മുസ്ലീം പള്ളിയിൽ ലൗഡ് സ്പീക്കർ അനുവദിക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി
- Published by:Sneha Reghu
- news18-malayalam
Last Updated:
ശബ്ദ മലിനീകരണം കേള്‍വി തകരാറിന് കാരണമാകുമെന്നും 120 ഡെസിബെല്‍ കവിഞ്ഞാല്‍ കര്‍ണപടലം വരെ പൊട്ടാന്‍ സാധ്യതയുണ്ടെന്നും കോടതി
മുസ്ലീം പള്ളിയില്‍ ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ അനുമതി തേടികൊണ്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് തള്ളി. മതപരമായ ആചാരങ്ങള്‍ക്കായി ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
പ്രാര്‍ത്ഥന നടത്താന്‍ ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ അനുമതി തേടി മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്ള ഗൗസിയ പള്ളി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. വോയിസ് ആംപ്ലിഫയറുകളിലൂടെയോ ഡ്രം മുഴക്കുന്നതിലൂടെയോ പ്രാര്‍ത്ഥനകള്‍ നടത്താന്‍ ഒരു മതവും അനുശാസിക്കുന്നില്ലെന്ന് സുപ്രീം കോടതി വിധികളെ ചൂണ്ടിക്കാട്ടികൊണ്ട് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനില്‍ പന്‍സാരെ, രാജ് വകോഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഡിസംബര്‍ ഒന്നിന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തങ്ങളുടെ മതം ആചരിക്കാന്‍ ലൗഡ്‌സ്പീക്കറുകള്‍ നിര്‍ബന്ധമാണെന്ന് കാണിക്കുന്ന വസ്തുത സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. അതിനാല്‍ ലൗഡ്‌സ്പീക്കറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി തേടാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്നും ഹര്‍ജി തള്ളുകയാണെന്നും ബെഞ്ച് പറഞ്ഞു. ഒരു മതവും മറ്റുള്ളവരുടെ സമാധാനം കെടുത്തികൊണ്ട് പ്രാര്‍ത്ഥനകള്‍ നടത്താന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചെറിയ പ്രായത്തിലുള്ളവര്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും മാനസിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്കും ന്യായമായ നിശബ്ദത ആസ്വദിക്കാന്‍ അര്‍ഹതയുണ്ടെന്ന സുപ്രീം കോടതി വാദവും കോടതി ചൂണ്ടിക്കാട്ടി.
advertisement
ശബ്ദമലിനീകരണ പ്രശ്‌നം ആവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞ കോടി ഇക്കാര്യം സ്വമേധയ പരിഗണിക്കുകയും ചെയ്തു. വിഷയത്തില്‍ ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ശബ്ദ മലിനീകരണം പൊതുജനാരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതര ഭീഷണിയാണെന്നും ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും കോടതി പറഞ്ഞു.
ശബ്ദ മലിനീകരണം കേള്‍വി തകരാറിന് കാരണമാകുമെന്നും 120 ഡെസിബെല്‍ കവിഞ്ഞാല്‍ കര്‍ണപടലം വരെ പൊട്ടാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. നാഗ്പൂരിലെ സിവില്‍ ലൈനിലെ ഇവന്റ് ഹാളുകളില്‍ ആഘോഷിക്കുന്ന ചടങ്ങുകളും മറ്റ് ആഘോഷങ്ങളും ശബ്ദമലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി.
advertisement
നിയമങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച് ഉച്ചഭാഷിണികളില്‍ ഭജനുകള്‍ അവതരിപ്പിക്കുന്ന നിരവധി മതസ്ഥലങ്ങളെക്കുറിച്ചും കോടതി ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ഫലപ്രദമായ പരിഹാരം കണ്ടെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
December 06, 2025 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുസ്ലീം പള്ളിയിൽ ലൗഡ് സ്പീക്കർ അനുവദിക്കണമെന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി


