മഹാരാഷ്ട്ര, ഹരിയാന നിയമസഭകൾ പിരിച്ചു വിട്ട് ജനവിധി തേടാൻ BJP
Last Updated:
സിക്കിം, അരുണാചൽ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലും കശ്മീരിലും ലോക്സഭയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യത
ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകൾ പിരിച്ചു വിട്ട് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടണോയെന്ന് ബിജെപി ആലോചിക്കുന്നു. സിക്കിം, അരുണാചൽ, ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലും കശ്മീരിലും ലോക്സഭയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മൊത്തം ഏഴു സംസ്ഥാനങ്ങൾ ലോക്സഭയ്‌ക്കൊപ്പം ജനവിധി തേടും.
പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള അനുകൂല രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ രണ്ടോ മൂന്നോ നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരത്തെയാക്കാനാണ് ബിജെപിയിലെ ചർച്ചകൾ.
മഹാരാഷ്ട്രയിലും ഹരിയാനയിലും ഈ വർഷം ഒക്ടോബറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ജാർഖണ്ഡിൽ ഡിസംബറിലും. സംസ്ഥാന തെരഞ്ഞെടുപ്പുകൾ വ്യത്യസ്തമായി നേരിട്ടാൽ ഭരണ വിരുദ്ധ വികാരം വിനയാകുമെന്നാണ് പാർട്ടിയിലെ ആശങ്ക. ലോക്സഭയ്ക്ക് ഒപ്പം ജനവിധി തേടിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലൂടെ കരകയറാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റാൽ മഹാരാഷ്ട്ര നിയമ സഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുമായുള്ള സഖ്യം സാധ്യമാകാതെ വരാം. വിപൽ സൂചനകൾ പരിഗണിച്ച് നിയമസഭകൾ പിരിച്ചു വിടണമോയെന്നതിൽ ബിജെപി ദേശീയ സംസ്ഥാന തലങ്ങളിൽ ചർച്ച സജീവമാണ്. ശനിയാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നതിനാൽ ബിജെപി ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ഇതിനിടെ, എട്ടുപത്തു മാസത്തെ അധികാരം വെറുതെ നഷ്ടമാക്കേണ്ടെന്ന അഭിപ്രായം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം ചിലർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 07, 2019 5:39 PM IST