പേൻ ശല്യത്തെത്തുടർന്ന് അണുബാധ; 12 വയസുകാരി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷ്മിപ്രിയ കടുത്ത പേൻ ശല്യം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. പലതരത്തിലുള്ള മരുന്നുകൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല
ഒഡീഷയിലെ പൂരി ജില്ലയിൽ തലയിലെ പേൻ ശല്യത്തെത്തുടർന്നുണ്ടായ ഗുരുതരമായ അണുബാധയെത്തുടർന്ന് 12 വയസുകാരി മരിച്ചു. ബാലംഗ പോലീസ് പരിധിയിലെ ചമ്പഗഡ് സാഹി സ്വദേശിനിയും ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ ലക്ഷ്മിപ്രിയ സാഹുവാണ് മരിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷ്മിപ്രിയ കടുത്ത പേൻ ശല്യം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. പലതരത്തിലുള്ള മരുന്നുകൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അണുബാധ ഒഴിവാക്കാൻ തല മുണ്ഡനം ചെയ്യാൻ അമ്മ സത്യഭാമ സാഹു നിർദേശിച്ചെങ്കിലും പെൺകുട്ടി അതിന് തയ്യാറായില്ല. കാലക്രമേണ പേൻ ശല്യം കൂടുകയും തലയോട്ടിയിൽ മുറിവുകൾ ഉണ്ടാവുകയും ദുർഗന്ധം വമിക്കുകയും ചെയ്തു. ഇതിലുണ്ടായ നാണക്കേടും അസ്വസ്ഥതയും കാരണം പെൺകുട്ടി വീടിന് പുറത്തിറങ്ങുന്നത് നിർത്തിയിരുന്നു. എന്നാൽ സ്ഥിതി ഇത്രത്തോളം ഗുരുതരമാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ല.
advertisement
മരണത്തിന് മൂന്ന് ദിവസം മുമ്പ് ലക്ഷ്മിപ്രിയ രക്തം ഛർദിക്കാൻ തുടങ്ങി. ഉടൻ തന്നെ മംഗലാപൂർ മെഡിക്കൽ കോളേജിലും പിന്നീട് പിപ്പിലി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
"എന്റെ മകൾക്ക് കടുത്ത പേൻ ശല്യമുണ്ടായിരുന്നു. ഒരുപാട് മരുന്നുകൾ ഉപയോഗിച്ചിട്ടും മാറ്റമുണ്ടായില്ല. തല മൊട്ടയടിക്കാൻ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. കുറച്ചു ദിവസമായി അവൾ വീടിന് പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല. ശനിയാഴ്ച അസുഖം കൂടിയപ്പോൾ ഞങ്ങൾ അവളെ ആശുപത്രിയിൽ എത്തിച്ചു." അമ്മ സത്യഭാമ സാഹു പറഞ്ഞു.
advertisement
അതേസമയം, തലയിലെ പേൻ നേരിട്ട് മരണത്തിന് കാരണമാകില്ലെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ വിശദീകരിച്ചു. എന്നാൽ പേൻ ശല്യം നീണ്ടുനിൽക്കുന്നത് തലയോട്ടിയിൽ മുറിവുകൾ ഉണ്ടാക്കാനും അത് വഴി മറ്റ് അണുബാധകളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഈ കേസിൽ, കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം അണുബാധ രക്തത്തിൽ പടരുകയും മരണത്തിലേക്ക് നയിക്കുകയുമാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗ്രാമപ്രദേശങ്ങളിലെ ശുചിത്വം, ബോധവൽക്കരണം, കൃത്യസമയത്തുള്ള ചികിത്സ എന്നിവയെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
Summary: In a tragic incident in Puri, Odisha, 12-year-old Lakshmipriya Sahu died due to severe septicemia resulting from a prolonged and untreated head lice infestation. The infestation caused scalp wounds and secondary infections, leading to her condition deteriorating rapidly. Medical experts emphasize that while lice aren't directly fatal, the lack of timely hygiene and medical intervention can lead to life-threatening complications.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bhubaneswar,Khordha,Odisha (Orissa)
First Published :
Feb 10, 2026 5:36 PM IST







