ദുബായ് കിരീടാവകാശി (Dubai Crown Prince) ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ (Mohammed bin Rashid Al Maktoum) സോഷ്യൽ മീഡിയ ചിത്രങ്ങൾ വൈറലാകുന്നു. സുഹൃത്തിനൊപ്പമുള്ള ലണ്ടൻ യാത്രയുടെ ചിത്രങ്ങൾ വൈറലായതോടെ സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.
ഫാസ (Fazza) എന്ന പേരിലാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയപ്പെടുന്നത്. തിരക്കേറിയ ലണ്ടൻ മെട്രോ ട്രെയിനിനുള്ളിൽ ബാദർ എന്ന സുഹൃത്തിനോടൊപ്പമുള്ള വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ഏറെ ദൂരം പോകാനുണ്ട്- ബാദര്‍ ആണെങ്കില്‍ ഇപ്പോഴേ ബോറടിച്ചുതുടങ്ങി'', എന്ന അടിക്കുറിപ്പോടെയാണ് ഷെയ്ഖ് ഹംദാൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അവധിക്കാലം ആഘോഷിക്കാനാണ് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം അദ്ദേഹം ലണ്ടനിലെത്തിയത്. പിറകില്‍ യാത്രക്കാരെയും കാണാം. മെട്രോ ട്രെയിനിലെ യാത്രക്കാർക്കാരിലാർക്കും യുഎഇ കിരീടാവകാശിയെ തിരിച്ചറിയാനായില്ല എന്നാണ് ഒരു ചിത്രത്തിൽ നിന്നും മനസിലാകുന്നത്. ലണ്ടനിൽ താമസിക്കുന്ന ദുബായ് നിവാസികൾക്കൊപ്പം ഫാസ ഫോട്ടോകളെടുക്കുന്നത് മറ്റൊരു വീഡിയോയിൽ കാണാം.
ഒരു മലയാളി ഫോട്ടോഗ്രഫറുടെയും പാകിസ്താനി ഫോട്ടോഗ്രാഫറുടെയും ചിത്രങ്ങൾക്ക് അടുത്തിടെ ഫാസയുടെ ലൈക്ക് ലഭിച്ചിരുന്നു. ദുബായിൽ നിന്നെടുത്ത ചിത്രങ്ങൾക്കായിരുന്നു അഭിനന്ദനം. ഇരുവരും നന്ദി പറഞ്ഞു കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഫാസ്3 എന്ന സ്വന്തം അക്കൗണ്ടിൽ നിന്നാണ് ഷെയ്ഖ് ഹംദാൻ ഇവരുടെ ചിത്രങ്ങൾക്കു താഴെ തംപ്സ് അപ് പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹത്തിന് നിലവിൽ 14.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, ഫാസ ഡെലിവറി ഡ്രൈവറായ അബ്ദുൾ ഗഫൂർ അബ്ദുൾ ഹക്കീമിനെയും സന്ദർശിച്ചിരുന്നു. റോഡിൽ നിന്ന് കോൺക്രീറ്റ് കട്ടകൾ നീക്കം ചെയ്ത ഈ ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരക്കേറിയ റോഡിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷ ഉറപ്പാക്കിയ ഗഫൂർ എല്ലാവർക്കും മാതൃകയാണെന്നും ഫാസ പറഞ്ഞിരുന്നു.
also read: 25 വയസ് വരെയുള്ള ആൺമക്കളെ സ്പോൺസർ ചെയ്യാം; യുഎഇ ഗ്രീൻ, ഗോൾഡൻ വിസകളിലും മാറ്റംരാജകുടുംബത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിനു പുറമേ, ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാൻ കൂടിയാണ് ഫാസ. ഒരു വിനോദസഞ്ചാര കേന്ദ്രമായും നിക്ഷേപ കേന്ദ്രമായും ദുബായ്‍യെ മാറ്റുക എന്ന ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്. യുവാക്കൾക്കിടയിൽ അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. പലപ്പോഴും സ്വന്തം പദവി വെളിപ്പെടുത്താതെ അദ്ദേഹം യാത്രകൾ നടത്താറുണ്ട്.
തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം അദ്ദേഹത്തിൻറെ പേരക്കുട്ടികളും കുടുംബാംഗങ്ങളും ഒന്നിച്ചിരിക്കുന്ന ചിത്രവും മുൻപ് ഫാസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രവും വൈറലായിരുന്നു. പെരുന്നാൾ (ഈദ് അൽ ഫിത്ർ) ആഘോഷവേളയിലാണ് ചിത്രമെടുത്തത്. കുടുംബത്തിലെ മറ്റ് അംഗങ്ങളും ഈ ചിത്രം പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.