'ടിവികെ അധികാരത്തിലെത്തിയാൽ അഴിമതിരഹിത സർക്കാർ'; വിജയ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഡിഎംകെയെയും ബിജെപിയെയും വിശ്വസിക്കരുതെന്നും തങ്ങൾക്ക് ഒരു അവസരം നൽകിയാൽ സത്യസന്ധമായ ഒരു സർക്കാർ രൂപീകരിക്കുമെന്നും വിജയ്
തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ഒരു അഴിമതിരഹിത സർക്കാർ രൂപീകരിക്കുമെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്.നിലവിലെ ഭരണത്തിന് കീഴിൽ ആയിരക്കണക്കിന് കോടികളുടെ ക്രമക്കേടുകളും വലിയ തോതിലുള്ള അഴിമതിയുമാണ് നടക്കുന്നതെന്നും അനുയായികളെ അഭിസംബോധന ചെയ്യവേ വിജയ് ആരോപിച്ചു. സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശമാണെന്നും ശൗചാലയങ്ങൾ പോലെയുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും അവിടെ അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണകക്ഷികൾ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ അവ നടപ്പിലാക്കുന്നില്ലെന്ന് വിജയ് കുറ്റപ്പെടുത്തി. ഡിഎംകെയെയും ബിജെപിയെയും വിശ്വസിക്കരുതെന്നും തങ്ങൾക്ക് ഒരു അവസരം നൽകിയാൽ സത്യസന്ധമായ ഒരു സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിജയ് തൃശ്ശിനാപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.സിറ്റിംഗ് എംഎൽഎയും ഡിഎംകെ നേതാവുമായ ഇന്നിഗോ എസ്. ഇരുദയരാജാണ് മണ്ഡലത്തിലെ വിജയ് യുടെ പ്രധാന എതിരാളി.പെരമ്പൂരിൽ ഡിഎംകെയുടെ ആർഡി ശേഖറിനെയാണ് അദ്ദേഹം നേരിടുന്നത്. പത്രിക സമർപ്പിക്കാനായി എത്തിയ വിജയിയെ സ്വീകരിക്കാൻ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകരുടെ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
advertisement
നേരത്തെ, സ്‌കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് വിരുദ്ധ മേഖലകൾ ഉറപ്പാക്കുമെന്നും സർക്കാർ പരീക്ഷകൾ കൃത്യസമയത്ത് നടത്തുമെന്നും വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഉൾപ്പെടെയുള്ള പ്രധാന വാഗ്ദാനങ്ങളടങ്ങിയ പാർട്ടി പ്രകടനപത്രിക വിജയ് പുറത്തിറക്കിയിരുന്നു. ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,000 രൂപയും സഹായധനം നൽകുമെന്നും യുവാക്കൾക്കിടയിൽ തൊഴിലവസരങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ ഏപ്രിൽ 23-ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ. ഡിഎംകെ സഖ്യവും എഐഎഡിഎംകെ നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലാണ് പ്രധാന പോരാട്ടം പ്രതീക്ഷിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Apr 02, 2026 2:20 PM IST








