HOME » NEWS » India » 26 YEARS OF BABRI MASJID

തിരുത്താനാവാത്ത 26 വര്‍ഷങ്ങള്‍

Asha Sulfiker | news18india
Updated: December 15, 2018, 11:36 AM IST
തിരുത്താനാവാത്ത 26 വര്‍ഷങ്ങള്‍
  • News18 India
  • Last Updated: December 15, 2018, 11:36 AM IST
  • Share this:
#ആശ സുൽഫിക്കർ

1992 ഡിസംബര്‍ ആറിനാണ് അയോധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ഇനിയും തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലാത്ത അയോധ്യ അടുത്തൊരു പൊതുതെരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

പള്ളി പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ബി ജെ പി പ്രക്ഷോഭം ചുവടുപിടിച്ചാണ് കര്‍സേവകര്‍ ബാബ്‌റി മസ്ജിജ് തകര്‍ത്തത്. ഇന്ത്യകണ്ട വലിയൊരു വര്‍ഗ്ഗീയ ലഹളയ്ക്ക് തന്നെ വഴിവച്ച ദിവസം. ഒരു കുഞ്ഞുത്തീപ്പൊരി ആളിക്കത്തി പടര്‍ത്തിയ കലാപങ്ങളില്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.രാമന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലമാണ് അയോധ്യ. ആ ഒരു അര്‍ഥത്തില്‍ ഇവിടെ ഭക്തിയെക്കുറിച്ചാകണം പറയേണ്ടത്. പക്ഷെ ഇന്ന് ഭക്തിയെക്കാള്‍ കൂടുതല്‍ വിവാദങ്ങളുടെ പേരിലാണ് അയോധ്യ അറിയപ്പെടുന്നത്. സാധാരണയായി ശാന്തമായി പോകുന്ന ഇവിടെ എല്ലാവര്‍ഷവും വിശ്വാസികളെത്തും രാമനെക്കുറിച്ച് സംസാരിക്കും. എന്നാല്‍ ഡിസംബര്‍ 6 ആകുമ്പോള്‍ അയോധ്യ വീണ്ടും ചൂടുപിടിക്കും. ഭക്തരെക്കാൾ അധികം രാഷ്ട്രീയ നേതാക്കളെത്തി തുടങ്ങും. ധര്‍മ്മത്തെക്കാള്‍ വിവാദങ്ങളെക്കുറിച്ച് ചര്‍ച്ചകളുയരും.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇത്തവണ ചര്‍ച്ചകള്‍ കൂടുതല്‍ ആവേശത്തിലാണ്.

രാമജന്‍മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നുമുള്ള ആവശ്യം തീവ്രഹൈന്ദവ സംഘടനകള്‍ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഫലങ്ങള്‍ അടക്കം ഇവര്‍ ഇതിനായി ചൂണ്ടിക്കാട്ടിയ പല കാരണങ്ങള്‍ സംബന്ധിച്ചും വിരുദ്ധാഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും രാമക്ഷേത്രം എന്നത് ബിജെപി യുടെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ ആയുധം തന്നെയാണ്.

തെരഞ്ഞെടുപ്പ് സമയത്ത് ഈ തുറുപ്പു ചീട്ടിറക്കിയാണ് വോട്ടുകളില്‍ നോട്ടമിടുന്നത്. ഇത് ഒരു പരിധിവരെ ഗുണം ചെയ്തുവെന്നു തന്നെയാണ് മുന്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചനയും. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാമക്ഷേത്രം എന്ന വാഗ്ദാനം വീണ്ടും ഉയര്‍ന്നു വരുന്നുണ്ട്.തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അയോധ്യയെ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്കയേറും, അവരുടെ ഈ ആശങ്ക എന്തുകൊണ്ടാണെന്ന് മനസിലാക്കാവുന്ന കാര്യം മാത്രമാണ്.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള അയോധ്യയുടെ ചരിത്രത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്

1949- ബാബ്റി മസ്ജിദിൽ രാമവിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടു
1986- ഫൈസാബാദ് കോടതി ഉത്തരവില്‍ തര്‍ക്കത്തിലിരുന്ന സ്ഥലം വീണ്ടും തുറന്നു കൊടുക്കപ്പെട്ടു
1992- ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടു

യുദ്ധമില്ലാത്ത ഭൂമിയെന്നാണ് അര്‍ത്ഥമെങ്കിലും അവകാശവാദങ്ങളുടെ പേരില്‍ തര്‍ക്കഭൂമിയായ അയോധ്യയുടെ വിധി സംബന്ധിച്ച് സുപ്രീം കോടതി അടക്കം വരും മാസങ്ങളില്‍ വാദം കേള്‍ക്കാനിരിക്കുകയാണ്. ഇതിന് മുന്‍പും പല കോടതികളും വിധി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഒരു ശാശ്വത പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ആ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 6 അതീവ ജാഗ്രതയോടെയാണ് രാജ്യം നിരീക്ഷിക്കുന്നത്. 26 വര്‍ഷം പിന്നിട്ടിട്ടും കെട്ടടങ്ങാത്ത അഗ്‌നിയായി ബാബ്‌റി മസ്ജിദും-രാമക്ഷേത്രവും ഇപ്പോഴും തര്‍ക്കത്തില്‍ തുടരുമ്പോള്‍ ഒരു കുഞ്ഞു തീപ്പൊരി മതിയാകും അതിനെ ആളിക്കത്തിക്കാന്‍.

രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ചു കൊണ്ടുള്ള വര്‍ഗ്ഗീയ കളിയില്‍ ഒരുതവണ വലിയ മുറിവേറ്റ രാജ്യമാണ് ഇന്ത്യ. ലോകത്തിന് മുന്നില്‍ മതനിരപേക്ഷത ഉയര്‍ത്തി പിടിച്ച് മാതൃകയായ നമ്മള്‍ ഇപ്പോള്‍ വര്‍ഗ്ഗീയതയുടെ ചേരിതിരിഞ്ഞ് വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഒരു തുടക്കമായി ബാബ്‌റി മസ്ജിദ് സംഭവത്തെ വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാം.

അതേ ആ 26 വര്‍ഷങ്ങള്‍ ഇനി തിരുത്താനാവില്ല

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെടുന്നത് വരെയുള്ള നാള്‍വഴികൾ

1528-മുഗൾ ചക്രവര്‍ത്തി ബാബറിന്റെ നിർദേശ പ്രകാരം രാമജൻമഭൂമിയായ അയോധ്യയിൽ ഒരു മസ്ജിദ് സ്ഥാപിക്കപ്പെട്ടു

1853-  അയോധ്യയിൽ ആദ്യമായി ഹിന്ദു-മുസ്ലീം ലഹള റിപ്പോർട്ട് ചെയ്യപ്പെട്ടു

1859-  ബ്രീട്ടീഷുകാർ ഇടപെട്ട് ആരാധനസ്ഥലങ്ങൾ വേലികെട്ടി വേർതിരിക്കാൻ ശ്രമം. മുസ്ലീങ്ങൾക്ക് അകത്തും ഹൈന്ദവര്‍ക്ക് പുറത്തുമായി ആരാധനാ സൗകര്യം.

1885- മഹന്ദ് രഘുബിർ ദാസ് ആദ്യ കേസ് ഫയൽ ചെയ്തു. പള്ളിക്കു പുറത്തുള്ള ആരാധനാസ്ഥലത്ത് പന്തൽ നിർമ്മിക്കണമെന്നാണാവശ്യം. ഇത് തള്ളപ്പെട്ടു

1949- പള്ളിക്കുള്ളിൽ രാമവിഗ്രഹം കണ്ടെത്തി. ഹൈന്ദവർ സ്ഥാപിച്ചതാണെന്ന് ആരോപണം ഉയർന്നു. സ്ഥലം തർക്കഭൂമിയായി പ്രഖ്യാപിച്ച് സർക്കാർ അടച്ചു പൂട്ടി

1950- ഗോപാൽ സിംഗ് വിഷാരദ്, മഹന്ദ് പരമഹംസ് രാമചന്ദ്ര എന്നിവർ ഫൈസിയാബാദ് കോടതിയെ സമീപിച്ചു. ജന്മാഷ്ഠമി പൂജകൾക്കായി പള്ളി തുറന്നു തരണമെന്നാവശ്യം. പ്രാർത്ഥനയ്ക്ക് അനുമതി. എന്നാൽ പള്ളിയുടെ ഉള്‍വശം പൂട്ടി തന്നെ കിടന്നു

1950- യുപി സർക്കാർ വിലക്കിനെതിരെ അപ്പീൽ നൽകി

1959- ഹൈന്ദവ സംഘടനയായ നിമോഹി അഖാര പുതിയൊരു പരാതി ഫയൽ ചെയ്തു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടായിരുന്നു ഹർജി

1961- യുപി വഖഫ് ബോർഡ് കോടതിയെ സമീപിച്ചു. പള്ളിയ്ക്കുള്ളിൽ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി.

1984- അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിനായി എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ഹൈന്ദവ പാനൽ

1986- ഹൈന്ദവ ആരാധനയ്ക്കായി ക്ഷേത്രം തുറന്നു കൊടുക്കാൻ ജില്ലാ കോടതി ഉത്തരവ്

1986 - മുസ്ലീങ്ങളുടെ നേതൃത്വത്തിൽ ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി

1989- പള്ളിക്ക് സമീപം വിഎച്ച്പിയുടെ നേതൃത്വത്തിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. പള്ളി വേറെ എവിടേക്കെങ്കിലും മാറ്റണമെന്നാവശ്യം

1990- വിഎച്ച്പി പ്രവർത്തകർ പള്ളിക്ക് ഭാഗികമായി കേടുവരുത്തി. പ്രശ്നം പരിഹരിക്കാൻ പി എം ചന്ദ്രശേഖറിന്റെ ഇടപെടൽ. ശ്രമം വിഫലമായി

1991- യു പിയിൽ ബിജെപി അധികാരത്തിലെത്തി

1992 ഡിസംബർ 6- ബിജെപി, വിഎച്ച്പി, ശിവസേന പ്രവർത്തകർ ബാബ്റി മസ്ജിദ് തകർത്തു. ഇന്ത്യ കണ്ടതിൽ വച്ചേറ്റവും വലിയൊരു വർഗീയ ലഹളയ്ക്ക് തുടക്കം. ജീവൻ നഷ്ടമായത് രണ്ടായിരത്തോളം പേർക്ക്.

Youtube Video
First published: December 6, 2018, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories