എംപിമാരും എംഎൽ.എമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ: കേരളത്തിന് 'നാണക്കേടിന്റെ' മൂന്നാം സ്ഥാനം
Last Updated:
ന്യൂഡൽഹി: എം.പിമാർക്കും എം.എൽ.എമാർക്കും എതിരെയുള്ള ക്രിമിനൽ കേസുകളുടെ കാര്യത്തിൽ കേരളത്തിന് മൂന്നാം സ്ഥാനം. ബിഹാറും പശ്ചിമബംഗാളുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
സുപ്രീംകോടതിയുടെ പ്രത്യേക നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകകോടതികളിലേക്ക് നിയമനിർമാതാക്കൾ കൂടിയ ജനപ്രതിനിധികൾ പ്രതികളായ 1233 കേസുകളാണുണ്ടായിരുന്നത്. ഇതിൽ 136 കേസുകൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. 1097 എണ്ണം ഇനിയും തീർപ്പാക്കാനുണ്ട്. സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകളുള്ളത്.
ബിഹാറിൽ ഇത്തരം 260 കേസുകളാണ് പ്രത്യേക കോടതികളിലേക്ക് മാറ്റിയത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇതിൽ 11 കേസുകൾ മാത്രമാണ് പൂർത്തിയായത്. 249 കേസുകളിൽ ഇനിയും അന്തിമതീരുമാനം വരാനുണ്ട്.
പശ്ചിമബംഗാളിലെ അവസ്ഥ തീർത്തും പരിതാപകരമാണ്. എം.പിമാർക്കും എംഎൽഎമാർക്കും എതിരായ 215 ക്രിമിനൽ കേസുകൾ 2018 മാർച്ചിലാണ് പ്രത്യേക കോടതികളിലേക്ക് വിട്ടത്. എന്നാൽ ഇതുവരെ ഒരു കേസ് പോലും പൂർത്തിയായിട്ടില്ല. കേരളത്തിലാകട്ടെ 178 കേസുകളാണ് തീർപ്പ് കാത്ത് കിടക്കുന്നത്.
advertisement
ഡൽഹിയാണ് കേരളത്തിന് പിന്നിൽ. 157 കേസുകളിൽ ആറുമാസത്തിനിടെ 44 എണ്ണത്തിലാണ് തീരുമാനമായത്. ഇതുകൂടാതെ ഡൽഹിയിൽ ഗൗരവമായ 45 ക്രിമിനൽ കേസുകളുമുണ്ടായിരുന്നു. ഇതിൽ 6 എണ്ണം മാത്രമാണ് തീർപ്പാക്കാനായത്.
കർണാടകയിൽ 142 കേസുകളിൽ 19 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. ആന്ധ്രയിലും തെലങ്കാനയിലും 64 കേസുകളാണ് തീർപ്പാക്കാനുള്ളത്. മഹാരാഷ്ട്രയിൽ 50 ഉം മധ്യപ്രദേശിൽ 28ഉം കേസുകൾ വിധി കാത്ത് കിടക്കുന്നു.
സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ ക്രിമിനൽ കേസുകൾ പരിഗണിക്കാൻ 12 പ്രത്യേക കോടതികളാണ് സ്ഥാപിച്ചത്. ആറെണ്ണം സെഷൻസ് കോടതികളും അഞ്ചെണ്ണം മജിസ്ട്രേറ്റ് കോടതികളുമാണ്. തമിഴ്നാട് അവിടെയുള്ള പ്രത്യേക കോടതിയുടെ കാര്യത്തിൽ വിവരം കൈമാറിയിട്ടില്ല.
advertisement
2016ൽ ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യഹർജിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. പൊതുതാൽപര്യഹർജി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാനും ഇതിന് വേണ്ടിവരുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകാനും കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു. പ്രത്യേക കോടതി ആരംഭിച്ചതു സംബന്ധിച്ചും അവിടെ തീർപ്പാക്കിയതും തീർപ്പാക്കാനുള്ളതുമായ കേസുകളുടെയും വിവരങ്ങൾ സംബന്ധിച്ചും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
പ്രത്യേക കോടതികൾ ആരംഭിക്കുന്നതിനായി തുക സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതായി സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനം ഈ തുക ചെലവഴിക്കണമെന്ന് നിർദേശിച്ചതായും കേന്ദ്രസർക്കാർ പറയുന്നു. ഈ വിഷയം സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2018 6:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എംപിമാരും എംഎൽ.എമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകൾ: കേരളത്തിന് 'നാണക്കേടിന്റെ' മൂന്നാം സ്ഥാനം


