MediaOne| 'രേഖകൾ മീഡിയ വണ്ണിന് കൈമാറാനാകില്ല; ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും': കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കൈമാറിയാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സംപ്രേഷണ വിലക്കിന്‍റെ കാരണം മീഡിയ വൺ (MediaOne) ചാനൽ മാനേജ്മെന്‍റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്രവാർത്താവിതരണ മന്ത്രാലയം. നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ (Supreme Court) സത്യവാങ്മൂലം നൽകി. ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്ണിന് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് ഇപ്പോഴും കേന്ദ്രം സത്യവാങ്മൂലത്തിൽ ആവർത്തിക്കുന്നു. ഇതിന്‍റെ കാരണങ്ങളും വിശദാംശങ്ങളും എതിർകക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മീഡിയ വണ്‍ ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവർത്തിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകള്‍ മീഡിയ വണ്ണിന് കൈമാറാനാകില്ല. കൈമാറിയാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഡയറക്ടര്‍ വൃന്ദ മനോഹര്‍ ദേശായിയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സുരക്ഷ ക്‌ളിയറന്‍സ് നിഷേധിക്കാനുള്ള കാരണം ചാനല്‍ ഉടമകളെ അറിയിക്കേണ്ടതില്ല. ഇത് സര്‍ക്കാരിന്റെയും, സര്‍ക്കാര്‍ സംവിധാനങ്ങളുടെയും താത്പര്യം കണക്കിലെടുത്തുള്ള നയമാണ്. എന്നാല്‍ മീഡിയ വണ്ണിന് സംപ്രേക്ഷണ അനുമതി നിഷേധിച്ചതായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിക്ക് മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ അവ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ലൈസന്‍സ് പുതുക്കി ലഭിക്കണമെന്നത് അവകാശമായി ചാനല്‍ ഉടമകള്‍ക്ക് പറയാന്‍ കഴിയില്ല. ചട്ടങ്ങളിലുള്ള കാര്യങ്ങള്‍ പാലിച്ചാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കഴിയൂ. സംപ്രേക്ഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മീഡിയ വണ്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ മറുപടി നൽകാൻ കേന്ദ്രം രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. ഒടുവിൽ വേനലവധിക്ക് ശേഷം അന്തിമവാദം നിശ്ചയിച്ചതിനെത്തുടർന്നാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ചാനലിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി മാർച്ച് 15 ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ദേശസുരക്ഷക്ക് വെല്ലുവിളിയാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളി സംപ്രേഷണം തല്‍ക്കാലത്തേക്ക് തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
advertisement
ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ചാനലാണെന്നും വിലക്കിന്‍റെ കാരണങ്ങള്‍ ഇനിയും ബോധ്യപ്പെട്ടിട്ടെല്ലെന്നും മീഡിയ വണ്ണിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ നയിക്കുന്ന ചാനലായതിനാലാണ് വിലക്കിയിരിക്കുന്നതെന്നും പ്രവര്‍ത്തനം തുടങ്ങിയാല്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ സ്റ്റേ റദ്ദു ചെയ്യരുതെന്നാവശ്യപ്പെട്ട കേന്ദ്രം വിശദമായ സത്യവാങ് മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു.
advertisement
സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ മീഡിയവണ്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയെന്നും മാപ്പ് പറയണമന്നും കേന്ദ്രത്തിന്‍റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സത്യവാങ് മൂലത്തിന് ഇനിയും സമയമാരായുന്നതെന്തിനെന്ന് ചോദിച്ച കോടതി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വിശദ വിവരങ്ങള്‍ ഇല്ലായിരുന്നെവെന്ന് ചൂണ്ടിക്കാട്ടി. മുദ്രവച്ച കവറില്‍ രേഖകള്‍ കൈമാറുന്ന രീതിയോട് തനിക്ക് വിയോജിപ്പാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. തുടര്‍ന്ന് ഇരുപത് മിനിട്ടോളം ഫയലുകള്‍ പരിശോധിച്ച് സംപ്രേഷണത്തിന് താല്‍ക്കാലികാനുമതി നല്‍കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 01, 2022 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
MediaOne| 'രേഖകൾ മീഡിയ വണ്ണിന് കൈമാറാനാകില്ല; ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും': കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ










