'കോൺഗ്രസിനെ പിന്തുണയ്ക്കാൻ ടിവികെ ആഗ്രഹിക്കുന്നു': സൂചന നൽകി നടൻ വിജയ്‌യുടെ പിതാവ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
തകർച്ച നേരിടുന്ന കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ വിജയ് പിന്തുണ നൽകാൻ തയ്യാറാണെന്നും പിതാവ് ചന്ദ്രശേഖർ പറഞ്ഞു
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) കോൺഗ്രസിനെ പിന്തുണയ്ക്കാൻ ആലോചിക്കുന്നതായി സൂചന നൽകി നടനും ടിവികെ അധ്യക്ഷനുമായ വിജയ് യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ. കോൺഗ്രസിന് വലിയ ചരിത്രവും പാരമ്പര്യവുമുണ്ടെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാർട്ടി ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റു പാർട്ടികളെ പിന്തുണച്ചുക്കൊണ്ടിരിക്കുന്ന കോൺഗ്രസ് ദിവസം തോറും തകർച്ച നേരിടുകയാണെന്നും, അവരെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ വിജയ് പിന്തുണ നൽകാൻ തയ്യാറാണെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഈ അവസരം പ്രയോജനപ്പെടുത്തേണ്ടത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് പലരും ഉപദേശിച്ചിട്ടുണ്ടെന്നും എസ്.എ.ചന്ദ്രശേഖർ വ്യക്തമാക്കി. ഒറ്റയ്ക്ക് നിന്നാൽ വിജയം ഉറപ്പാണെന്ന് ജനങ്ങൾ വിജയ്ക്ക് ഉറപ്പ് നൽകുന്നുണ്ട്.വിജയ്ക്ക് തിരഞ്ഞെടുപ്പിൽ മികച്ച വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 വർഷമായി ദ്രാവിഡ പാർട്ടികളാണ് തമിഴ്‌നാട് ഭരിക്കുന്നതെന്നും, സമൂഹത്തിന് നന്മ ചെയ്യാനും യഥാർത്ഥ സ്വാതന്ത്ര്യം ഉറപ്പാക്കാനും രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെയുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കില്ലെന്ന് ടിവികെ നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയ് യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് പാർട്ടി മുതിർന്ന നേതാവ് അരുൺ രാജ് പറഞ്ഞിരുന്നു. ഡിഎംകെയെ തങ്ങളുടെ രാഷ്ട്രീയ ശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്ുവായുമാണ് പാർട്ടി കാണുന്നത്. അടുത്തിടെ മഹാബലിപുരത്ത് നടന്ന യോഗത്തിൽ വിജയ് ഡിഎംകെയെ രൂക്ഷമായി വിമർശിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Jan 29, 2026 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കോൺഗ്രസിനെ പിന്തുണയ്ക്കാൻ ടിവികെ ആഗ്രഹിക്കുന്നു': സൂചന നൽകി നടൻ വിജയ്‌യുടെ പിതാവ്








