ഔദ്യോഗിക വസതിയൊഴിഞ്ഞ രാഹുല്‍ ഗാന്ധിയെ അയോധ്യയിലെ ക്ഷേത്രത്തിലേക്ക് താമസിക്കാന്‍ ക്ഷണിച്ച് പൂജാരി
- Published by:Sarika KP
- news18-malayalam
Last Updated:
ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തില്‍ താമസിക്കാന്‍ രാഹുലിന് സമ്മതമാണെങ്കില്‍ തങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.
ന്യൂഡല്‍ഹി: എം.പി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാഹുല്‍ ഗാന്ധിയോട് ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അയോധ്യയിലെ ഹനുമാന്‍ഗാര്‍ഹി ക്ഷേത്ര പരിസരത്ത് സന്യാസിമാരോടൊപ്പം താമസിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച് ക്ഷേത്രത്തിലെ പൂജാരി രംഗത്തെത്തിയിരിക്കുകയാണ്.
” അയോധ്യയിലെ ദർശകൻ എന്ന നിലയില്‍ ഞങ്ങള്‍ രാഹുല്‍ ഗാന്ധിയെ ഈ പുണ്യ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് താമസിക്കാന്‍ ഇടം നല്‍കാന്‍ തയ്യാറാണ്,’ പുരോഹിതന്‍ സഞ്ജയ് ദാസ് പറഞ്ഞു.
ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തിലെ മുതിര്‍ന്ന പുരോഹിതനായ മഹന്ദ് ഗ്യാന്‍ ദാസിന്റെ പിന്തുടര്‍ച്ചക്കാരനാണ് മഹന്ദ് സഞ്ജയ് ദാസ്. കൂടാതെ സങ്കട് മോചന്‍ സേനയുടെ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം.
advertisement
ഹനുമാന്‍ഗാര്‍ഹി ക്ഷേത്രത്തില്‍ താമസിക്കാന്‍ രാഹുലിന് സമ്മതമാണെങ്കില്‍ തങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.
”രാഹുല്‍ തീര്‍ച്ചയായും അയോധ്യയിലേക്ക് വരണം. ഹനുമാന്‍ഗാര്‍ഹി സന്ദര്‍ശിച്ച് പൂജകള്‍ ചെയ്യണം. ഹനുമാന്‍ഗാര്‍ഹിയില്‍ നിരവധി ആശ്രമങ്ങളുണ്ട്. അദ്ദേഹത്തിന് ആശ്രമത്തില്‍ താമസിക്കാവുന്നതാണ്. ഞങ്ങള്‍ക്ക് അതില്‍ സന്തോഷമേയുള്ളൂ,’ സഞ്ജയ് ദാസ് പറഞ്ഞു.
മാര്‍ച്ച് 23നാണ് മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവുശിക്ഷ വിധിച്ചത്. കോടതി വിധി വന്ന് 12ാം ദിവസമാണ് അപ്പീല്‍ നല്‍കിയത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാതെ ജയിലില്‍ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാര്‍ട്ടി നിയമ സെല്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
advertisement
സൂറത്ത് സെഷന്‍സ് കോടതിയിലാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്. ശിക്ഷയും കുറ്റവും മരവിപ്പിക്കാന്‍ അപേക്ഷകളും സമര്‍പ്പിച്ചു. സൂറത്ത് സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടിയെങ്കിലും ഉത്തരവ് സ്റ്റേ ചെയ്തില്ല. കേസ് ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി.
മജിസ്‌ട്രേട്ട് കോടതി രാഹുലിന് നേരത്തേ ജാമ്യം നല്‍കിയിരുന്നു. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷന്‍സ് കോടതി നീട്ടി നല്‍കിയത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ കോടതിയില്‍ നേരിട്ടെത്തിയത്. മുതിര്‍ന്ന നേതാക്കളോട് രാഹുലിനൊപ്പം പോകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
advertisement
2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചു നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമര്‍ശത്തിനെതിരെ ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് കോടതി ശിക്ഷിച്ചത്. പട്‌നയില്‍ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഏപ്രില്‍ 12ന് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 04, 2023 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഔദ്യോഗിക വസതിയൊഴിഞ്ഞ രാഹുല്‍ ഗാന്ധിയെ അയോധ്യയിലെ ക്ഷേത്രത്തിലേക്ക് താമസിക്കാന്‍ ക്ഷണിച്ച് പൂജാരി