പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഊർജ്ജ മേഖലയ്ക്ക് പുറമെ മറ്റ് മേഖലകളിലും ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മോസ്കോ സന്നദ്ധമാണെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നതെന്നും ഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്ററോവ്
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ, ദ്രവീകൃത പ്രകൃതിവാതകം (LNG) എന്നിവയുടെ വിതരണം വർദ്ധിപ്പിക്കാൻ തങ്ങൾ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്ററോവ് ആണ് ഇക്കാര്യം അറിയിച്ചത്.
2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തിൽ 40 ശതമാനം വർദ്ധനവ് റഷ്യ വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഊർജ്ജ മേഖലയ്ക്ക് പുറമെ മറ്റ് മേഖലകളിലും ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മോസ്കോ സന്നദ്ധമാണെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിപണിയിലേക്ക് എണ്ണയും പ്രകൃതിവാതകവും കൂടുതൽ എത്തിക്കാൻ റഷ്യൻ കമ്പനികൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ആണവോർജ്ജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടംകുളം ആണവ നിലയത്തിന്റെ പുതിയ യൂണിറ്റുകളുടെ നിർമ്മാണം നിശ്ചിത സമയക്രമമനുസരിച്ച് പുരോഗമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
advertisement
ദീർഘകാല കാർഷിക സഹകരണം ലക്ഷ്യമിട്ട് യൂറിയ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംയുക്ത പദ്ധതിയും നിലവിൽ വികസിപ്പിച്ചുവരികയാണ്. ഊർജ്ജത്തിനും വളങ്ങൾക്കും പുറമെ വ്യവസായം, ബഹിരാകാശം, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. ഇന്ത്യ-റഷ്യ അന്തർ സർക്കാർ കമ്മീഷൻ കോ-ചെയർമാൻ കൂടിയായ മാന്ററോവ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി വ്യാപാരം, കണക്റ്റിവിറ്റി, സാങ്കേതികവിദ്യ, നിർണ്ണായക ധാതുക്കൾ എന്നിവയിൽ കേന്ദ്രീകരിച്ച് ചർച്ചകൾ നടത്തി.
കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലുണ്ടായ പുരോഗതിയും ഇരുരാജ്യങ്ങളും വിലയിരുത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 03, 2026 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം വർദ്ധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ








