ഇതും ഒരു ഡോക്ടറാണ്; ഡോ. സുന്ദീപ് ചക്രവര്‍ത്തി: ഡല്‍ഹി സ്‌ഫോടനത്തില്‍ ഭീകരാക്രമണ ബന്ധത്തിലേക്ക് സൂചന നല്‍കിയ IPS ഉദ്യോഗസ്ഥന്‍
- Published by:meera_57
- news18-malayalam
Last Updated:
ഡോ. സുന്ദീപ് ചക്രവർത്തിയുടെ സൂക്ഷ്മമായ ഇടപെടലും വേഗത്തിലുള്ള ചിന്തയുമാണ് കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് തടഞ്ഞതെന്ന് അന്വേഷണ ഏജൻസികൾ
ഒക്ടോബർ 17ന് ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ നൗഗാം എന്ന ഗ്രാമത്തിലെ തെരുവുകളിൽ ഉറുദു ഭാഷയിലെഴുതിയ ഏതാനും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'ഇന്ത്യക്കാരായ വേട്ടക്കാർക്ക് അഭയം നൽകുന്നതിനെതിരേയും' ശരീയത്തിനെതിരേ പ്രവർത്തിക്കുന്നവർക്കുമുള്ള മുന്നറിയിപ്പായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
"ചിലർ ഇന്ത്യക്കാരായ വേട്ടക്കാരെ അവരുടെ കടകളിൽ അഭയം നൽകുന്നു. ഇത് ഞങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തുന്നു. അതിനാൽ ഞങ്ങൾ അവരോട് തുറന്ന് പറയാൻ ആഗ്രഹിക്കുന്നു. ഇത് അവസാനിപ്പിക്കുക. അല്ലാത്തപക്ഷം അവർക്കെതിരേയും കർശന നടപടിയെടുക്കും," പോസ്റ്ററിൽ പറയുന്നു.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗമായ കമാൻഡർ ഹൻസല ഭായ് ആണ് ഈ പോസ്റ്ററുകളിൽ ഒപ്പിട്ടിരുന്നത്. ഒറ്റ നോട്ടത്തിൽ ഈ പോസ്റ്റുകൾ സാധാരണ കാണാറുള്ള പോസ്റ്ററാണെന്ന് തോന്നിയെങ്കിലും ശ്രീനഗറിലെ മുതിർന്ന പോലീസ് സൂപ്രണ്ടായ എസ്എസ്പി ഡോ. ജി.വി സുന്ദീപ് ചക്രവർത്തിക്ക് ഈ നിരുപദ്രവകരമായ മുന്നറിയിപ്പുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് പെട്ടെന്ന് സൂചന കിട്ടി.
advertisement
തെലുഗു ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് തീവ്രവാദ മൊഡ്യൂളുകൾ അത്ര അപരിചിതമല്ല. മുമ്പ് ഓപ്പറേഷൻ മഹാദേവിൽ മൂന്ന് പഹൽഹാം ഭീകരെ കൊലപ്പെടുത്തുന്നതിൽ ജമ്മു കശ്മീർ പോലീസിനെ നയിച്ചിട്ടുണ്ട്.
വൈകാതെ തന്നെ പോസ്റ്ററുകളെക്കുറിച്ച് അദ്ദേഹം സമഗ്രമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും അതിൽ ഉൾപ്പെട്ട മൂന്ന് പേരെ തിരിച്ചറിയുകയും ചെയ്തു. മുമ്പ് സൈന്യത്തിന് നേരെ കല്ലെറിഞ്ഞവരാണ് അവർ എന്ന് കണ്ടെത്തി. ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു ഭീകരശൃംഖലയിലാണ് ഈ കണ്ടെത്തലുകൾ എത്തി നിന്നത്.
advertisement
ഈ കണ്ടെത്തലുകളുടെ ഫലമായി നിരവധി കശ്മീരി ഡോക്ടർമാരെയും ജെയ്‌ഷെ മുഹമ്മദിന്റെ സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. 2900 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ, എകെ 47 തോക്ക് എന്നിവ പിടിച്ചെടുത്തു. ആധുനിക പോലീസ് തന്ത്രങ്ങളുടെ കൃത്യതയും ഡോ. ചക്രവർത്തിയുടെ തന്ത്രപരമായ നേതൃത്വവുമാണ് ഇതിന് ചുക്കാൻ പിടിച്ചത്.
എന്നാൽ, നവംബർ 10ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്‌ഫോടനം ഉണ്ടായി. 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
advertisement
ഡോ. സുന്ദീപ് ചക്രവർത്തിയുടെ സൂക്ഷ്മമായ ഇടപെടലും വേഗത്തിലുള്ള ചിന്തയുമാണ് കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് തടഞ്ഞതെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസവും
ആന്ധ്രാപ്രദേശിലെ കർണൂലിലാണ് ഡോ. സുന്ദീപ് ചക്രവർത്തിയുടെ ജനനം. സാമൂഹിക സേവനത്തിൽ തത്പരരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരായിരുന്നു. സർക്കാർ ആശുപത്രിയിലെ റസിഡന്റ് മെഡിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോ. ജി. വി. രാമഗോപാൽ റാവുവാണ് സുന്ദീപിന്റെ പിതാവ്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥയായ പി.സി. രംഗമ്മയാണ് മാതാവ്.
advertisement
കർണൂലിലെ എ-ക്യംപിലുള്ള മോണ്ടിസോറി പബ്ലിക് സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. കർണൂർ മെഡിക്കൽ കോളേജിൽ നിന്ന് 2010ൽ എംബിബിഎസ് ബിരുദം നേടി. ഇവിടെ ഒരു വർഷം സേവനം ചെയ്ത ശേഷം 2014ൽ ഇന്ത്യൻ പോലീസ് സർവീസിന്റെ ഭാഗമായി.
കൂടുതൽ ഉയരങ്ങളിലേക്ക്
ജമ്മു കശ്മീരിലെ ഡോ. ചക്രവർത്തിയുടെ നിയമനം തന്ത്രപരമായി പ്രാധാന്യമുള്ളതും ഉയർന്ന അപകടസാധ്യതയുള്ളതുമായ ഒന്നായിരുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, കമ്യൂണിറ്റി പോലീസിംഗ്, പോലീസ് ഭരണം എന്നിവയിൽ അദ്ദേഹം വൈദഗ്ധ്യം പ്രകടിപ്പിച്ചു.
എസ്ഡിപിഒ ഉറി, സോപോർ എന്നിവടങ്ങളിൽ വളരെ പ്രധാനപ്പെട്ട ഇടങ്ങളിൽ മുന്നിൽ നിന്ന് പോലീസിനെ നയിച്ചു. ബാരാമുള്ളയിലെ എസ് പി ഓപ്പറേഷൻസിൽ അദ്ദേഹം തീവ്രവാദ വിരുദ്ധ പ്രവർത്തനം ഏകോപിപ്പിച്ചു.
advertisement
2025 ഏപ്രിൽ 21ന് ശ്രീനഗറിലെ എസ്എസ്പിയായി നിയമിതനായി. ഇംതിയാസ് ഹുസൈൻ മിറിന് പിൻഗാമിയായാണ് അദ്ദേഹം നിയമിതനായത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റിംഗുകളിൽ ഒന്നാണിത്. എസ്എസ്പി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിജയം കാണുകയും സാമൂഹിക ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
അനന്ത്‌നാഗ്, കുപ്‌വാര, കുൽഗാം എന്നിവടങ്ങളിലെ വ്യത്യസ്തമായ മേഖലകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഭീകരവാദ ഭീഷണികൾ നിർവീര്യമാക്കുകയും സാധാരണക്കാരും പോലീസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു.
'ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ്'
യൂണിറ്റിലെ ഓപ്പറേഷൻ സ്‌പെഷ്യലിസ്റ്റ് എന്നാണ് ഡോ. ചക്രവർത്തി അറിയപ്പെടുന്നത്. വിശദമായ ആസൂത്രണവും വേഗത്തിലുള്ളതും നിർണായകവുമായ നടപടികൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. നൗഗാമിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ച നടപടികൾ ഇതിന് ഉദാഹരണമാണ്.
advertisement
ചെറിയ ഭീഷണികൾ പോലും അന്വേഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ചോദ്യം ചെയ്യലുകൾ മൗലവി ഇർഫാൻ അഹമ്മദിലേക്ക് എത്തി. രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അദ്ദേഹം ഒന്നിലധികം സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടന്ന ജെയ്‌ഷെ മുഹമ്മദ് ഭീകര ശൃംഖല കണ്ടെത്തി.
ഡോ. ചക്രവർത്തിയുടെ മേൽനോട്ടത്തിൽ 2921 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ, ബോംബ് നിർമാണ സാമഗ്രഹികൾ, രണ്ട് എകെ 47 തോക്കുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഫരീദാബാദിൽ സാധാരണക്കാരെ പോലെ കരുതിയിരുന്ന എന്നാൽ ഭീകരസംഘത്തിൽപ്പെട്ട ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. അവർക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം കണ്ടെത്തി.
ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം
ശ്രീനഗർ, ഫരീദാബാദ്, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ഡോ. ചക്രവർത്തിയുടെ നേതൃത്വത്തിൽ വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ കണ്ടെത്തി. ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ് എന്ന നിലയിൽ ഡോ. ചക്രവർത്തിയുടെ വൈദഗ്ധ്യം ഇത് തെളിയിക്കുന്നു.
ഭീകരസംഘടനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് കശ്മീരി ഡോക്ടർമാരായ മുസമ്മിൽ ഗനായ്, അദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ സയീദ് എന്നിവരെ അറസ്റ്റ് ചെയ്തു.
പോസ്റ്ററുകളിൽ നിന്ന് തുടങ്ങി ഓൺലൈൻ തെളിവുകൾ വരെയുള്ള എല്ലാ സൂചനകളും നഷ്ടപ്പെടുത്താതെ ഡോ. സുന്ദീപ് ചക്രവർത്തി അവരെ പിന്തുടർന്നു. നിതാന്തമായ ജാഗ്രത, ദ്രുതഗതിയിലുള്ള നടപടി, രഹസ്യവിവരം എന്നിവയിലൂടെ പോലീസിംഗ് കൃത്യമായി മുന്നോട്ട് കൊണ്ടുപോയി.
അവാർഡുകളും അംഗീകാരങ്ങളും
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചതിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ആറ് തവണ അദ്ദേഹം നേടി. ജമ്മു കശ്മീർ പോലീസിൽ ധീരതയ്ക്കുള്ള മെഡൽ നാല് തവണയും അദ്ദേഹം സ്വന്തമാക്കി. കൂടാതെ, ഇന്ത്യൻ സൈനിക മേധാവിയുടെ കമെൻഡേഷൻ ഡിസ്‌കും(Commendation Disc) സ്വന്തമാക്കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 14, 2025 10:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇതും ഒരു ഡോക്ടറാണ്; ഡോ. സുന്ദീപ് ചക്രവര്‍ത്തി: ഡല്‍ഹി സ്‌ഫോടനത്തില്‍ ഭീകരാക്രമണ ബന്ധത്തിലേക്ക് സൂചന നല്‍കിയ IPS ഉദ്യോഗസ്ഥന്‍


