ചെന്നൈ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ; ഏപ്രിൽ 20 ന് രാജ്യാന്തര സർവീസ് ട്രയൽ റൺ
- Published by:Sarika KP
- news18-malayalam
Last Updated:
ഏപ്രിൽ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തത്.
ചെന്നൈ എയർപോർട്ടിന്റെ പുതിയ ടെർമിനലിൽ ഏപ്രിൽ 20 ന് രാജ്യാന്തര സർവീസ് ട്രയൽ റൺ നടത്തുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). പുതിയ ടെർമിനലിൽ യുഎസ്-ബംഗ്ലാ രാജ്യാന്തര വിമാനം പരീക്ഷണപ്പറക്കൽ നടത്തുമെന്നാണ് എഎഐ അറിയിച്ചിട്ടുള്ളത്
”എല്ലാം പുതിയതായതിനാൽ എല്ലാ സിസ്റ്റങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഒരു പരീക്ഷണമായിരിക്കും ഇത്. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യം നേരിടുന്നുണ്ടോ എന്ന് കണ്ടെത്താനും ഇത് ഞങ്ങളെ സഹായിക്കും”, എയർപോർട്ട് ഡയറക്ടർ ശരത് കുമാർ ന്യൂസ് 18 നോട് പറഞ്ഞു. പുതിയ ടെർമിനലിന്റെ പ്രവർത്തനം മികച്ചതാക്കാൻ ട്രയൽ റണ്ണിനു ശേഷം ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിക്കപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തത്. 1,36,295 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് ടെർമിനൽ. പ്രതിവർഷം 23 ദശലക്ഷമാണ് ഇപ്പോൾ ഇവിടെയെത്തുന്ന യാത്രക്കാരുടെ എണ്ണം. ഇത് 30 ദശലക്ഷമായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
പുരാതന തമിഴ് സംസ്കാരം വിളിച്ചോതുന്നതാണ് പുതിയ ടെർമിനൽ. ഈ ടെർമിനൽ ബിൽഡിംഗ് 1,260 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അതിന്റെ പ്രവർത്തനങ്ങൾ സാവധാനം പുതിയ ടെർമിനലിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് കാലിബ്രേറ്റഡ് സംവിധാനം വഴി വിമാനങ്ങൾ മാറ്റുമെന്നും എയർപോർട്ട് ഡയറക്ടർ ശരത് കുമാർ പറഞ്ഞു. ആദ്യം കുറച്ച് വിമാനങ്ങൾ മാറ്റുകയും തുടർന്ന് പ്രവർത്തനങ്ങൾ എത്രത്തോളം സുഗമമാണെന്ന് പരിശോധിക്കുകയും ചെയ്യും. അതിനുശേഷം കൂടുതൽ വിമാനങ്ങൾ മാറ്റും. ഇതിലൂടെ യാത്രക്കാർക്ക് നേരിടേണ്ടിവരുന്ന അസൗകര്യങ്ങൾ കുറയും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
advertisement
പുതിയ ടെർമിനലിൽ വിമാനങ്ങളെയും യാത്രക്കാരെയും ബാഗേജുകളും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ചെന്നൈ എയർപോർട്ട് അധികൃതർ കസ്റ്റംസ്, എയർലൈൻസ് ഇമിഗ്രേഷൻ, സിഐഎസ്എഫ്, മറ്റ് ഏജൻസികൾ എന്നിവരുമായി ചർച്ച നടത്തി. എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാൽ, നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റും എന്നാണ് റിപ്പോർട്ടുകൾ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
April 15, 2023 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചെന്നൈ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ; ഏപ്രിൽ 20 ന് രാജ്യാന്തര സർവീസ് ട്രയൽ റൺ