റായ്പൂര്‍: ഛത്തീസ്ഗഢില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ആക്രമണം. നാരായണ്‍പൂര്‍ ഗ്രാമത്തിൽ ആദിവാസി വിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരും തമ്മിലായിരുന്നു സംഘർഷം. ആക്രമണത്തില്‍ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റു. നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ടായ സദാനന്ദ് കുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നിയന്ത്രിക്കാനെത്തിയ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.
നാരായണ്‍പൂരിലെ എഡ്ക ഗ്രാമത്തിലെ ആദിവാസി – ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഈ പ്രദേശത്ത് മതപരിവര്‍ത്തനം വർദ്ധിക്കുന്നതായി ആരോപിച്ച് ആദിവാസിവിഭാഗത്തില്‍പ്പെട്ടവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ നാരായണ്‍പൂരിലെ വിശ്വ ദീപ്തി ക്രിസ്ത്യൻ സ്‌കൂളിലേക്ക് ഇവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്‌കൂള്‍ പരിസരത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് പ്രതിഷേധ പ്രകടനം നീണ്ടപ്പോഴാണ് പൊലീസ് ഇടപെട്ടത്.
‘ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പ്രതിഷേധ പ്രവര്‍ത്തകരെ നിയന്ത്രിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം മടങ്ങിപ്പോകുമെന്ന് അവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അതിനിടെ ഒരാള്‍ എന്റെ നേരെ പാഞ്ഞെത്തുകയും ഒരു വടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇതോടെ സ്ഥിതി വഷളായി,’ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
പൊലീസുകാര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുകയും പ്രതിഷേധക്കാരെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. അതേസമയം പ്രതിഷേധക്കാര്‍ സ്‌കൂളിനുള്ളിലെ പള്ളിയിലേക്ക് കയറിയെന്നും പള്ളിയുടെ ചില ഭാഗങ്ങള്‍ തകര്‍ത്തുവെന്ന തരത്തിലുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.