• HOME
 • »
 • NEWS
 • »
 • india
 • »
 • 'നിങ്ങള്‍ ഇത് വായിച്ചു കഴിയുമ്പോഴേക്കും ഞങ്ങള്‍ മരിച്ചിട്ടുണ്ടാകും'

'നിങ്ങള്‍ ഇത് വായിച്ചു കഴിയുമ്പോഴേക്കും ഞങ്ങള്‍ മരിച്ചിട്ടുണ്ടാകും'

 • Last Updated :
 • Share this:
  അദ്രിജ ബോസ്

  കിഴക്കന്‍ ജെയ്ന്റിയ മല(മേഘാലയ): തൊഴിലാളികള്‍ ഖനിയില്‍ കുടങ്ങിയെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ, രക്ഷാപ്രവര്‍ത്തകര്‍ പിന്‍വാങ്ങിയിട്ടും തന്റെ രണ്ട് ചെറുമക്കളെ അവസാനമായെങ്കിലും ഒരു നോക്കു കാണാനായി 60 വയസുകാരന്‍ തുരങ്കത്തിനു മുന്നില്‍ കാത്തിരുന്നത് കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. 400 കീലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് ഈ വയോധികന്‍ തുരങ്കത്തിന് മുന്നിലെത്തിയത്. അവാസന നിമിഷമെങ്കിലും അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കാത്തിരുപ്പ്.

  13 ദിവസം മുന്‍പാണ് തൊഴിലാളികള്‍ ഖനിയില്‍ അകപ്പെട്ടതെങ്കിലും തുരങ്കത്തിനു സമീപത്തെ ആവരുടെ ടെന്റ് ഇപ്പോഴും പഴയതു പോലെ തന്നെ. മുട്ടയുടെ തോടുകളും പഴകി ദ്രവിച്ച ചെരുപ്പുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുമൊക്കെ ആ കരിപിടിച്ച മണ്ണില്‍ ചിതറിക്കിടക്കുന്നു. കാത്തിരുന്ന് ഏറെ ക്ഷീണിതനായ ആ വയോധികന്‍ കഴിഞ്ഞ ദിവസം നിരോശയോടെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങി.

  എന്തുചെയ്യണമെന്നറിയാതെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെ(എന്‍.ആര്‍.ഡി.എഫ്) നിര്‍ദ്ദേശങ്ങള്‍ കാത്ത് സംസ്ഥാന ദുരന്തനിവാരണ സേനയിലെ ഏതാനും പേര്‍ ഇപ്പോഴും തുരങ്കത്തിന് മുന്നിലുണ്ട്. എന്‍.ആര്‍.ഡി.എഫ് അംഗങ്ങളാകട്ടെ സര്‍ക്കാര്‍ ആവശ്യത്തിന് പമ്പുകള്‍ എത്തിക്കുമെന്ന പ്രതീക്ഷയിലും.

  ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ കാത്ത് അവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും കാത്തിരുപ്പ് തുടരുകയാണ്. പ്രിയപ്പെട്ടവരുടെ മുഖം ജീവനോടെ ഒരു നോക്കെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയിലാണവര്‍.
  'ഖനി ഉടമയായ 'സര്‍ദാര്‍' 1000 രൂപ ദിവസക്കൂലി വാഗ്ദാനം ചെയ്താണ് എന്റെ മകനെയും സഹോദരനെയും മരുമകനെയും കൊണ്ടു പോയത്. അവര്‍ക്ക് ഒരു രൂപ പോലും ഇതുവരെ കിട്ടിയില്ല. അവര്‍ മടങ്ങിയെത്തിയിട്ടുമില്ല.' - മഗുര്‍മറൈ ഗ്രാമത്തില്‍ നിന്നുള്ള 55 കാരനായ സോഹോര്‍ അലി കണ്ണീരോടെ പറയുന്നു. തനിക്ക് കുടുംബത്തെ തന്നെ നഷ്ടമായെന്നും അലി പറയുന്നു.

  അലിയുടെ 18 വയസുള്ള മകന്‍, 35കാരനായ സഹോദരന്‍, 26 വയസുള്ള മരുമകന്‍ എന്നിവരാണ് തുരങ്കത്തില്‍ അകപ്പെട്ടത്. ഇവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ വലിയൊരു കുടുംബത്തിന്റെ ചുമതല അലിയ്ക്ക് ഏറ്റെടുക്കേണ്ടി വരും.

  ഭര്‍ത്താവ് ഖനിയില്‍ അകപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞതിനെ തുടരന്ന് സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന സോഹോറിന്റെ മകള്‍.


  അലിയ്‌ക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഖനിയില്‍ പണിയെടുത്ത് പരിചയമില്ല. വീട് വാടകയ്‌ക്കെ
  ടുത്ത് നല്‍കുമ്പോള്‍ കിട്ടുന്ന തുച്ഛമായ കമ്മീഷന്‍ മാത്രമാണ് അലിയുടെ വരുമാനമാര്‍ഗം. ആഴ്ചയില്‍ ശമ്പളം നല്‍കുമെന്നായിരുന്നു സര്‍ദാര്‍ അവര്‍ക്കു നല്‍കിയ വാഗ്ദാനമെന്നും അലി പറയുന്നു. എന്നാല്‍ ഖനിയിലിറങ്ങി ആറ് ദിവസമായിട്ടും മൂന്നു പേരും മടങ്ങിയെത്തിയില്ല.

  മകന്‍ ഉള്‍പ്പെടെയുള്ളവരെ കാണാതായിട്ടും അപകട സ്ഥലത്തെത്താന്‍ ഈ 55കാരന് ഇതുവരെ കഴിഞ്ഞിട്ടില്ല. 'ഞാന്‍ എങ്ങനെ പോകു? കൈയ്യില്‍ പൈസ വേണ്ടേ?' അപകട സ്ഥലത്ത് നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ ഒറ്റമുറി വീട്ടില്‍ ഇരുന്നുകൊണ്ട് അലി ചോദിക്കുന്നു. അലി ഇപ്പോഴും പ്രതീക്ഷയിലാണ്. പ്രിയപ്പെട്ടവരെ ജീവനോടെ കാണാനാകുമെന്ന പ്രതീക്ഷയില്‍.

  നടപ്പിലാക്കാത്ത നിരോധനം

  തലസ്ഥാനമായ ഷില്ലോങ്കില്‍ നിന്നും മൂന്നു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഖനി സ്ഥിതി ചെയ്യുന്ന ലുംതാരി ഗ്രമത്തിലെത്താം. നാല് വര്‍ഷം മുന്‍പ് ദേശീയ ഹരിത ട്രിബ്യൂണല്‍ മേഘാലയയിലെ അനധികൃതമായ ഈ ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിട്ടിട്ടുണ്ട്.

  നിരോധനമുണ്ടെങ്കിലും ഖനികളുടെ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇത് എല്ലാവര്‍ക്കും അറിയാമെങ്കിലും ഭയം കാരണം ആരും പുറത്തു പറയാറില്ലെന്നതാണ് സത്യം. തുരങ്കത്തിനുള്ളില്‍ അകപ്പെട്ട് നേരത്തെയും നിരവധി തൊഴിലാളികളാണ് മരിച്ചത്. എന്നാല്‍ ഇതൊന്നും ആരും അറിയാറില്ലെന്നു മാത്രം.

  കാര്‍ നിര്‍ത്താനോ ഖനികളുടെ ഫോട്ടോ എടുക്കാനോ ശ്രമിക്കരുതെന്ന് പ്രദേശിക ലേഖകന്‍ എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഹരിത ട്രിബ്യൂണലിെേന്റ നിരോധനം ഉണ്ടെങ്കിലും ജെനൈറ്റാ മലയിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്നായിരുന്നു ഷില്ലോങിലെ പ്രദേശവാസികളുടെയും ഉപദേശം.

  അനധികൃത ഖനി മാഫിയകളുമായി രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുണ്ടെന്ന് സംസ്ഥാനത്തെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ആഗ്‌നസ് ഖര്‍ഷിഹിംഗ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കല്‍ക്കരിയുമായി പോകുന്ന വാഹനങ്ങളുടെ ചിത്രമെടുത്തതിന് ആഗ്നസിന്റെ സുഹൃത്തായ അനിതാ സാംഗ്മ ക്രൂരമായി ആക്രമിക്കപ്പെട്ടത്. അഞ്ച് ട്രക്കുകളില്‍ അനധികൃതമായി കല്‍ക്കരി കടത്തുന്നുണ്ടെന്നു പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അവര്‍ക്കു നേരെ ആക്രമണമുണ്ടായത്.

  ചെറു ജോലികള്‍ക്കായി ഖനി ഉടമകളും കച്ചവടക്കാരും പ്രദേശവാസികളെ ഉപയോഗിക്കുമെങ്കിലും ജീവന്‍ പണയംവച്ച് തുരങ്കത്തില്‍ ഇറങ്ങുന്നത് പുറത്തു നിന്നെത്തുന്ന തൊഴിലാളികളാണ്. നേപ്പാള്‍, ബംഗ്ലാദേശ്, അസം എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ എത്തിക്കുന്നത്. എട്ടു മുതല്‍ ഒന്‍പത് വയസുവരെ പ്രായമുള്ള കുട്ടികളെയും ജോലിക്ക് എത്തിക്കാറുണ്ട്. കുട്ടികളെ തുരങ്കത്തിലൂടെ എളുപ്പത്തില്‍ ഇറക്കാമെന്നതാണ് ഈ പ്രയത്തിലുള്ളവരെ ജോലിക്കെത്തിക്കാന്‍ ഖനി ഉടമകളെ പ്രേരിപ്പിക്കുന്നത്.

  'തുരങ്കത്തില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പ്രദേശവാസികള്‍ക്ക് നന്നായി അറിയാം. എന്നാല്‍ ഇതൊന്നും അറിയാതെ പുറത്തു നിന്നും എത്തുന്നവര്‍ ഈ പണിക്ക് തയാറാകും. പണി കഴിഞ്ഞ് പുറത്തു വരുമ്പോള്‍ പണം കിട്ടും. അതുപയോഗിച്ച് അവര്‍ ഷില്ലോങ്കില്‍ സ്ഥലവും വീടുമൊക്കെ വാങ്ങും' ആഗ്നസ് പറയുന്നു.

  ആഗ്നസ് ഇപ്പോഴും ആശുപത്രി കിടക്കയിലാണെങ്കിലും അനധികൃത ഖനനത്തിനെതിരെ നടത്തുന്ന പോരാട്ടത്തില്‍ നിന്നും പിന്‍മാറാന്‍ തയാറല്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് ഖനനം നടക്കുതെന്നും തന്റെ പക്കല്‍ അതിനുള്ള തെളിവുകളുണ്ടെന്നും ആഗ്നസ് പറഞ്ഞു.

  ഖനി മാഫിയയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആഗ്നസ്.


  ആഗ്നസ് ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് ഖനി ദുരന്തമുണ്ടായതും സര്‍ക്കാര്‍ പ്രതിരോധത്തിലായതും.

  സംസ്ഥാന പൊലീസിന്റെ കണക്കനുസരിച്ച് ഹരിത ട്രിബ്യൂബണലിന്റെ ഉത്തരവിറങ്ങിയ 2014 ന് ശേഷം 447 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ഖനി ഉടമകള്‍ക്കെതിരെ കേസെടുക്കുകയും നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

  എന്നാല്‍ ഖനി ഉടമകളുടെ ഏജന്റുമാരായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതാണ് സംസ്ഥാനത്ത് ഇപ്പോഴും അനധികൃത ഖനനം തുടരാന്‍ കാരണമെന്ന് ആഗ്നസ് പറയുന്നു. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കൊപ്പമല്ലെന്നും പണക്കാര്‍ക്കു വേണ്ടിയാണ് നിലനില്‍ക്കുന്നതെന്നും അവര്‍ ആരോപിച്ചു.

  2015-ല്‍ പൊലീസ് സബ് ഇന്‍സ്പക്ടര്‍ മാര്‍ബനിയങ് കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും ആഗ്നസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈരുദ്ധ്യമുണ്ട്. ഒരു റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടെന്നു പറയുമ്പോള്‍ മറ്റൊന്നില്‍ ആത്മഹത്യ ആയിരുന്നെന്നാണ് പറയുന്നത്. എന്നാല്‍ അനധികൃത ഖനി ഉടമയുടെ 52 ട്രക്കുകള്‍ പിടിച്ചെടുത്തതിന്റെ വൈരാഗ്യത്തില്‍ ഖനി ഉടമകള്‍ പൊലീസുകാരനെ കൊലപ്പെടുത്തിയതാണെന്ന് ആഗ്നസ് പറഞ്ഞു.

  രക്ഷാശ്രമം ഇത്രയും മതിയോ?

  തൊഴിലളികളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നണ് എന്‍.ഡി.ആര്‍.എഫ് കമാന്‍ഡര്‍ എസ്.കെ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും തൊഴിലാളികളെ രക്ഷിക്കാനായില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

  അനധികൃത ഖനി ആയതിനാല്‍ അതിന്റെ മാപ്പോ ബ്ലൂപ്രിന്റോ ലഭ്യമല്ലെന്നും സിംഗ് പറയുന്നു. പ്രദേശവാസികള്‍ നല്‍കിയ വിവരമനുസരിച്ച് ഖനിക്ക് 350 അടി താഴ്ചയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ 70 അടിയോളം വെള്ളം നിറഞ്ഞ അവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.

  40 അടിയോളം താഴ്ചയില്‍ ഇറങ്ങിയെന്നും ഇനി വെള്ളം മാറ്റിയാല്‍ മാത്രമെ തെരച്ചില്‍ സാധ്യമാകൂവെന്നും എന്‍.ഡി.ആര്‍.എഫിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

  ഖനി വിദഗ്ധനായ ജസ്വന്ത് സിംഗ് ഗില്‍ ദുരന്ത മേഖലയിലെത്തി രക്ഷാ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് പുറത്തുകളയുകയെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. ഇതിനായി 150 കുതിരശക്തിയുള്ള 25 പമ്പുകള്‍ അടിയന്തിരമായി എത്തിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ സര്‍ക്കാരിന് ഇത്ര സമയമായിട്ടും ഒരൊറ്റ പമ്പ് മാത്രമെ ദുരന്തമുഖത്ത് എത്തിക്കാനയുള്ളൂ. ഹരിത ട്രിബ്യൂണലിന്റെ നിരോധനം വന്നതോടെ ഉണ്ടായിരുന്ന പമ്പുകളൊക്കെ നിലവില്‍ തുരുമ്പെടുത്ത് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്ന് ഗില്‍ പറഞ്ഞു.

  ഖനിയില്‍ അകപ്പെട്ട ഒമര്‍ അലി എന്ന തൊഴിലാളിയുടെ ഭാര്യ.


  രക്ഷാ പ്രവര്‍ത്തനത്തിന്റെ തടക്കത്തില്‍ മുന്‍ഖനി ഉടമകളില്‍ ചിലര്‍ എട്ടു പമ്പു സെറ്റുകള്‍ എത്തിച്ചെങ്കിലും അതില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. ഇതില്‍ ഒരെണ്ണം പിന്നീട് കേടാകുകയും ചെയ്തു.

  അപകടം നടന്ന് 13 ദിവസം കഴിഞ്ഞെങ്കിലും ഖനിക്കുള്ളില്‍ എത്ര തൊഴിലാളികള്‍ അകപ്പെട്ടിട്ടുണ്ടെന്നു പോലും ആര്‍ക്കും കൃത്യമായി അറിയില്ല. ചിലര്‍ 15 എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ 18 പേരുണ്ടെന്നണ് പറയുന്നത്. ഇക്കൂട്ടത്തില്‍ കുട്ടികളുമുണ്ട്.

  'സര്‍ക്കാര്‍ അധികമൊന്നും ചെയ്യേണ്ട. മൂന്നു ദിവസംകൊണ്ട് വെള്ളം പമ്പ് ചെയ്തു മാറ്റാമായിരുന്നു.' ഖനിയില്‍ അകപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത മോമിനുള്‍ ഇസ്ലാമിന്റെ സഹോദരന്‍ അലി പറയുന്നു.

  ' ഇതുപോലുള്ള അപകടങ്ങളും മരണങ്ങളുമൊക്കെ ഞാന്‍ നേരത്തെയും നേരിട്ട് കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വെള്ളം മാറ്റാന്‍ 10 പമ്പുകളെങ്കിലും വേണ്ടി വരുമെന്ന് ഞാന്‍ തുടക്കത്തിലെ എന്‍.ഡി.ആര്‍.എഫിനോട് പറഞ്ഞതാണ്. പക്ഷെ, ആര് കേള്‍ക്കാന്‍. നൂറുകണക്കിന് പമ്പുകളുള്ള ഖനി ഉടമകളെ എനിക്കറിയാം. പക്ഷെ ഞങ്ങളുടെ ജീവന് സര്‍ക്കാര്‍ ഇത്ര വിലയേ കല്‍പ്പിക്കുന്നുള്ളൂ.' അലി പറഞ്ഞു.

  നിരോധനം വരുന്നത് മുന്‍പ് എട്ട് വര്‍ഷത്തോളം അലി ഖനിയിലെ തൊഴിലാളി ആയിരുന്നു. അനധികൃത ഖനനമായതിനാല്‍ ഇന്ന് എന്ത് സംഭവിച്ചാലും തൊഴിലാളികള്‍ക്ക് പൊലീസില്‍ പോലും പരാതി നല്‍കാനാകാത്ത അവസ്ഥയാണെന്ന് അലി പറയുന്നു. തൊഴിലാളികള്‍ മരിച്ചാല്‍ നലോ അഞ്ചോ ലക്ഷം ഖനി ഉടമകള്‍ കുടുംബത്തിന് നല്‍കുമായിരുന്നു. എന്നാല്‍ ഈ അപകടത്തില്‍ ഖനി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്യും. അതോടെ ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലാതാകുമെന്നും അലി പറയുന്നു.

  നിരോധനം നടപ്പാകാത്തത് എന്തുകൊണ്ട്?

  ഖനിയും ഖനനവുമൊക്കെ മേഘാലയയില്‍ രാഷ്ട്രീമാണ്. ഫെബ്രുവരിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഇതു കണ്ടതാണ്. നിരോധനം നീക്കുന്നതിനായി ഒന്നും ചെയ്യാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. അധികാരത്തിലെത്തി എട്ടു മാസത്തിനകം ഖനി നിരോധനം എടുത്തുമാറ്റുമെന്ന് ബി.ജെ.പി പ്രകടന പത്രികയില്‍ വാഗ്ദനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും നിരോധനം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.

  ബി.ജെ.പി കൂട്ടുമന്ത്രിസഭ ഉണ്ടാക്കിയതോടെ സംസ്ഥാനത്ത് അനധികൃത ഖനനം കൂടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നിരോധനം സര്‍ക്കാര്‍ കാര്യമായി എടുത്തിട്ടില്ലെന്ന് ഉംറോയ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ജോര്‍ജ് ബങ്കിന്തെല്‍ ലാംഗ് ലിങ്‌ഡോ ആരോപിച്ചു.

  സംസ്ഥാനത്ത് ഖനന നിരോധനം നടപ്പാക്കുന്നത് എളുപ്പമല്ലെന്ന് മേഗാലയ ഗ്രാന്റ് കൗണ്‍സില്‍ ഓഫ് ചീഫ് ചെയര്‍മാന്‍ ജോണ്‍ എഫ്. ഖാര്‍സിംഗ് പറയുന്നു. ജെയ്ന്റിയ മലനിരയിലെ ആദിവാസി നേതാവു കൂടിയാണ് ഖാര്‍സിംഗ്. മേഘാലയയില്‍ ഉടമകള്‍ക്ക് അവരുടെ ഭൂമിയില്‍ പരമമായ അവകാശമുണ്ട്. സ്വന്തം ഭൂമിയില്‍ എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

  ഖനി നിയമം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് 2017-ല്‍ മുന്‍മുഖ്യമന്ത്രി മുഗുള്‍ സാഗ്മ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നിയമം നടപ്പാക്കുന്നത് ഗോത്രവിഭഗങ്ങള്‍ക്ക് അവരുടെ ഭൂമിയിലുള്ള പരമാധികാരം നഷ്ടമാക്കുമെന്നാണ് കത്തിലുണ്ടായിരുന്നത്. നിയമം പരമ്പരാഗതമായ തൊഴിലിനും അവകാശത്തിനും എതിരാണെന്നും അദ്ദഹം ചൂണ്ടിക്കാട്ടിയിരുന്നു.

  എന്നാല്‍ നിയമം കര്‍ശനമായി നടപ്പാക്കപ്പെടേണ്ടതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ എച്ച്.എച്ച് മോര്‍മെന്‍ ചൂണ്ടിക്കാട്ടുന്നു. സ്വന്തമായി ഭൂമിയുണ്ടെന്നു കരുതി ജലമോ വായുവോ മലിനപ്പെടുത്താനാകില്ല. അതുകൊണ്ടുതന്നെ ഹരിത ട്രിബ്യൂണലിന്റെ നിരോധനം സംസ്ഥാനത്തും നടപ്പാക്കണം. ഖനനത്തെ തുടര്‍ന്ന് പല നദികളും വറ്റിവരണ്ടിരിക്കുകയാണ്. സള്‍ഫ്യൂരിക് ആസിഡ് ഉള്‍പ്പെടെയുള്ളവ ഖനികളില്‍ നിന്നും നദിയില്‍ കലരുകയാണ്. ഇത് നദകളെ ഒന്നൊന്നായി ഇല്ലാതാക്കിക്കണ്ടിരിക്കുകയാണെന്നും അദ്ദേഹം ഷില്ലോങ് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

  അപകടങ്ങള്‍ ഉണ്ടായപ്പോള്‍ സംഭവിച്ചത്

  ഖനി അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഖനിയുടെ ഉടമസ്ഥനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചെങ്കിലും ബന്ധുക്കള്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

  'അവര്‍ ഞങ്ങള്‍ക്ക് ആവശ്യത്തിന് പണം തരും. ഞങ്ങള്‍ പാവങ്ങളാണ്. പോകാതെ എന്തുചെയ്യും? ആറ് വര്‍ഷം മുന്‍പ് തുരങ്കത്തില്‍ വച്ച് നട്ടെല്ലിനു പരുക്കേറ്റ് കിടപ്പിലായ അബ്ദുള്‍ കരിമിന്റെ നിസഹായതയോടെയുള്ള ചോദ്യമാണിത്. തുരങ്കത്തിലൂടെ ഇറങ്ങുന്നതിനിടെ പാറ കഴുത്തില്‍ വീണാണ് കരീമിന് പരുക്കേറ്റത്.

  കാണാതയവരുടെ കൂട്ടത്തില്‍ കരീമിന്റെ മൂത്ത സഹോദരന്‍ കലാമും ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ കലാമിന്റെ പേരില്ലെന്ന് കരിം പറയുന്നു. മറ്റു വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് കലാം വീണ്ടും ഖനിയില്‍ പണിക്ക് പോയത്. സഹോദരന്റെ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയോടും പത്തുവയസുകാരനായ മകനോടുമൊക്കെ എന്ത് പറയുമെന്ന സങ്കടത്തിലാണ് കരീം. ഞങ്ങളുടെ കുടുംബത്തെ ഇനി ആര് നോക്കുമെന്നും കരിം ചോദിക്കുന്നു.

  ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു.


  നേരത്തെയും നിരവധി അപകടങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഓരോ വര്‍ഷവും ഏറ്റവും കുറഞ്ഞത് 12 കുട്ടികളെങ്കിലും ആരും അറിയാതെ മരിക്കുന്നുണ്ടെന്നാണ് കണക്ക്. പത്ത് വര്‍ഷത്തിന് മുന്‍പ് ഖനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 30 പേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോലും പുറത്തെടുക്കാനായിട്ടില്ല.

  'റിപ്പോര്‍ട്ടര്‍മാര്‍ വന്ന് എന്റെ ഫോട്ടോ എടുക്കുന്നു. മരിച്ച മകനം കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്നു. എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ഞങ്ങളെ ആരെങ്കിലും സഹായിക്കുമോ? ' സോഹോര്‍ അലി ചോദിക്കുന്നു.

  First published: