ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും: മരണസംഖ്യ 46 ആയി; ഇരുന്നൂറിലേറെപേരെ കാണാതായതായി റിപ്പോര്‍ട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
ഇരുന്നൂറിലേറെപ്പേരെ കാണാതായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും സുരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്
ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 46 ആയി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുന്നൂറിലേറെപ്പേരെ കാണാതായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും സുരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചോസിതിയിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. വ്യാഴാഴ്ച ഉച്ചക്ക് 12നും ഒരു മണിക്കും ഇടയിലാണ് സംഭവം. കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്‌ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. മരിച്ചവരിൽ ഏറെയും തീർത്ഥാടകരാണ് എന്നാണ് വിവരം. രണ്ട് സിഐഎസ്എഫ് ജവാന്മാർ മരിച്ചതായി സ്ഥിരീകരിച്ചു. പ്രളയത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
കിഷ്ത്വാർ പട്ടണത്തിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയുള്ള ചോസിതിയിൽ മേഘവിസ്ഫോടനം ഉണ്ടായപ്പോൾ ധാരാളം ഭക്തർ തടിച്ചുകൂടിയിരുന്നു. തീർത്ഥാടകർക്കായി സജ്ജീകരിച്ച ഒരു കമ്മ്യൂണിറ്റി കിച്ചൺ ഇവിടെ പ്രവർത്തിച്ചിരുന്നു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ കടകളും ഒരു സുരക്ഷാ പോസ്റ്റും ഒലിച്ചുപോയി. കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ ശർമയും സീനിയർ പൊലീസ് സൂപ്രണ്ടും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉടൻ സ്ഥലത്തെത്തി.
advertisement
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്), പൊലീസ്, സൈന്യം, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെടെ ഒന്നിലധികം ഏജൻസികൾ വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജമ്മുവിൽ നിന്നും ഉദംപൂരിൽ നിന്നും രണ്ട് എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വെള്ളിയാഴ്ച നടത്താനിരുന്ന സ്വാതന്ത്ര്യദിന ചായ സൽക്കാരവും സാംസ്കാരിക പരിപാടികളും റദ്ദാക്കിയതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രഖ്യാപിച്ചു. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ പതാക ഉയർത്തലും മാർച്ച് പാസ്റ്റും ഉൾപ്പെടെയുള്ള ഔപചാരിക നടപടികൾ ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് കേന്ദ്രസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. "ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും ബാധിച്ച എല്ലാവർക്കുമൊപ്പം എന്റെ ചിന്തകളും പ്രാർത്ഥനകളും ഉണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ആവശ്യമുള്ളവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകും," പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Summary: A massive cloudburst struck Chositi village in the remote Kishtwar district of Jammu and Kashmir on Thursday afternoon, killing at least 46 people, including two CISF personnel, officials confirmed.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu,Jammu,Jammu and Kashmir
First Published :
August 15, 2025 7:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും: മരണസംഖ്യ 46 ആയി; ഇരുന്നൂറിലേറെപേരെ കാണാതായതായി റിപ്പോര്‍ട്ട്