ഉദയനിധി സ്റ്റാലിൻ; തമിഴ് ശുഭദിനത്തിൽ ആധുനിക ദ്രാവിഡ രാജപരമ്പരയിലെ മൂന്നാം തലമുറക്കാരന്റെ പട്ടാഭിഷേകം
- Published by:Arun krishna
- news18-malayalam
Last Updated:
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ് സിനിമാ താരവുമായ ഉദയനിധി സ്റ്റാലിൻ ഡിസംബർ 14 ന് മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പറയുമ്പോൾ ഡിഎംകെ എന്ന പാര്‍ട്ടിയുടെ പേര് ദ്രാവിഡ മുന്നേട്ര കഴകമെന്നാണ്. യുക്തിവാദത്തിലുറച്ചതാണ് അതിന്റെ പ്രത്യയശാസ്ത്രം. പക്ഷേ തമിഴ് ശുഭദിനത്തിലാണ് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ കൊച്ചുമകന്റെ പട്ടാഭിഷേകം.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ് സിനിമാ താരവുമായ ഉദയനിധി സ്റ്റാലിൻ ഡിസംബർ 14 ന് മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഡിസംബർ 14 ഒരു ശുഭദിനമാണ്. തമിഴ് മാസമായ കാർത്തികൈയിലെ അവസാന ദിവസമാണ് ഇത്. 14 ന് രാവിലെ 9.30 ന് ഉദയനിധി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. താനൊരു യുക്തിവാദിയാണെന്നാണ് സ്റ്റാലിൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്.എന്നാൽ മകൻ ഉദയനിധിയും ഭാര്യ ദുർഗ സ്റ്റാലിനും, മരുമകൻ ശബരീശനുമെല്ലാം വിശ്വാസികളാണ്.
advertisement
തലമുറകളായി അധികാരം പകരുന്ന രാഷ്ട്രീയ രീതിയാണ് ഡൈനാസ്റ്റി (dynasti) എന്ന രാജപരമ്പരാ ശൈലി. ഡിഎംകെ ദ്രാവിഡ മുന്നേട്ര കഴകം എന്ന പേര് മാറ്റി ഡൈനാസ്റ്റി മുന്നേട്ര കഴകം എന്ന പേര് സ്വീകരിക്കണമെന്ന് ഇതോടകം മുഖ്യ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടു കഴിഞ്ഞു.
മൂന്ന് ഭാര്യമാരിലായി ആറു മക്കളുണ്ട് കരുണാനിധിക്ക്. രണ്ടാം ഭാര്യ ദയാലു അമ്മാളിലുണ്ടായ രണ്ടാമത്തെ മകനാണ് സ്റ്റാലിൻ. പ്രായം കൊണ്ട് കരുണാനിധിയുടെ മൂന്നാമൻ.
സ്റ്റാലിന് രണ്ടുമക്കൾ. ഉദയനിധിയും സെന്താമരയും.കൃതികയാണ് ഉദയനിധിയുടെ ഭാര്യ. 10 വർഷം മുമ്പായിരുന്നു വിവാഹം. ഇമ്പൻ, തന്മയ എന്ന് രണ്ടു മക്കളുണ്ട്.
advertisement
സ്റ്റാലിൻ രണ്ടു തവണ ചെന്നൈ മേയറും പാർട്ടി ട്രഷററുമായി.അച്ഛനൊപ്പം 2009 ൽ തമിഴ്നാട്ടിലെ ആദ്യ ഉപമുഖ്യമന്ത്രിയായി. മന്ത്രിപദവി ലഭിക്കുമ്പോൾ 56 വയസായിരുന്നു. എന്നാൽ ഉദയനിധി അത്രത്തോളം കാത്തുനിൽക്കേണ്ട എന്ന നിലപാടിലായിരുന്നു കുടുംബാംഗങ്ങളും ചില പാർട്ടി അംഗങ്ങളും. രാഷ്ട്രീയത്തിൽ സുപ്രധാന സ്ഥാനം ഏറ്റെടുക്കാൻ അൻപതോ അറുപതോ വരെ കാത്തുനിൽക്കേണ്ട എന്ന നിലപാടിലായിരുന്നു പലരും.
1984 ൽ ആദ്യമായി എം എൽ എ ആയ സ്റ്റാലിനെ മന്ത്രിയാക്കാൻ പിതാവും മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായിരുന്ന കരുണാനിധിക്ക് 25 വർഷം കാത്തിരിക്കേണ്ടി വന്നു. 20 വർഷത്തെ ഇടവേളയ്ക്കു ശേഷം 1989 ൽ കരുണാനിധി വീണ്ടും മുഖ്യമന്ത്രി ആയപ്പോഴും .സ്റ്റാലിൻ എം എൽ എ ആയിരുന്നു. എന്നാൽ ഉദയനിധിയുടെ കാര്യത്തിൽ കാര്യങ്ങൾക്ക് അല്പം വേഗം കൂടുതലായിരുന്നു. 2021 ൽ ആദ്യമായി എം എൽ എ ആയ മകനെ മുഖ്യമന്ത്രിയും പാർട്ടി തലവനുമായ സ്റ്റാലിൻ 20 മാസത്തിൽ മന്ത്രിയാക്കി.
advertisement
2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായ ഉദയനിധി മന്ത്രിസഭയിലേക്ക് എത്തുമെന്ന് വളരെക്കാലമായി പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും, തെന്നിന്ത്യയിലെ വലിയ സിനിമാ നിർമാണ കമ്പനികളിലൊന്നായ റെഡ് ജയന്റ്സുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ തിരക്കു പറഞ്ഞ് ഉദയനിധി തന്നെ മന്ത്രിസഭാ പ്രവേശനം നീട്ടിക്കൊണ്ടുപോയിരുന്നു.
”ഒരേ സമയം മുഖ്യമന്ത്രിയായും സൂപ്പർസ്റ്റാറായും ഇരട്ട റോളുകൾ കൈകാര്യം ചെയ്ത എംജിആർ പല വിമർശനങ്ങളും നേരിട്ടിരുന്നു. ഉദയനിധിയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”, ഒരു മുതിർന്ന ഡിഎംകെ മന്ത്രി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഉദയനിധിയുടെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
advertisement
ഉദയനിധിക്ക് രാഷ്ട്രീയ ഉപദേശങ്ങൾ നൽകാൻ ഒരു സീനിയർ സെക്രട്ടറിയെ നിയമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഈ സ്ഥാനത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് വർധൻ ഷെട്ടിയുടെ പേരും ഉയർന്നു വരുന്നുണ്ട്. സ്റ്റാലിൻ വഹിച്ചിരുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് ഫലപ്രദമായ പല തന്ത്രങ്ങളും പദ്ധതികളും നടപ്പിലാക്കിയതിനു പിന്നിൽ ഇദ്ദേഹവും ഉണ്ടായിരുന്നു.
ചെപ്പോക്ക്–തിരുവെല്ലിക്കേനി മണ്ഡലത്തിലെ എംഎൽഎയാണ് ഉദയനിധി. യുവജനക്ഷേമം, കായിക വികസനം, അല്ലെങ്കിൽ പൊതുജന ക്ഷേമകാര്യ വകുപ്പ് ഇവയിലേതെങ്കിലും ഉദയനിധിക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിലവില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പൊതുജന ക്ഷേമകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2022 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉദയനിധി സ്റ്റാലിൻ; തമിഴ് ശുഭദിനത്തിൽ ആധുനിക ദ്രാവിഡ രാജപരമ്പരയിലെ മൂന്നാം തലമുറക്കാരന്റെ പട്ടാഭിഷേകം