വിമാനത്തിനുള്ളിൽ പുകവലിച്ചതിന് മലയാളി യുവാവിനെതിരെ കേസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവ് വിമാനത്തിനുള്ളിൽ പുകവലിച്ചത്
വിമാനത്തിനുള്ളിൽ പുകവലിച്ചതിന് മലയാളിയായ യുവാവിനെതിരെ കേസെടുത്തു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റിലാണ് യുവാവ് പുകവലിച്ചത്. സംഭവത്തിൽ കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് (26) എതിരെയാണ് കേസെടുത്തത്. ഡിസംബർ 25ന് ഇൻഡിഗോയുടെ 6E-1402 വിമാനത്തിൽ അബുദാബിയിൽ നിന്നും മുംബൈയിലുള്ള യാത്രയ്ക്കിടെ പുലർച്ചെ മൂന്നു മണിയോടെയാണ് യുവാവ് ടോയ്‌ലറ്റിലേക്ക് പോയി പുക വലിച്ചത്.
ടോയ്ലെറ്റിൽ പോയി അല്പസമയത്തിനകം യുവാവ് തിരിച്ചുവന്നപ്പോൾ വിമാനത്തിലെ ജീവനക്കാർക്ക് സിഗരറ്റിന്റെ ഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ഇവർ ടൊയ്ലെറ്റിലെത്തി പരിശോധിച്ചപ്പോൾ സിഗരറ്റിന്റെ കുറ്റി കണ്ടെത്തുകയായിരുന്നു. മുഹമ്മദിനോട് ഇക്കാര്യം തിരക്കിയപ്പോൾ പുകവലിച്ചതായി ഇയാൾ സമ്മതിക്കുകയും ചെയ്തു. വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് മുഹമ്മദ് ജീവനക്കാരോട് പറഞ്ഞത്. കൈയിലുണ്ടായിരുന്ന 6 പാക്കറ്റ് സിഗരറ്റും മുഹമ്മദ് ജീവനക്കാരുടെ ആവശ്യപ്രകാരം ഇവരെ ഏൽപ്പിച്ചു.
വിമാനത്തിലെ ജീവനക്കാർ സംഭവം പൈലറ്റിനെ അറിയിക്കുകയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ യുവാവിനെ സെക്യൂരിറ്റി വിഭാഗത്തിന് കൈമാറുകയും ചെയ്തു. തുടർന്ന് മുതിർന്ന സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ മുഹമ്മദിനെതിരെ സഹർ പൊലീസിൽ പരാതി നൽകുകയായിരുന്നു . പുകവലിച്ചതിന് എയർക്രാഫ്റ്റ് ആക്ട് സെക്ഷൻ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിൽ ആക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഭാരതീയ ന്യായ സംഹിത 125 പ്രകാരവും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. നോട്ടീസ് നൽകിയ ശേഷം മുഹമ്മദിനെ വിട്ടയച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 28, 2024 2:58 PM IST