തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ കുറ്റപത്രം; ഉപയോഗിച്ചത് കൃത്രിമ നെയ്യ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ച നെയ്യിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ കുറ്റപത്രം. 2019-നും 2024-നും ഇടയിൽ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമ്മിക്കുന്നതിനായി വിതരണം ചെയ്ത നെയ്യിൽ പോത്തിറച്ചിയുടെ കൊഴുപ്പോ പന്നിക്കൊഴുപ്പോ ഉപയോഗിച്ചിട്ടില്ലെന്നാണ് സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ജനുവരി 23-ന് നെല്ലൂരിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
2024-ൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്നിട്ടുണ്ടെന്ന് ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്ന് സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക സിബിഐ സംഘമാണ് കേസ് അന്വേഷിച്ചത്.
അതേസമയം, ലഡു നിർമ്മാണത്തിന് ഉപയോഗിച്ച നെയ്യിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്.ശുദ്ധമായ പശുവിൻ നെയ്യുടെ രൂപവും ഗുണവും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ സസ്യ എണ്ണകളും കെമിക്കൽ എസ്റ്ററുകളുമാണ് ഉപയോഗിച്ചതിലൂടെ സാധാരണ ഗുണനിലവാര പരിശോധനകളെ മറികടക്കാൻ ഇവർക്ക് സാധിച്ചു. ഉത്തരാഖണ്ഡിലെ ഭഗവാൻപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഭോലെ ബാബ ഓർഗാനിക് ഡയറി' എന്ന സ്ഥാപനമാണ് പ്രധാനമായും ഇത്തരം നെയ്യ് വിതരണം ചെയ്തതെന്ന് സിബിഐ കണ്ടെത്തി. ഈ സ്ഥാപനത്തിന് സ്വന്തമായി പാൽ ശേഖരണമോ വെണ്ണ നിർമ്മാണ യൂണിറ്റുകളോ ഇല്ലായിരുന്നുവെന്നും കേവലം ഒരു കടലാസ് കമ്പനിയായാണ് ഇത് പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ സ്ഥാപനം ഏകദേശം 68 കിലോഗ്രാം സിന്തറ്റിക് നെയ്യ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നൽകിയിട്ടുണ്ട്. ഏകദേശം 250 കോടി രൂപയുടെ നെയ്യ് വിതരണത്തിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നത്.
advertisement
കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നുള്ള പാം ഓയിൽ, പാം കേർണൽ ഓയിൽ എന്നിവ ചേർത്താണ് ഈ നെയ്യ് നിർമ്മിച്ചത്. നെയ്യുടെ ശുദ്ധി അളക്കുന്ന 'റീച്ചർട്ട്-മീസൽ' (RM value) പരിശോധനയിൽ കൃത്രിമം കാണിക്കാനായി അസറ്റിക് ആസിഡ് എസ്റ്ററുകൾ ചേർക്കുകയും, പശുവിൻ നെയ്യുടെ നിറം ലഭിക്കാൻ ബീറ്റാ കരോട്ടിൻ ഉപയോഗിക്കുകയും ചെയ്തു. കൂടാതെ നെയ്യുടെ മണവും തരിതരിപ്പും ലഭിക്കാൻ സിന്തറ്റിക് ഫ്ലേവറുകളും ചേർത്തു. മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം യഥാർത്ഥത്തിൽ സസ്യ എണ്ണകളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം മൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
advertisement
ഗൂഢാലോചനയിൽ പങ്കാളികളായ 36 പേരെ സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട വിതരണക്കാർക്ക് ടെൻഡർ അനുവദിച്ച മുൻ ടിടിഡി ജനറൽ മാനേജർ സുബ്രഹ്മണ്യം, വ്യാജ പരിശോധനാ റിപ്പോർട്ട് നൽകിയ ഡയറി കൺസൾട്ടന്റ് വിജയ ഭാസ്കർ റെഡ്ഡി, ഭോലെ ബാബ ഡയറി ഉടമകളായ പോമിൽ, വിപിൻ ജെയിൻ എന്നിവരും പ്രതികളിൽ ഉൾപ്പെടുന്നു.
സിബിഐ കണ്ടെത്തലുകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പവൻ കല്യാണും ഭക്തരോട് മാപ്പുപറയണമെന്ന് വൈഎസ്ആർ കോൺഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനായി പവിത്രമായ ഒരു ആരാധനാലയത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കള്ളപ്രചാരണം നടത്തുകയായിരുന്നു ഭരണപക്ഷമെന്ന് വൈഎസ്ആർസിപി നേതാവ് വൈ.വി. സുബ്ബറെഡ്ഡി കുറ്റപ്പെടുത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Telangana
First Published :
Jan 30, 2026 7:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സിബിഐ കുറ്റപത്രം; ഉപയോഗിച്ചത് കൃത്രിമ നെയ്യ്










