• HOME
 • »
 • NEWS
 • »
 • india
 • »
 • ഐഎസ് : അറസ്റ്റിലായവർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുതൽ വെൽഡർമാർ വരെ

ഐഎസ് : അറസ്റ്റിലായവർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുതൽ വെൽഡർമാർ വരെ

 • Last Updated :
 • Share this:
  ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കുവേണ്ടി ദേശീയ അന്വേഷണ ഏജന്‍സി ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും 17 ഇടങ്ങളിൽ നടത്തിയ റെയ്ഡുകളില്‍ പത്തുപേര്‍ അറസ്റ്റിലായിരുന്നു. ഐസിസുമായി ബന്ധമുള്ള പുതിയ ഗ്രൂപ്പായ 'ഹർക്കത്ത് ഉൽ ഹർബ് ഇ ഇസ്ലാം' ഉത്തരേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇവരുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്നുമാണ് NIA വ്യക്തമാക്കുന്നത്. വലിയ അളവിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും തോക്കുകളും തദ്ദേശീയമായി നിർമിച്ച റോക്കറ്റ് ലോഞ്ചറും അടക്കം പിടിച്ചെടുത്തു. 7.5 ലക്ഷംരൂപയും നൂറോളം മൊബൈൽ ഫോണുകളും 135 സിം കാർഡുകളും ലാപ്ടോപ്പുകളും മെമ്മറി കാർഡുകളും പിടിച്ചെടുത്തവയിൽപ്പെടുന്നു.

  ഇടത്തരം കുടുംബങ്ങളിൽപ്പെട്ട 20നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ് പിടിയിലായത്. ഒരു മൗലവിയുടെ സ്വാധീനഫലമായാണ് ഇവർ ഹർക്കത്ത് ഉൽ ഹർബ് ഇ ഇസ്ലാമിലേക്ക് ആകൃഷ്ടരായത്. അറസ്റ്റിലായ പത്തുപേർ ഇവരാണ്.

  1. മുഫ്തി മൊഹമ്മദ് സുഹൈൽ (ഹസ്റത്ത്) (29 വയസ്)- ഐഎസുമായി ബന്ധമുള്ള പുതിയ ഗ്രൂപ്പിന്റെ സ്ഥാപകൻ. ഹക്കിം മഹ്താബ് ഉദിൻ ഹാഷ്മി റോഡിലെ ഒരു മദ്രസയിലെ മുഫ്തിയാണ്. ഇപ്പോൾ വടക്ക് കിഴക്കൻ ഡൽഹിയിലെ ജാഫ്റാബാദിൽ താമസം. മൂന്നോ നാലോ മാസം മുൻപാണ് ഗ്രൂപ്പ് ആരംഭിച്ചത്. ഐസിസുമായി ബന്ധപ്പെട്ട ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ചാണ് ഇയാൾ അംഗങ്ങളെ ചേർത്തത്. സർക്യൂട്ട് ബോർഡ് ഉപയോഗിച്ച് ബോംബ് എങ്ങനെ നിർമിക്കാമെന്ന് സുഹൈൽ പറയുന്നതിന്റെ ദൃശ്യവും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കാനും റിമോട്ട് കൺട്രോൾ ബോംബുകളും പൈപ്പ് ബോംബുകളും നിർമിക്കാനും ഇയാൾ അംഗങ്ങളോട് നിർദേശിച്ചതായും പറയപ്പെടുന്നു.

  2. അനസ് യൂനുസ് (24)- ജാഫ്റാബാദ് സ്വദേശിയാണ്. നോയിഡയിലെ ഒരു സ്വകാര്യ സർവകലാശാലയിലെ സിവിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയാണ്. ബോംബുകൾ തയാറാക്കുന്നതിനായി ഇലക്ട്രിക്കൽ ഉപകരണങ്ങളും ക്ലോക്കുകളും ബാറ്ററികളും ശേഖരിച്ചത് അനസാണെന്ന് എൻഐഎ പറയുന്നു.

  3. റാഷിദ് സഫർ റാഖ് (സഫർ) (23)- ജാഫ്റാബാദ് സ്വദേശി. വസ്ത്രവ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന സഫർ ഈ ഗ്രൂപ്പിന്റെ ഭാഗമാണ്.

  4. സയീദ് (28)- സയിദാപൂർ സ്വദേശി. അംരോഹയിൽ ഒരു വെൽഡിംഗ് ഷോപ്പ് നടത്തുന്നു. ഇവിടെ വച്ച് പിസ്റ്റലുകളും റോക്കറ്റ് ലോഞ്ചറുകളും തയാറാക്കിയെന്നാണ് ആരോപണം.

  5. റായിസ് അഹ്മദ് (സയീദിന്റെ സഹോദരൻ)- അംറോഹയിലെ ഇസ്ലാംനഗറിൽ വെൽ‍ഡിംഗ് ഷോപ്പ് നടത്തുന്നു. ബോംബ് നിർമാണത്തിനായവശ്യമായ 25 കിലോ സ്ഫോടക വസ്തുക്കളും ഗൺ പൗഡറും സമാഹരിച്ചത് സഹോദരങ്ങൾ ചേർന്നാണ്. ആക്രമണം നടത്താനുള്ള റോക്കറ്റ് ലോഞ്ചർ നിർമിച്ചതിന് പിന്നിലും ഇവരാണ്.

  6. സുബൈർ മാലിക് (20)- ജാഫ്റാബാദ് സ്വദേശി. ഡൽഹിയിൽ മൂന്നാംവർഷ ബിഎ വിദ്യാർത്ഥി.

  7. സയിദ് (സുബൈറിന്റെ സഹോദരൻ) (22)- ബാറ്ററികളും കണ്ക്ടേഴ്സും സിംകാർഡുകളും (135 സിം കാർ‌ഡുകൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു) സംഘടിപ്പിച്ചത് ഈ സഹോദരങ്ങളാണ്. ബോംബ് നിർമാണത്തിനാവശ്യമായ പണം കണ്ടെത്തിയിരുന്നതും ഇവരാണ്. പണത്തിനായി കുടുംബത്തിലെ സ്വർണം മോഷ്ടിച്ചതായും കണ്ടെത്തി.

  8. സാഖിബ് ഇഫ്തേക്കർ (26)- ഹാപ്പൂർ സ്വദേശി. ബക്സറിലെ പള്ളിയിലെ ഇമാമാണ്. മൊഹമ്മദ് സുഹൈലിന് ആയുധങ്ങൾ ശേഖരിക്കുന്നതിന് സഹായിച്ചത് സാഖിബാണ്. 12 തോക്കുകളും 150 റൗണ്ട് വ‌െടിയുണ്ടകളും കത്തികളും വാളുകളും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

  9. മൊഹമ്മദ് ഇർഷാദ് (പ്രായം 20ൽ താഴെ)- അംരോഹ മൊഹല്ല ഖാസി സാദ സ്വദേശി. ഓട്ടോറിക്ഷാ ഡ്രൈവറാണ്. മുഹമ്മദ് സുഹൈൽ ശേഖരിച്ച ആയുധങ്ങളും ബോംബ് നിർമാണ സാമഗ്രികളും ഒളിപ്പിക്കാൻ സഹായിച്ചതാണ് ഇർഷാദാണ്. പൊട്ടാസ്യം നൈട്രേറ്റ്. അമോണിയം നൈട്രേറ്റ്, സൾഫർ, ഷുഗർ മെറ്റീരിയൽ പേസ്റ്റ്, 112 ക്ലോക്കുകൾ, മൊബൈൽ ഫോൺ സർക്യൂട്ടുകൾ, ബാറ്ററികൾ, 51 പൈപ്പുകൾ‌, റിമോട്ട് കൺട്രോൾ കളിപ്പാട്ടങ്ങൾ, വയർലെസ് ഡിജിറ്റൽ ഡോർ‌ബെൽ, സ്റ്റീൽ കണ്ടെയ്നറുകൾ, ഇലക്ട്രിക് വയറുകൾ എന്നിവ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

  10. മൊഹമ്മദ് അസം (35)- ഡൽഹി ചൗഹാൻ ബസാർ സ്വദേശി. സീലാംപൂരിൽ മെഡിക്കൽ ഷോപ്പ് നടത്തുന്നു. മൊഹമ്മദ് സുഹൈലിനെ ആയുധങ്ങൾ എത്തിക്കാൻ സഹായിച്ചു.

  First published: