മയക്കുമരുന്നിനെതിരെ സന്ധിയില്ലാ നയം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2047 ഓടെ ഇന്ത്യയെ ലഹരിമുക്തമാക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. ബുധനാഴ്ച രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് വിരുദ്ധ പോലീസ് സേനയുടെ സമ്മേളനത്തിലായിരുന്നു കേന്ദ്ര ആഭ്യന്തമന്ത്രിയുടെ പ്രഖ്യാപനം. മയക്കുമരുന്നിനെതിരെ സീറോ ടോളറൻസ് നയമാണ് സർക്കാരിന്റേതെന്ന് അമിത് ഷാ പറഞ്ഞു. “2047-ഓടെ ഇന്ത്യ മയക്കുമരുന്ന് മുക്തമാകും. അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും വലിയ കടമയാണ്. പോരാട്ടം രാഷ്ട്രീയത്തിന് അതീതമായിരിക്കണം. ഏത് സർക്കാർ അധികാരത്തിലെത്തിയാലുംഎല്ലാ സംസ്ഥാനങ്ങളും ഇതിൽ അണിനിരക്കണം,” അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ഇതിനകം തന്നെ ഫലം നൽകിയിട്ടുണ്ടെന്നും ഷാ പറഞ്ഞു. 2022 ജൂൺ മുതൽ 2023 ഫെബ്രുവരി വരെ 7,000 കോടി രൂപയിലധികം വിലമതിക്കുന്ന 6 ലക്ഷം കിലോയിലധികം മയക്കുമരുന്ന് രാജ്യത്തുടനീളം നശിപ്പിക്കപ്പെട്ടതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ കണക്കുകൾ വ്യക്തമാക്കുന്നു. മോദി സർക്കാരിന്റെപരിശ്രമങ്ങൾ മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിൽ 100% ത്തിലധികം വർദ്ധനവിന് കാരണമായിട്ടുണ്ട് എന്നും, എൻസിബി മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ 181% കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്നിന്റെ ചെറിയ പാക്കറ്റുകളുടെ അന്തിമ ഉപയോക്താക്കളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ അല്ല, അതോടൊപ്പം തന്നെ മയക്കുമരുന്ന് ഉല്പന്നങ്ങളുടെ ഉത്ഭവവും അന്തിമ ലക്ഷ്യസ്ഥാനവും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥരോട് കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.
Also read: റോഡ് ഉപരോധിച്ചുള്ള മതപരമായ ആഘോഷങ്ങൾ വിലക്കി യോഗി ആദിത്യനാഥ് സർക്കാർ
“ചില രാജ്യങ്ങൾ അവരുടെ തെറ്റായ സമീപനം കാരണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പരാജയപ്പെട്ടു. നമുക്ക് പക്ഷെ വ്യക്തത ഉണ്ടായിരിക്കണം. മയക്കുമരുന്ന് ഉപഭോക്താവ് എന്ന് പറയുന്നത് ഇരയാണ്. എന്നാൽ നിർദയം കൈകാര്യം ചെയ്യേണ്ട കുറ്റവാളിയാണ് മയക്കുമരുന്ന് വിൽപ്പനക്കാരൻ.” ഒരു മയക്കുമരുന്ന് വിൽപ്പനക്കാരനെ ഒരു പാക്കറ്റ് കൈവശം ഉള്ളപ്പോൾ പിടികൂടിയാൽ അതിന്റെ അന്വേഷണം ഉത്ഭവസ്ഥാനത്തേയ്ക്ക് കേന്ദ്രീകരിക്കണം. അത് എങ്ങനെ ജില്ലയിലേക്ക് എത്തി? ആരാണ് ഇത് കടത്തിയത്? ആരാണ് ചരക്ക് ശേഖരിച്ചത്? മുകളിൽ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കുമുള്ള അതിന്റെ യാത്രാരേഖ കണ്ടെത്തുന്ന വിധത്തിലുള്ള സമീപനമാണ് ആവശ്യം. ഒരു മയക്കുമരുന്ന് പാക്കറ്റ് ഒരു പാൻ ഷോപ്പിൽ നിന്ന് കണ്ടെത്തിയാലും അതിന്റെ ഉത്ഭവസ്ഥാനവും അവസാന ലക്ഷ്യ സ്ഥാനവും കണ്ടെത്തണം,” ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കാൻ വിവിധ സാമൂഹിക വിഭാഗങ്ങളോട് ആഹ്വാനം ചെയ്ത അമിത് ഷാ, അമ്മമാർക്ക് ഇക്കാര്യത്തിൽ പ്രത്യേകമായി ഒരു പങ്കു വഹിക്കാനാകുമെന്നും പറഞ്ഞു. മതപരവും സാമൂഹികവും വിദ്യാഭ്യാസപരവും കോർപ്പറേറ്റ് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹകരണത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. “കുട്ടികളിലെ മയക്കുമരുന്ന് ആസക്തിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കണം, അവരുടെ കുട്ടികൾ ശിക്ഷിക്കപ്പെടില്ല എന്ന ആത്മവിശ്വാസം അവർക്ക് നൽകണം, മറിച്ച് അവരുടെ ജീവൻ രക്ഷിക്കാൻ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് അയയ്ക്കുക മാത്രമാണ് ചെയ്യുക” അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള കണക്കുകൾ
2006-2014 നെ അപേക്ഷിച്ച് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 181% കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014-2023 കാലയളവിൽ അറസ്റ്റുകളിൽ 296% വർധനയുണ്ടായി. കൂടാതെ പിടികൂടിയ മയക്കുമരുന്നുകളുടെ അളവ് ഇരട്ടിയിലധികമാണ്.
അനധികൃതമായി കഞ്ചാവ് കൃഷി ചെയ്യുന്നതിനെതിരെയും നടപടി ആരംഭിച്ചതായി അമിത് ഷാ പറഞ്ഞു. വിദൂര മലയോര പ്രദേശങ്ങളിൽ കറുപ്പിന്റെയും കഞ്ചാവിന്റെയും അനധികൃത കൃഷി ഒരു പ്രധാന ആശങ്കയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 35,000 കിലോ അനധികൃത കറുപ്പും 80 കിലോയിലധികം കഞ്ചാവും എൻസിബി നശിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ മയക്കുമരുന്ന് കൃഷി ചെയ്യുന്ന കർഷകർക്ക് ഇതര ഉപജീവനമാർഗ ക്രമീകരണങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകാൻ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത കൃഷി തിരിച്ചറിയുന്നതിനും നശിപ്പിക്കുന്നതിനുമായി എൻസിബി ഉപഗ്രഹ ചിത്രങ്ങൾ സംസ്ഥാനങ്ങളുമായി പങ്കിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Anti Drug Campaign, Drug