ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്
- Published by:Anuraj GR
- news18-malayalam
Last Updated:
ബിജെപിക്കൊപ്പമുള്ള പുതിയ എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് ഏഴ് മണിയോടെ നടക്കുമെന്നാണ് സൂചന
പാട്ന: ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ജെഡിയു എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നിതീഷ് കുമാർ രാജിവെച്ചത്. ബിജെപിക്കൊപ്പമുള്ള പുതിയ എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് ഏഴ് മണിയോടെ നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ ചേർന്ന എംഎൽഎമാരുടെ യോഗത്തിനുശേഷമാണ് നിതീഷ് കുമാർ രാജിവെച്ചത്. ബിഹാറിലെ പുതിയ സംഭവവികാസങ്ങൾ ബിജെപിക്ക് വലിയ രീതിയിലുള്ള രാഷ്ട്രീയ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് ആസന്നമായതോടെ ബിഹാറിൽ ശക്തമായ മുന്നേറ്റം നടത്താൻ എൻഡിഎയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം നിതീഷിന്റ തിരിച്ചു വരവിന് ബിജെപി ദേശീയ നേതൃത്വം മുൻ കൈയ്യെടുത്ത് പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ജെഡിയുവിലെ ഒരു വിഭാഗത്തിന് മഹാസഖ്യം വിടാൻ താത്പര്യമില്ലാതിരുന്നതാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്. 12 ലധികം എംഎൽഎമാർ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ആർജെഡി മന്ത്രിമാരെ പുറത്താക്കി, ആർജെഡി അംഗമായ സ്പീക്കർ അവദ് ബീഹാറി ചൗധരിക്കെതിരെ അവിശ്വാസം കൊണ്ടുവരാമെന്ന നിർദേശവും ജെഡിയു മുന്നോട്ടുവെച്ചിരുന്നു.
advertisement
ബിജെപിയുടെ പിന്തുണക്കത്ത് ഇതിനകം തന്നെ നിതീഷ് കുമാറിനും ജെഡിയു നേതൃത്വത്തിനും കൈമാറിയിരുന്നു. സുശീൽ കുമാർ മോദിയെ ഉപമുഖ്യമന്ത്രിയാക്കണം എന്ന ഉപാധി നിതീഷ് ബിജെപിക്ക് മുന്നിൽ വച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ ഇന്ന് പട്നയിലെത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് വിവിധ പാർട്ടികൾ യോഗങ്ങൾ പാട്നയിൽ ചേർന്നു. ലോക് ജൻശക്തി പാർട്ടി- പാസ്വാൻ വിഭാഗം നേതാവ് ചിരാഗ് പാസ്വാൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബിഹാർ ബിജെപിയുടെ കോർ കമ്മിറ്റിയും ഇന്നലെ അടിയന്തരമായി ചേർന്നിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Patna,Patna,Bihar
First Published :
January 28, 2024 11:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു; എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്