സൗദി അറേബ്യയിൽ കഫാല സമ്പ്രദായം നിർത്തിയത് തൊഴിലാളികളെ എങ്ങനെയാണ് ബാധിക്കുന്നത്
- Published by:Rajesh V
- news18-malayalam
Last Updated:
കഫാല സമ്പ്രദായം നിർത്തലാക്കിയത് സമീപ ദശകങ്ങളിലെ ആധുനിക മിഡിൽ ഈസ്റ്ററിലെ ഏറ്റവും സുപ്രധാനമായ തൊഴിൽ പരിഷ്കാരങ്ങളിൽ ഒന്നാണ് എന്നതിൽ സംശയമില്ല
സൗദി അറേബ്യ 'കഫാല' സ്പോൺസർഷിപ്പ് സമ്പ്രദായം ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇതോടെ, വിദേശ തൊഴിലാളികളുടെ താമസാനുമതിയെയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച 50 വർഷത്തിലേറെ പഴക്കമുള്ള സംവിധാനത്തിന് അന്ത്യമായി. വിഷൻ 2030ൻ്റെ ഭാഗമായുള്ള ഈ സുപ്രധാന പരിഷ്കരണം, ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും സ്വാതന്ത്ര്യം നൽകുന്നു. തൊഴിലാളികളുടെ അന്തസ് വർധിപ്പിക്കാനും ചൂഷണം കുറയ്ക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
അരനൂറ്റാണ്ടിലേറെയായി, ഗൾഫിലെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ നിർവചിച്ചത് ഒരൊറ്റ വാക്കാണ്: അറബിയിൽ 'സ്പോൺസർഷിപ്പ്' എന്നർത്ഥം വരുന്ന 'കഫാല'. ജോലി മാറണോ, രാജ്യം വിടണമോ, ദുരുപയോഗങ്ങൾക്കെതിരെ പോരാടണമോ എന്നൊക്കെ തീരുമാനിച്ചിരുന്നത് ഈ സമ്പ്രദായമായിരുന്നു. ആധുനിക അടിമത്തം എന്നാണ് വിമര്‍ശകർ ഈ സംവിധാനത്തെ വിശേഷിപ്പിച്ചിരുന്നത്.
ഇപ്പോൾ, 50 വർഷത്തിനിടയിൽ ആദ്യമായി, ഈ സമ്പ്രദായം സൗദി അറേബ്യയിൽ ഔദ്യോഗികമായി നിർത്തലാക്കിയിരിക്കുകയാണ്. അവിടുത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഏകദേശം 13 ദശലക്ഷം വിദേശ തൊഴിലാളികൾ ഈ സമ്പ്രദായത്തിന് കീഴിലായിരുന്നു. എന്താണ് ഈ കഫാല സമ്പ്രദായം? എന്തുകൊണ്ട് ഇത് ഇത്രയധികം വിവാദമായി? ഇതിന് കീഴിൽ ജീവിച്ചവരുടെ ജീവിതത്തിൽ ഇനി എത്രത്തോളം മാറ്റങ്ങൾ വരും?
advertisement
എന്താണ് കഫാല സമ്പ്രദായം?
ജിസിസി രാജ്യങ്ങളിലുടനീളമുള്ള കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിനെയും താമസാനുമതിയെയും നിയന്ത്രിച്ചിരുന്ന ഒരു നിയമപരമായ ചട്ടക്കൂടായിരുന്നു കഫാല സമ്പ്രദായം. 1950കളിലാണ് ഇത് നിലവിൽ വന്നത്. എണ്ണ സമ്പന്നമായ ഈ രാജ്യങ്ങൾക്ക് നഗരങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കാൻ കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ആവശ്യമായിരുന്നു. എന്നാൽ അവർക്ക് സ്ഥിര താമസാനുമതിയോ പൗരത്വമോ നൽകാൻ ഈ രാജ്യങ്ങൾ ആഗ്രഹിച്ചിരുന്നില്ല.
കഫാല സമ്പ്രദായമനുസരിച്ച്, ഒരു വിദേശ തൊഴിലാളിയുടെ നിയമപരമായ പദവി പൂർണമായും അവരുടെ തൊഴിലുടമയുമായി, അല്ലെങ്കിൽ കഫീലുമായി ബന്ധിപ്പിച്ചിരുന്നു. ഈ സ്പോൺസറായിരുന്നു അവരുടെ വിസ, രാജ്യത്ത് താമസിക്കാനുള്ള അവകാശം, കൂടാതെ പലപ്പോഴും ജോലി മാറാനുള്ള അല്ലെങ്കിൽ രാജ്യം വിടാനുള്ള അനുമതി എന്നിവ നിയന്ത്രിച്ചിരുന്നത്.
advertisement
സ്പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളികൾക്ക് തൊഴിലുടമയെ മാറ്റാൻ കഴിയില്ലായിരുന്നു. രാജ്യം വിടാൻ കഴിയില്ലായിരുന്നു (പലർക്കും 'എക്സിറ്റ് വിസ' ആവശ്യമായിരുന്നു). ദുരുപയോഗം ചെയ്യപ്പെട്ടാൽ നിയമപരമായ സഹായം തേടാനും കഴിയില്ലായിരുന്നു.
ഉദ്യോഗസ്ഥ മേധാവിത്വം കുറയ്ക്കാനും സ്വകാര്യ സ്പോൺസർമാർ വഴി തൊഴിൽ നിയന്ത്രിക്കാനുമാണ് ഈ സമ്പ്രദായം രൂപകൽപ്പന ചെയ്തത്. എന്നാൽ പ്രായോഗികമായി, ഇത് തൊഴിലുടമയ്ക്കും തൊഴിലാളികൾക്കുമിടയിൽ ഒരു വലിയ അധികാര അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. തൊഴിലുടമകൾക്ക് പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാനും, വേതനം തടഞ്ഞുവെക്കാനും, നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്താനും കഴിയുമായിരുന്നു, ഇത് ചോദ്യം ചെയ്യാൻ തൊഴിലാളികൾക്ക് ഒരു മാർഗ്ഗവുമില്ലായിരുന്നു.
advertisement
എന്തുകൊണ്ട് ഇത്രയധികം വിവാദമായി?
പതിറ്റാണ്ടുകളായി, ലോകത്ത് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട തൊഴിൽ സമ്പ്രദായങ്ങളിൽ ഒന്നായി കഫാല മാറി. മനുഷ്യവകാശ ഗ്രൂപ്പുകളും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐഎൽഒ) ഗൾഫ് സർക്കാരുകൾ സ്പോൺസർഷിപ്പിൻ്റെ മറവിൽ നിർബന്ധിത ജോലിയും മനുഷ്യക്കടത്തും അനുവദിക്കുകയാണെന്ന് ആരോപിച്ചു.
അനുമതിയില്ലാതെ ജോലി ഉപേക്ഷിച്ചാൽ അറസ്റ്റോ നാടുകടത്തലോ ഉണ്ടാകുമെന്നതിനാൽ, പല തൊഴിലാളികളും ചൂഷണപരമോ അധിക്ഷേപപരമോ ആയ സാഹചര്യങ്ങളിൽ തുടരാൻ നിർബന്ധിതരായി. പ്രത്യേകിച്ച് ഗാർഹിക ജോലി, നിർമ്മാണം, കൃഷി എന്നീ മേഖലകളിൽ.
സ്ഥിതിവിവരക്കണക്കുകൾ ഞെട്ടിക്കുന്നതായിരുന്നു:
advertisement
- ഏകദേശം 13.4 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ സൗദി അറേബ്യയിൽ താമസിക്കുന്നു, ഇത് മൊത്തം ജനസംഖ്യയുടെ ഏകദേശം 42% വരും.
- ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
- ഏകദേശം 4 ദശലക്ഷം പേർ വീട്ടുജോലിക്കാരാണ്, ഇവർ പലപ്പോഴും ഒറ്റപ്പെടുകയും ചൂഷണത്തിന് ഇരയാകുകയും ചെയ്യുന്നു.
നിർത്തലാക്കുന്നത് എന്തുകൊണ്ട്?
2025 ജൂണിൽ പ്രഖ്യാപിച്ച കഫാല നിർത്തലാക്കാനുള്ള തീരുമാനം, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും, വിദേശ നിക്ഷേപം ആകർഷിക്കാനും, ആഗോളതലത്തിൽ തങ്ങളുടെ പ്രതിച്ഛായ ആധുനികവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ള വിഷൻ 2030ൻ്റെ ഭാഗമാണ്.
advertisement
വർധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മർദവും ഈ നീക്കത്തിന് പിന്നിലുണ്ട്. ഉന്നത പരിപാടികൾക്കും പങ്കാളിത്തങ്ങൾക്കും മുന്നോടിയായി, ഗൾഫ് രാജ്യങ്ങൾക്ക് ആഗോള മനുഷ്യാവകാശ ഗ്രൂപ്പുകളിൽ നിന്നും, പാശ്ചാത്യ സർക്കാരുകളിൽ നിന്നും, ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും പോലും തങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. ഉദാഹരണത്തിന്, 2022-ലെ ഫിഫ ലോകകപ്പിന് മുന്നോടിയായി ഖത്തർ ഭാഗിക പരിഷ്കാരങ്ങൾ അവതരിപ്പിച്ചിരുന്നു.
പുതിയ സമ്പ്രദായത്തിൽ എന്തൊക്കെയാണ് മാറിയത്?
തൊഴിലാളികൾക്ക് അധികാരം തിരികെ നൽകാൻ ലക്ഷ്യമിട്ടുള്ള കരാർ അടിസ്ഥാനമാക്കിയുള്ള തൊഴിൽ സമ്പ്രദായം ഉപയോഗിച്ച് കഫാലയെ മാറ്റിസ്ഥാപിക്കുകയാണെന്ന് സൗദി അറേബ്യ പറയുന്നു. പ്രധാന മാറ്റങ്ങൾ ഇവയാണ്:
advertisement
- ജോലി മാറാനുള്ള സ്വാതന്ത്ര്യം: തൊഴിലാളികൾക്ക് നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ തൊഴിലുടമയിലേക്ക് മാറാം.
- പുറത്തുകടക്കാനുള്ള സ്വാതന്ത്ര്യം: എക്സിറ്റ് വിസയോ സ്പോൺസറുടെ സമ്മതമോ ഇല്ലാതെ അവർക്ക് രാജ്യം വിടാം.
- നിയമപരമായ സംരക്ഷണം: തൊഴിലാളികൾക്ക് ലേബർ കോടതികളിലേക്കും പരാതി പരിഹാര സംവിധാനങ്ങളിലേക്കും പോകാനാകും.
ഈ പരിഷ്കാരങ്ങൾ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നും, ചൂഷണം കുറയ്ക്കുമെന്നും, നിക്ഷേപകർക്കിടയിലും അന്താരാഷ്ട്ര സമൂഹത്തിലും സൗദി അറേബ്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ജീവിതത്തിൽ എത്രത്തോളം മാറ്റം വരും?
ഈ പ്രഖ്യാപനം ഒരു വഴിത്തിരിവാണെങ്കിലും, നിയമപരമായ പരിഷ്കാരങ്ങൾ മാത്രം കൊണ്ട് ചൂഷണം ഒറ്റരാത്രികൊണ്ട് അവസാനിക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യാവകാശ ഗ്രൂപ്പുകൾ ചൂണ്ടിക്കാണിക്കുന്നത്:
- നടപ്പാക്കലിലുള്ള ചില വിടവുകൾ നിലനിൽക്കുന്നു: പല തൊഴിലുടമകളും ഇപ്പോഴും ജോലി മാറ്റങ്ങൾക്ക് സമ്മതം തേടുകയോ എക്സിറ്റ് വിസകൾ നിയന്ത്രിക്കുകയോ ചെയ്യുന്നുണ്ട്.
- ഏറ്റവും ദുർബലരായ ഗാർഹിക തൊഴിലാളികൾക്ക് പുതിയ സംരക്ഷണങ്ങളുടെ പ്രയോജനം ഒരുപോലെ ലഭിച്ചേക്കില്ല.
- തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്വന്തം രാജ്യങ്ങളിലെ ചൂഷണങ്ങൾ (ഉയർന്ന ഫീസും കരാറുകൾ മാറ്റി നൽകുന്നതും പോലുള്ളവ) ഇപ്പോഴും സാധാരണമാണ്, ഇത് സൗദി നിയമം വഴി പരിഹരിക്കപ്പെടുന്നില്ല.
നിയമം മാറ്റുക എന്നതാണ് ആദ്യപടിയെന്നും നിലവിലെ യാഥാർത്ഥ്യം മാറ്റാൻ കൂടുതൽ സമയമെടുക്കുമെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നു.
എന്തുകൊണ്ട് ഇത് പ്രാധാന്യമർഹിക്കുന്നു?
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, കഫാലയുടെ അവസാനം എന്നത് നിയമപരമായ പരിഷ്കരണം എന്നതിലുപരി, വളരെക്കാലമായി നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങളുടെ പുനഃസ്ഥാപനമാണ്.
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം, ആധുനികവൽക്കരണത്തിൽ രാജ്യം ഗൗരവമായി നിലകൊള്ളുന്നുവെന്നും, സാമ്പത്തിക പരിഷ്കരണം മനുഷ്യാവകാശ പരിഷ്കരണത്തോടൊപ്പം പോകേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നുമുള്ള ഒരു സൂചനയാണിത്. എന്നാൽ ഈ കഥയുടെ അവസാനം ഇതല്ല, ഇതൊരു പുതിയ അധ്യായത്തിൻ്റെ തുടക്കമാണെന്ന് പ്രവർത്തകർ അഭിപ്രായപ്പെടുന്നു. സൗദി അറേബ്യ ഈ അവകാശങ്ങൾ പ്രായോഗികമായി നടപ്പിലാക്കുമോ, മറ്റ് ഗൾഫ് രാജ്യങ്ങൾ ഇത് പിന്തുടരുമോ എന്നതിലാണ് ഇനി കാര്യങ്ങൾ.
കഫാല സമ്പ്രദായം നിർത്തലാക്കിയത് സമീപ ദശകങ്ങളിലെ ആധുനിക മിഡിൽ ഈസ്റ്ററിലെ ഏറ്റവും സുപ്രധാനമായ തൊഴിൽ പരിഷ്കാരങ്ങളിൽ ഒന്നാണ് എന്നതിൽ സംശയമില്ല. ഇത് ദശലക്ഷക്കണക്കിന് ദുർബലരായ കുടിയേറ്റ തൊഴിലാളികൾക്ക് സ്വാതന്ത്ര്യം, അന്തസ്സ്, നിയമപരമായ സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, നിയമവും അനുഭവത്തിലുള്ള യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം ഒരു വെല്ലുവിളിയായി തുടരുന്നു, ഇത് ഗൾഫ് രാജ്യങ്ങളുടെ തൊഴിൽ ചരിത്രത്തിൻ്റെ അടുത്ത ഘട്ടത്തെ നിർവചിക്കുന്ന ഒന്നായിരിക്കും.
Location :
New Delhi,New Delhi,Delhi
First Published :
October 20, 2025 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യയിൽ കഫാല സമ്പ്രദായം നിർത്തിയത് തൊഴിലാളികളെ എങ്ങനെയാണ് ബാധിക്കുന്നത്