തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ ലാലു യാദവിന്റെ കുടുംബത്തില്‍ കലഹം രൂക്ഷം; മൂന്ന് പെണ്‍മക്കള്‍ കൂടി വീട് വിട്ടു
- Published by:Sneha Reghu
- news18-malayalam
Last Updated:
വ്യക്തിപരമായ പ്രശ്‌നങ്ങളും രാഷ്ട്രീയ ജീവിതവും ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മുമ്പും ലാലു കുടുംബത്തില്‍ ഉണ്ടായിട്ടുണ്ട്
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തില്‍ പൊട്ടിത്തെറി. ബീഹാറിലെ പ്രബല പാര്‍ട്ടിയായിരുന്ന ആര്‍ജെഡിയുടെ തകര്‍ച്ച കുടുംബത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ വഷളാക്കി. ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ കുടുംബത്തെ തള്ളികളയുന്നതായി പ്രഖ്യാപിച്ചു. ഇവര്‍ക്ക് പിന്നാലെ നാല് പെണ്‍മക്കള്‍ കൂടി പാറ്റ്നയിലെ കുടുംബ വീട് വിട്ടു. ഇതോടെ ബീഹാര്‍ രാഷ്ട്രീയത്തിലെ തകര്‍ച്ച സ്ഥാപക നേതാവിന്റെ കുടുംബ പ്രതിസന്ധിയായി മാറി.
കുടുംബ തകര്‍ച്ചയ്ക്ക് കാരണമായതെന്ത്?
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് രോഹിണി ആചാര്യ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും കുടുംബത്തില്‍ നിന്ന് സ്വയം അകന്നു നില്‍ക്കുന്നുവെന്നും പ്രഖ്യാപിച്ചത്. ഇതോടെയാണ് കുടുംബത്തില്‍ കലഹം തുടങ്ങിയത്. കുടുംബത്തെ തള്ളികളയുകയാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു.
സിംഗപ്പൂരില്‍ താമസിച്ചിരുന്ന രോഹിണി ഒരു ഡോക്ടറാണ്. 2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക രോഹിണി ദാനം ചെയ്തിരുന്നു. ഇതോടെ അവര്‍ വളരെയധികം ബഹുമാനിക്കപ്പെട്ടു. ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയല്ലെങ്കിലും പാര്‍ട്ടിയിലെ പ്രമുഖയും ഭാവുകത്വമുള്ള വ്യക്തിയുമായി രോഹിണി തുടര്‍ന്നു.
advertisement
തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ രോഹിണി രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. സഹോദരന്‍ തേജസ്വി യാദവിന്റെ അടുത്ത രണ്ട് അനുയായികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് രോഹിണി ആചാര്യ രാഷ്ട്രീയവും വീടും വിട്ടത്.
ആര്‍ജെഡിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് യാദവ്, ദീര്‍ഘകാല സഹപ്രവര്‍ത്തകനായ റമീസ് എന്നിവര്‍ക്കെതിരെയാണ് രോഹിണി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവരുമായുള്ള വാക്കുതര്‍ക്കത്തിനിടെ കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നുവെന്നും അപമാനിക്കപ്പെട്ടുവെന്നും അവര്‍ തന്നെ ചെരിപ്പുയര്‍ത്തി അടിക്കാന്‍ ശ്രമിച്ചുവെന്നും രോഹിണി വികാരപരമായ പോസ്റ്റുകളില്‍ ആരോപിച്ചു.
advertisement
ഇക്കാരണത്താല്‍ വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതയായെന്നും അവര്‍ തന്നെ അനാഥയാക്കിയെന്നും രോഹിണി പറഞ്ഞു. സഞ്ജയ് യാദവും റമീസും തന്നോട് പോകാന്‍ ആവശ്യപ്പെട്ടെന്നും എല്ലാ കുറ്റവും താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി എക്‌സില്‍ കുറിച്ചു. എന്നാല്‍ സഞ്ജയ് യാദവും റമീസും ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
രോഹിണി വീട് വിട്ടിറങ്ങി തൊട്ടടുത്ത ദിവസം സഹോദരിമാരായ രാഗിണി, രാജലക്ഷ്മി, ചന്ദ എന്നിവരും പാറ്റ്‌നയിലെ വസതിയില്‍ നിന്നും ഇറങ്ങി കുട്ടികളോടൊപ്പം ഡല്‍ഹിയിലേക്ക് പോയി. ലാലുവിന്റെ നാലാമത്തെ മകള്‍ ഹേമ യാദവിനെയും ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
advertisement
തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളില്‍ വിരുദ്ധമായ നിലപാടുകളാണ് രോഹിണി സ്വീകരിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ നേതാക്കളെയും കുടുംബാംഗങ്ങളെയും അവര്‍ അണ്‍ഫോളോ ചെയ്തു. തന്നെ കുറിച്ച് ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അവർ ആരോപിച്ചു.
ലാലു പ്രസാദിന് വൃക്ക ദാനം ചെയ്തത് തിരഞ്ഞെടുപ്പില്‍ സീറ്റിനും പണത്തിനും പകരമായാണെന്ന ആരോപണം അവര്‍ തള്ളുകയും വിമര്‍ശകരോട് ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ തേജസ്വിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും അദ്ദേഹത്തെ പ്രശംസിച്ച് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. കുടുംബത്തെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്നതുവരെ രോഹിണി പാര്‍ട്ടിയോട് യോജിച്ച് നില്‍ക്കുന്നതായി കാണപ്പെട്ടു.
advertisement
തേജ് പ്രതാപ് യാദവിന്റെ നിലപാട്
ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവുമായുള്ള മുന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടതാണ് കുടുംബത്തിലുണ്ടായ ഈ പ്രതിസന്ധിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ ഒരു ബന്ധത്തില്‍ ആണെന്ന് അവകാശപ്പെട്ട് തേജ് പ്രതാവ് ഈ വര്‍ഷം മേയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതോടെ അദ്ദേഹത്തെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കി.
പിന്നീട് അദ്ദേഹം ജനശക്തി ജനതാദള്‍ എന്ന കക്ഷിയുണ്ടാക്കുകയും മഹുവ നിയമസഭാ സീറ്റില്‍ മത്സരിക്കുകയും ചെയ്തു. അവിടെ അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി. എന്നാൽ തേജ് പ്രതാപിന്റെ പുറത്താക്കല്‍ വീട്ടില്‍ ഇതിനോടകം തന്നെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തേജ് പ്രതാപിനോടുള്ള കുടുംബത്തിന്റെ പെരുമാറ്റത്തില്‍ രോഹിണി മാനസികമായി അസ്വസ്ഥയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
advertisement
പാറ്റ്‌നയിലെ വീട് വിട്ടിറങ്ങിയ രോഹിണിയെ തേജ് പ്രതാപ് പരസ്യമായി പിന്തുണച്ചു. തന്റെ സഹോദരിക്ക് നേരിട്ട അപമാനം തികച്ചും അസഹനീയമാണെന്നും തനിക്ക് സംഭവിച്ചത് താന്‍ സഹിച്ചുവെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു. ഈ സംഭവം വല്ലാതെ ഞെട്ടിച്ചുവെന്നും കുടുംബങ്ങളെ ആക്രമിക്കുന്നവരോട് ബീഹാറിലെ ജനങ്ങള്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹോദരിക്കു നേരെ ചെരുപ്പുയര്‍ത്തി എന്ന് കേട്ടപ്പോഴെ തന്റെ ഹൃദയത്തിലേറ്റ മുറിവ് തീയായി മാറിയെന്നും അദ്ദേഹം മുന്നറിയിപ്പായി പോസ്റ്റില്‍ കുറിച്ചു. "അച്ഛാ ഒരു സൂചന മാത്രം നല്‍കൂ, നിങ്ങളുടെ ഒരു ആംഗ്യം മതി. ബീഹാറിലെ ജനങ്ങള്‍ തന്ന ഈ രാജ്യദ്രോഹികളെ മണ്ണില്‍ കുഴിച്ചുമൂടും", അദ്ദേഹം എഴുതി.
advertisement
അമ്മാവന്‍ സാധു യാദവും രോഹിണിയെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.
രോഹിണിയുടെ രാഷ്ട്രീയ യാത്ര
കുടുംബത്തിലും രാഷ്ട്രീയത്തിലും രോഹിണിയുടെ സ്ഥാനം സമീപ വര്‍ഷങ്ങളിലായി ശക്തമായി കാണപ്പെട്ടു. ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്തതോടെ അവര്‍ വളരെയധികം ആദരിക്കപ്പെട്ടു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സരണ്‍ മണ്ഡലത്തില്‍ രോഹിണി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു.
ആര്‍ജെഡിയുടെ സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ രോഹിണിയുടെ പങ്ക് നിര്‍ണായകമായിരുന്നില്ലെങ്കിവും അവരുടെ വ്യക്തിപരമായ പോസ്റ്റുകള്‍, വൈകാരിക അഭ്യര്‍ത്ഥനകള്‍ സോഷ്യല്‍ മീഡിയയിലെ തുറന്ന സന്ദേശങ്ങള്‍ എന്നിവ അവരെ പലപ്പോഴും പാര്‍ട്ടിയുടെ പ്രധാന വ്യക്തിത്വമായി ഉയര്‍ത്തി.
കുടുംബാംഗങ്ങളെയും രാഷ്ട്രീയ നേതാക്കളെയും പിന്തുടരുന്നത് ഒഴിവാക്കുക, ചില ആളുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിക്കുക, വൃക്ക ദാനത്തെ പ്രതിരോധിക്കുക തുടങ്ങിയ അവരുടെ മുന്‍കാല സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം അവര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തേജസ്വിക്ക് വേണ്ടി അവര്‍ നടത്തിയ സജീവമായ പ്രചാരണവും അദ്ദേഹത്തെക്കുറിച്ചുള്ള പോസിറ്റീവ് പോസ്റ്റുകളും പലരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
കുടുംബവും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
വ്യക്തിപരമായ പ്രശ്‌നങ്ങളും രാഷ്ട്രീയ ജീവിതവും ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മുമ്പും ലാലു കുടുംബത്തില്‍ ഉണ്ടായിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് അഴിമതി ആരോപണം നേരിട്ടപ്പോള്‍ ഭാര്യയായ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി കുടുംബ നേതൃത്വത്തെ നേരിട്ട് പാര്‍ട്ടി ഭരണത്തില്‍ ഉള്‍പ്പെടുത്തി.
അവരുടെ ഭരണത്തിനുകീഴില്‍ ലാലുവിന്റെ ഭാര്യാസഹോദരന്മാരായ സുഭാഷ് യാദവും സാധു യാദവും ആര്‍ജെഡിയുടെ രാഷ്ട്രീയത്തില്‍ ഇടപ്പെടാന്‍ തുടങ്ങി.
തേജ് പ്രതാപും ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹമാണ് പൊതുജനശ്രദ്ധ നേടിയ മറ്റൊന്ന്. അവര്‍ക്കിടയിലെ തര്‍ക്കങ്ങളും നിയമനടപടികളും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ഒരു വഴക്കിനെ തുടര്‍ന്ന് ഐശ്വര്യയെ വീട്ടില്‍ നിന്ന് പുറത്താക്കി. ലാലു മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ചന്ദ്രിക റായിയുടെയും മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെയും ചെറുമകളാണ് ഐശ്വര്യ. ഇവരുമായുള്ള വഴക്ക് രാഷ്ട്രീയപരമായി വിശാലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടെന്ന സൂചന നല്‍കി.
സമീപ വര്‍ഷങ്ങളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടമാണ് ആര്‍ജെഡി ഇപ്പോൾ നേരിടുന്നത്. നിയമസഭയില്‍ 75 സീറ്റുകളില്‍ നിന്ന് 25-ലേക്ക് ചുരുങ്ങി. മഹാസഖ്യത്തിന് 35 സീറ്റ് മാത്രമാണ് നേടാനായത്. ഇത് പാര്‍ട്ടിയുടെ തന്ത്രത്തെയും നേതൃത്വത്തെയും കുറിച്ച് ഇതിനകം തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്‍ഡിഎ സഖ്യം 202 സീറ്റ് നേടിയെടുത്ത് ബിജെപി ബീഹാറിലെ ഏറ്റവും വലിയ പാര്‍ട്ടി ആയി മാറിയത് ആര്‍ജെഡി നേരിട്ട തിരിച്ചടിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
രോഹിണിയുടെ ആരോപണവും തേജ് പ്രതാപിന്റെ നിലപാടുമെല്ലാം കാണിക്കുന്നത് ലാലു കുടുംബം അതിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ നിമിഷങ്ങളിലൊന്നിലൂടെ കടന്നുപോകുന്നു എന്നതാണ്. തേജസ്വി യാദവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് വന്നിരിക്കുന്നത്. ഇതും വിശാലമായ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറന്നിടുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
November 17, 2025 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ ലാലു യാദവിന്റെ കുടുംബത്തില്‍ കലഹം രൂക്ഷം; മൂന്ന് പെണ്‍മക്കള്‍ കൂടി വീട് വിട്ടു


