വിമാനയാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ഹൃദയാഘാതം; അടിയന്തിര ലാൻഡിംഗ് നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
നാഗ്പുര്‍ എയർപോര്‍ട്ടിൽ വച്ച് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ചെങ്കിലും തുടര്‍ന്ന് കാർഡിയാക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായ പെൺകുട്ടി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. യുപി സിദ്ധാർഥ് നഗർ സ്വദേശിയായ ആയുഷി പുൻവാസി പ്രജാപതി എന്ന എട്ടുവയസുകാരിയാണ് മരിച്ചത്. നേരത്തെ തന്നെ അസുഖബാധിതയായ കുട്ടിയെ ചികിത്സാർഥം മുംബൈയിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു സംഭവം. ലക്നൗവിൽ നിന്നും ഗോഎയർ ഫ്ലൈറ്റിലാണ് കുട്ടിയെ മുംബൈയിലേക്ക് കൊണ്ടു പോയത്. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ യാത്രാ മധ്യേ കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായതോടെ വിമാനം നാഗ്പൂരിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരാണ് കുടുംബമെന്നാണ് റിപ്പോർട്ട്. രോഗാവസ്ഥ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ പോലും പിതാവിന് കഴിഞ്ഞിരുന്നില്ല. ഇതാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
advertisement
മരണപ്പെട്ട കുട്ടി അനീമിക് ആയിരുന്നു. ഇക്കാര്യം പിതാവ് പറഞ്ഞിരുന്നില്ല. സാധാരണയായി 8-10 നിലയിൽ താഴെ ഹീമോഗ്ലോബിൻ ലെവൽ ഉള്ളവരെ വിമാനയാത്രയ്ക്ക് അനുവദിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2.5 ഗ്രാം ആയിരുന്നു കുട്ടിയുടെ ഹീമോഗ്ലോബിൻ ലെവൽ. യാത്രയ്ക്കിടെ ആരോഗ്യനില വഷളാവുകയും വിമാന അടിയന്തിര ലാൻഡിംഗ് നടത്തേണ്ട സാഹചര്യം ഉണ്ടാവുകയുമായിരുന്നു.
advertisement
നാഗ്പുര്‍ എയർപോര്‍ട്ടിൽ വച്ച് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ചെങ്കിലും തുടര്‍ന്ന് കാർഡിയാക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കുട്ടി വളരെ ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് പരിശോധിച്ച ഡോക്ടർമാരും പറയുന്നത്.
യഥാർഥ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. നിലവിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2021 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനയാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ഹൃദയാഘാതം; അടിയന്തിര ലാൻഡിംഗ് നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു