ടിക്ക് ടോക്ക് നിരോധനം: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
ടിക് ടോക്ക് വളരെ സങ്കീർണമായ ഒരു ആപ്പ് ആണെന്നും എഫ്‌സിസി മുന്നറിയിപ്പ് നൽകി
ടിക്ക് ടോക്കും മറ്റ് ചൈനീസ് ആപ്പുകളും നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌സിസി). സമാനമായ രീതിയിൽ അമേരിക്കയും ടിക്ക് ടോക്ക് നിരോധിക്കണമെന്നും എഫ്സിസി ആവശ്യപ്പെട്ടു. നിലവിൽ അമേരിക്കയിൽ 100 ദശലക്ഷത്തിലധികം ടിക്ക് ടോക്ക് ഉപയോക്താക്കളുണ്ട്. ടിക് ടോക്ക് വളരെ സങ്കീർണമായ ഒരു ആപ്പ് ആണെന്നും എഫ്‌സിസി മുന്നറിയിപ്പ് നൽകി.
രാജ്യത്തെ കമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്കുകൾ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളിലെ പ്രധാനപ്പെട്ട നീക്കമായിരിക്കും ആപ്പ് നിരോധനം എന്നും എഫ്‌സിസി മേധാവി ബ്രണ്ടൻ കാർ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ടിക്ക് ടോക്കിൽ നിന്നും ലഭിക്കുന്ന സ്വകാര്യ വിവരങ്ങൾ ചൈന ബ്ലാക്ക്മെയിലിങ്ങിനും നിരീക്ഷണത്തിനും ചാരപ്രവൃത്തികൾക്കുമൊക്കെയായി ഉപയോഗിച്ചേക്കാം എന്നും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷനിലെ മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൻമാരിലൊരാൾ ആശങ്ക പ്രകടിപ്പിച്ചു.
അമേരിക്കയിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ചൈന ശ്രമിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. “അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ വലിയൊരു മാതൃകയാണ് കാണിച്ചു തന്നിരിക്കുന്നത്. ഒരു ആപ്പ് നിരോധിക്കാൻ ഒരു വഴിയുമില്ലെന്ന് പറയുന്നവർക്ക് അതു നടപ്പിലാക്കി വിജയിച്ച ഇന്ത്യയുടെ ഉദാഹരണം മുന്നിലുണ്ട്,” ബ്രണ്ടൻ കാർ പറഞ്ഞു.
advertisement
ഇന്ത്യ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടലുകൾ വർദ്ധിച്ചതിനെ തുടർന്ന് ചൈനീസ് ആപ്പുകളായ ടിക് ടോക്ക്, പബ് ജി, ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, യുസി ബ്രൗസർ എന്നിവയുൾപ്പെടെ നൂറുകണക്കിന് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷയെയും പ്രതിരോധ സംവിധാനങ്ങളെയും രാജ്യത്തിന്റെ പരമാധികാരത്തെയും ബാധിക്കാനിടയുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ് ഈ ആപ്പുകളെല്ലാം ഇന്ത്യ നിരോധിച്ചത്.
സുരക്ഷാ പ്രശ്‌നങ്ങളും ഉയർന്ന അപകടസാധ്യതയും ചൂണ്ടിക്കാട്ടി യുഎസ് പ്രതിനിധി സഭ കഴിഞ്ഞ ആഴ്ച തങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളിൽ നിന്നും ടിക്ക് ടോക്ക് ഒഴിവാക്കിയിരുന്നു. അമേരിക്കയിലെ ചില മാധ്യമപ്രവർത്തകരെ പിന്തുടർന്ന് അവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് അടുത്തിടെ, ടിക് ടോക്കിലെ ചില ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു.
advertisement
അതിനിടെ, ഇന്ത്യൻ വിപണിയിൽ തിരികെയെത്താൻ ബൈറ്റ‍്‍ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക് പുതിയ വഴികൾ തേടുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ തിരികെയെത്താൻ പാർട്ണറെ തേടുകയാണ് കമ്പനിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഴയ ജീവനക്കാരെ തിരികെ വിളിച്ച്, പുതിയ ജീവനക്കാരെയും ചേർത്താണ് ബൈറ്റ‍്‍ഡാൻസ് വീണ്ടും വരികയെന്നും സൂചനകളുണ്ടായിരുന്നു.
ടിക്ടോക് ആയിരുന്നു ബൈറ്റ്ഡാൻസിൻെറ ഏറ്റവും ലാഭകരമായ സംരംഭം. പേര് മാറ്റി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ടിക്ടോക് തിരിച്ചുവരികയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രവർത്തനം പുനരാരംഭിക്കാനായാൽ അതിന് മുൻപു തന്നെ ടിക്ടോകിൻെറ പേര് കമ്പനി മാറ്റിയേക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2023 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ടിക്ക് ടോക്ക് നിരോധനം: ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ