഗങ്ങളുടെയും മൂല്യം 3.05 ബില്യണ്‍ ഡോളറാണെന്ന് വകുപ്പ് അറിയിച്ചു.
അടുത്തിടെ ഇറാനിയന്‍ ഉപകരണങ്ങളും സാങ്കേതികവിദ്യയും ലഭിച്ച യെമനിലെ ഹൂതി വിമതരുടെ റോക്കറ്റ് ആക്രമണങ്ങൾ സൗദി അറേബ്യ നേരിട്ടിരുന്നു.
'സ്ഥിരമായ ഹൂതി ആക്രമണത്തില്‍ നിന്ന് സൗദി അറേബ്യയുടെ അതിര്‍ത്തികളെയും ജനവാസ കേന്ദ്രങ്ങളിലേക്കും നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളിലേക്കുമുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെയും പ്രതിരോധിക്കാനാണ് ഈ മിസൈലുകള്‍ ഉപയോഗിക്കുകയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ഇതിന് പുറമെ, യു.എ.ഇ.ക്ക് 2.25 ബില്യണ്‍ ഡോളറിന് ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് മിസൈല്‍ സംവിധാനങ്ങളും അമേരിക്ക വില്‍ക്കും. അടുത്തിടെ ഹൂതികളുടെ റോക്കറ്റ് ആക്രമണങ്ങള്‍ യുഎഇയെ ലക്ഷ്യം വച്ചിരുന്നു. ഇത് സൗദി ആസ്ഥാനമാക്കിയുള്ള യുഎസ് സൈന്യം നടത്തുന്ന പ്രതിരോധ സംവിധാനങ്ങളാൽ ഭാഗികമായി പ്രതിരോധിക്കപ്പെട്ടിരുന്നു.
മിസൈല്‍ വാങ്ങുന്നതിലൂടെ ഈ മേഖലയിലെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ നേരിടാനുള്ള യുഎഇയുടെ കഴിവ് മെച്ചപ്പെടുത്തുകയും യുഎസ് സേനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
Also Read-
UAE | യുഎഇയില്‍ കനത്ത മഴ; പ്രളയത്തില്‍ ഏഴ് പ്രവാസികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം
നേരത്തെ റഷ്യയുടെ അധിനിവേശ സമയത്ത് യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്ക പറഞ്ഞിരുന്നു, അമേരിക്കയും ബ്രിട്ടണും ഉള്‍പ്പടെ 27 രാജ്യങ്ങള്‍ യുക്രെയ്‌ന് ആയുധം നല്‍കാന്‍ തയ്യാറാണെന്ന് സ്‌കൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്‌നെ സഹായിക്കുമെന്ന് ഈ രാജ്യങ്ങളുടെ ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ആയുധം നല്‍കാന്‍ തീരുമാനിച്ചത്.
എന്നാല്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുക്രെയ്നിന് വിതരണം ചെയ്ത ആയുധങ്ങള്‍ ആക്രമണത്തില്‍ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടിരുന്നു. യുക്രേനിയന്‍ നഗരമായ ഒഡെസയ്ക്ക് സമീപമുള്ള സൈനിക എയര്‍ഫീല്‍ഡിലെ റണ്‍വേ തകര്‍ത്തതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഒഡെസയിലെ പ്രധാന വിമാനത്താവളത്തില്‍ പുതുതായി നിര്‍മ്മിച്ച റണ്‍വേ റഷ്യ ആക്രമിച്ചതായി നേരത്തെ യുക്രെയ്ന്‍ ആരോപിച്ചിരുന്നു, ഇതിന് പിന്നാലെയാണ് എയര്‍ഫീല്‍ഡില്‍ ഏറ്റവും ഉയര്‍ന്ന പ്രഹരശേഷിയുള്ള ഒനിക്‌സ് മിസൈലുകള്‍ ഉപയോഗിച്ചതായി റഷ്യന്‍ മന്ത്രാലയം സ്ഥിരീകരിച്ചത്. അമേരിക്കയും മറ്റും യൂറോപ്യന്‍ രാജ്യങ്ങളും നല്‍കിയ ആയുധങ്ങള്‍ യുക്രെയ്ന്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.